സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചെറുപ്പകാലം മുതൽ കോൺഗ്രസിന്റെ അതിപ്രധാനിയായി ഉമ്മൻചാണ്ടി മാറി. 1970 ലെ നിയമസഭയിൽ ഒരുകൂട്ടം ചെറുപ്പക്കാർ ഉണ്ടായിരുന്നു. പാർലമെന്ററി പ്രവർത്തനത്തിലെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്കാണ്. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു.
ഒന്നിച്ചാണ് തങ്ങൾ സഭയിൽ എത്തിയത്. വിവിധ വകുപ്പുകൾ ഉമ്മൻചാണ്ടി നല്ല രീതിയിൽ കൈകാര്യം ചെയ്തു. മികച്ച ഭരണാധികാരി എന്ന് തെളിയിച്ചു. പാർട്ടിയെ എല്ലാ രീതിയിലും ശക്തിപ്പെടുത്താൻ അങ്ങേയറ്റം പ്രാധാന്യം നൽകിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
യുഡിഎഫ് മുന്നണിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻചാണ്ടി മാറി. ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നു. രോഗത്തിന് മുന്നിൽ ഒരു ഘട്ടത്തിലും തളരാതെ നിന്നു. രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും രോഗത്തിന് മുന്നിൽ തളർന്നില്ല.
തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം നടപ്പാക്കണം എന്ന വാശി ആയിരുന്നു അദ്ദേഹത്തിന്. അതികഠിനമായ രോഗാവസ്ഥയിൽ പോലും കേരളത്തിൽ ഓടിയെത്തുന്ന ഉമ്മൻചാണ്ടിയെ ആണ് കാണാൻ കഴിഞ്ഞത്. അതായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം നികത്താൻ കഴിയാത്ത നഷ്ടമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഇത്രയും തരംതാഴ്ന്ന രീതിയിൽ രാഷ്ട്രീയമായി വേട്ടയാടിയ മറ്റൊരു നേതാവില്ലെന്ന് ചടങ്ങിൽ അധ്യക്ഷനായ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ”എതിരാളികൾക്കെതിരെ അദ്ദേഹം മോശമായി പെരുമാറിയിട്ടില്ല. ആക്രമിച്ചവരെ പോലും പിന്നീട് ആശ്ലേഷിച്ചു.
വെറുപ്പിന്റെ പ്രചാരകരെ സ്നേഹം കൊണ്ട് നേരിട്ടു. അദ്ദേഹത്തിന്റെ സമ്പത്ത് ജനങ്ങളുടെ സ്നേഹം മാത്രമായിരുന്നു. വെട്ടിപിടിക്കുന്നതിനേക്കാൾ വിട്ടുകൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തിയ നേതാവായിരുന്നു. 20 മണിക്കൂർ വരെ ജോലി ചെയ്തു. 1820 മണിക്കൂർ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തത് ജനങ്ങളുടെ വിഷമങ്ങൾ കേട്ടു.
കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം അടക്കമുള്ള വലിയ പദ്ധതികൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലെ സത്യം നേരത്തെ അറിയാമായിരുന്നെങ്കിലും വൈകിയാണെങ്കിലും സത്യം കാർമേഘപടലങ്ങൾ നീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ പാർട്ടി പ്രവർത്തകർക്ക് കഴിയണം” കെ.സുധാകരൻ പറഞ്ഞു.
The post കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകൻ: ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസിന്റെ തീരാനഷ്ടമെന്ന് മുഖ്യമന്ത്രി ; ഇത്രയും തരംതാഴ്ന്ന രീതിയിൽ രാഷ്ട്രീയമായി വേട്ടയാടിയ മറ്റൊരു നേതാവില്ലെന്ന് കെ.സുധാകരൻ ; ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ ഒന്നിച്ച് രാഷ്ട്രീയ കേരളം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]