
കോട്ടയം ∙ ഹൈക്കോടതി ഒരു മാസം അനുവദിച്ചിട്ടും തിരുനക്കരയിലെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ ഒന്നും സംഭവിച്ചില്ല. പഴയ ബസ് സ്റ്റാൻഡ് മൈതാനത്തെ വ്യാപാരികൾ ഫയൽ ചെയ്ത കേസ് ഇന്നു വീണ്ടും കോടതി പരിഗണിക്കും.
തിരുനക്കരയിൽ പുതിയ ഷോപ്പിങ് കോംപ്ലക്സ് പണിയുന്നതിനാണ് പഴയ കെട്ടിട സമുച്ചയം നഗരസഭ പൊളിച്ചത്.
കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച വ്യാപാരികൾക്ക് താൽക്കാലിക കടമുറികൾ ക്രമീകരിക്കുമെന്നു നഗരസഭ പറഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്തില്ല. തുടർന്നു വ്യാപാരികളിൽ ചിലർ കോടതിയെ സമീപിക്കുകയായിരുന്നു.
വ്യാപാരികളെ ഒരു മാസത്തിനകം പുനരധിവസിപ്പിക്കണമെന്നു കഴിഞ്ഞ മാസം 17 നാണ് കോടതി ഉത്തരവിട്ടത്.
വ്യാപാരികൾ കോടതിയെ സമീപിക്കാൻ കാരണം
സ്റ്റാൻഡിൽ താൽക്കാലിക കടമുറികൾ നിർമിക്കാൻ നഗരസഭ നേരത്തെ തീരുമാനിച്ചിരുന്നു. കെട്ടിടം പൊളിക്കുന്നതിനു മുൻപ് ചേർന്ന കൗൺസിൽ യോഗത്തിൽ ഇതിന് അനുമതിയും ലഭിച്ചു.
കെട്ടിടം പൊളിച്ചശേഷം തീരുമാനം നടപ്പാക്കിയില്ല. തുടർന്നാണ് വ്യാപാരികൾ കോടതിയെ സമീപിച്ചത്.
വ്യാപാരികളുടെ ചെലവിൽ താൽക്കാലിക ഷെഡ് നിർമിക്കാനും പുതിയ കെട്ടിടം പണിയുമ്പോൾ വ്യാപാരികൾ സ്വന്തം ചെലവിൽ ഷെഡ് പൊളിക്കണമെന്നുമായിരുന്നു കോടതിയുടെ അനുമതി.
കോടതി ഉത്തരവിനു ശേഷം സംഭവിച്ചത്
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യാപാരികളും മർച്ചന്റ്സ് അസോസിയേഷനും നഗരസഭ സെക്രട്ടറിക്കു കത്തു നൽകി. സ്റ്റാൻഡിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന താൽക്കാലിക ഷെഡ്ഡിന്റെ പ്ലാനും കൈമാറി. 3 മീറ്റർ വീതിയിലും 3 മീറ്റർ നീളത്തിലും ഇരുമ്പ് ഷീറ്റിട്ട
കടമുറികളാണ് വ്യാപാരികൾ നിർദേശിച്ചത്. കൗൺസിൽ യോഗത്തിന്റെ അനുമതി വേണമെന്നായിരുന്നു നഗരസഭാ സെക്രട്ടറിയുടെ മറുപടി. അതിനു ശേഷം പലതവണ കൗൺസിൽ യോഗം ചേർന്നെങ്കിലും അജൻഡയിൽ വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. കൗൺസിൽ യോഗം കൈകാര്യം ചെയ്യുന്ന സെക്ഷനിൽ വിവരം നൽകിയിട്ടുണ്ടെന്നും ക്രമം അനുസരിച്ച് അജൻഡയിൽ വരുമെന്നുമാണ് വ്യാപാരികൾക്ക് പിന്നീടു ലഭിച്ച മറുപടി.
2022 ഓഗസ്റ്റ് 3നാണ് കെട്ടിടത്തിലെ 52 കടകൾ ഒഴിപ്പിച്ചത്. സെപ്റ്റംബർ 14നാണു കെട്ടിടം പൊളിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]