
മുള്ളേരിയ∙ ഓട്ടത്തിനിടെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് അക്കേഷ്യ മരം കടപുഴകി വീണു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സാരമായി പരുക്കേറ്റ ആദൂർ സിഎ നഗർ സ്വദേശിയും മുള്ളേരിയയിലെ ഹോട്ടൽ ജീവനക്കാരനുമായ അബ്ദുല്ലക്കുഞ്ഞി(67)യെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.45 ന് ചെർക്കള– ജാൽസൂർ സംസ്ഥാനാന്തര പാതയിൽ മുള്ളേരിയയ്ക്കടുത്ത് ആലന്തടുക്കയിലാണ് അപകടം.
വീട്ടിൽ നിന്ന് സ്വന്തം ഓട്ടോറിക്ഷ ഓടിച്ച് ഹോട്ടലിലേക്ക് പോവുകയായിരുന്നു അബ്ദുല്ലക്കുഞ്ഞി. ശക്തമായ മഴയുണ്ടായിരുന്നു. അതിനിടെ റോഡരികിൽ നിന്ന് കൂറ്റൻ അക്കേഷ്യ മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു.അപകടത്തിൽ അബ്ദുല്ലക്കുഞ്ഞിയുടെ ഒരു ചെറുവിരൽ അറ്റു.
തലയ്ക്കും ചുമലിനും ചെറിയ പരുക്കുകളുണ്ട്.
ഓട്ടോറിക്ഷ പൂർണമായും തകർന്നു. നാട്ടുകാരും കാസർകോട് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ആദൂർ പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
2019 സെപ്റ്റംബർ മാസത്തിൽ ഇതുപോലൊരു മഴക്കാലത്ത് കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണ് ആദൂർ സ്വദേശിയായ ഒരാൾ മരിച്ചിരുന്നു. പരുക്കേറ്റ സഹയാത്രികൻ ഇപ്പോഴും കിടപ്പിലാണ്.
ഉത്തരവാദി ആര്?
ദിവസവും നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ഈ സംസ്ഥാനാന്തര പാതയിൽ ചെർക്കള മുതൽ ആദൂർ വരെ പലയിടത്തും അക്കേഷ്യ മരങ്ങൾ റോഡിലേക്കു ചാഞ്ഞ് ഏതുസമയത്തും വീഴാവുന്ന നിലയിലാണ്.
ഈ മഴക്കാലത്ത് പലസ്ഥലത്തും ഇങ്ങനെ മരം വീണെങ്കിലും തലനാരിഴ വ്യത്യാസത്തിൽ അപകടം ഒഴിവാകുകയായിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം ഇവ മുറിച്ചുമാറ്റാൻ അധികൃതർ തയാറാകാത്തത് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. 2019ലെ അപകടത്തെ തുടർന്ന് അന്നത്തെ കലക്ടർ ഇടപെട്ട് കുറച്ച് മരങ്ങൾ മുറിച്ചെങ്കിലും ഇപ്പോൾ അതിനേക്കാൾ രൂക്ഷമാണ് സാഹചര്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]