
പിറവം∙രാമായണ പുണ്യം തേടി കർക്കടക നാളുകളെ വരവേൽക്കാൻ നാലമ്പലങ്ങൾ ഒരുക്കി. മാമ്മലശേരി ശ്രീരാമ ക്ഷേത്രം കേന്ദ്രീകരിച്ചാണു നാലമ്പല ദർശനം നടക്കുന്നത്.
മേമുറി ഭരതപ്പിള്ളി ഭരത ക്ഷേത്രം,മുളക്കുളം ലക്ഷ്മണ ക്ഷേത്രം,നെടുങ്ങാട് ശത്രുഘ്ന ക്ഷേത്രം,എന്നിവയാണ് നാലമ്പല തീർഥാടന പാതയിലെ മറ്റു ക്ഷേത്രങ്ങൾ. മാമ്മലശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നു ആരംഭിച്ചു മേമുറി ഭരത ക്ഷേത്രം മുളക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനത്തിനു ശേഷം തിരികെ മാമ്മലശേരി നെടുങ്ങാട് ശത്രുഘ്ന ക്ഷേത്രത്തിൽ സമാപിക്കുന്ന രീതിയിലാണ് തീർഥാടനം ക്രമീകരിച്ചിരിക്കുന്നത്.
മാമ്മലശേരി ശ്രീരാമ ക്ഷേത്രം
മൂവാറ്റുപുഴയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന മാമ്മലശേരി ശ്രീരാമ ക്ഷേത്രത്തിൽ മാൻ വേഷം പൂണ്ട
മായാവിയായ രാവണ മാതുലൻ മാരീചനെ വധിച്ച് സീതാവിരഹിയായി വനത്തിൽ കഴിയുന്ന ശ്രീരാമന്റെ പ്രതിഷ്ഠയാണുള്ളത്. വട്ടശ്രീകോവിലിനുള്ളിൽ കിഴക്കു ദർശനമായി ശിലാവിഗ്രഹത്തിലുള്ള പ്രതിഷ്ഠയാണിത്.
പ്രധാന ഉപദേവനായ ഹനുമാൻ ശ്രീരാമന്റെ ഓവുതാങ്ങിയായി വടക്കു ദർശനമായി ശ്രീകോവിലിനോടു ചേർന്നു സ്ഥിതി ചെയ്യുന്നു.പടിഞ്ഞാറെ ചുറ്റിൽ ശാസ്താവ്,ഗണപതി,ശിവൻ എന്നീ സാന്നിധ്യങ്ങളുടെ പ്രതിഷ്ഠയുമുണ്ട്.പുലർച്ചെ 4.30നു നട തുറക്കും.
മേമുറി ഭരതപ്പിള്ളി ഭരത ക്ഷേത്രം
മാമ്മലശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ അകലെ വടക്കുകിഴക്കു ഭാഗത്തായാണ് മേമുറി ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.രാമന്റെ വനവാസവാർത്തയറിഞ്ഞ് അദ്ദേഹത്തെ തിരികെ അയോധ്യയിലേക്കു കൊണ്ടുവരുന്നതിനായി സൈന്യസമേതമുള്ള യാത്രാമധ്യേ ഭരതൻ ഒറ്റപ്പെട്ടുപോയ സ്ഥലത്താണ് ക്ഷേത്രം സ്ഥാപിതമായിരിക്കുന്നതെന്നാണ് വിശ്വാസം.പുലർച്ചെ 5നു നട
തുറക്കും.
മുളക്കുളം ലക്ഷ്മണ ക്ഷേത്രം
നാലമ്പല വഴിയിലെ മൂന്നാമത്തെ ക്ഷേത്രമായ മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം രാമന്റെ സന്തത സഹചാരിയായ സൗമിത്രി തിരുമൂഴിക്കുളത്തു നിന്നും ശീവേലി ബിംബത്തിൽ എഴുന്നള്ളി ശ്രീലകം പൂണ്ട തീർഥസ്ഥാനമായാണു കണക്കാക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണു ക്ഷേത്രം.മാമ്മലശേരി ക്ഷേത്രത്തിൽ നിന്നു 9 കിലോമീറ്റർ ദൂരം.പുലർച്ചെ 5നു നടതുറക്കും.
നെടുങ്ങോട് ശത്രുഘ്ന ക്ഷേത്രം
മാമ്മലശേരി ക്ഷേത്രത്തിൽ നിന്നു ഒരു കിലോമീറ്റർ ദൂരെയാണു ശത്രുഘ്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭരതനൊപ്പം ശ്രീരാമനെ തിരികെ കൊണ്ടു വരുന്നതിനായി പുറപ്പെട്ട
ശത്രുഘ്നൻ കൂട്ടം തെറ്റി ഒറ്റപ്പെട്ട സ്ഥലത്താണ് നെടുങ്ങോട് ശത്രുഘ്ന ക്ഷേത്രം സ്ഥാപിതമായതെന്നു വിശ്വസിക്കപ്പെടുന്നു.
പുലർച്ചെ 5നു നട തുറക്കും.
ഉദ്ഘാടനം ഇന്ന്
നാലമ്പല തീർഥാടനത്തിന്റെ ഉദ്ഘാടനം ഇന്ന് 6നു മാമ്മലശേരി ശ്രീരാമ ക്ഷേത്രത്തിൽ നടക്കും.
സമിതി പ്രസിഡന്റ് എൻ.രഘുനാഥിന്റെ അധ്യക്ഷതയിൽ ശബരിമല അയ്യപ്പസേവാ സമാജം പ്രസിഡന്റ് പുണർതം തിരുനാൾ നാരായണ വർണ ഉദ്ഘാടനം ചെയ്യും. തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി നാലമ്പല സന്ദേശം നൽകും.
മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് പ്രസംഗിക്കും.
ബജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നു മാമ്മലശേരിയിലേക്കു സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. 9605366121.
നാലമ്പല ദർശന പുണ്യത്തിലേക്ക് തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം
നെടുമ്പാശേരി ∙ നാലമ്പല ദർശനത്തിനൊരുങ്ങി തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം.
തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരത ക്ഷേത്രം, പായിമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയോടൊപ്പമാണ് മൂഴിക്കുളത്ത് നാലമ്പലദർശനം നടക്കുന്നത്.
തൃപ്രയാറിൽ നിന്ന് ആരംഭിച്ച് കൂടൽമാണിക്യം, പായിമ്മൽ, മൂഴിക്കുളം ക്ഷേത്രങ്ങളിലെ സന്ദർശനത്തിന് ശേഷം തൃപ്രയാറിൽ തന്നെ അവസാനിക്കുന്ന വിധത്തിലാണ് ഇവിടത്തെ നാലമ്പല ദർശന ക്രമം. രാമായണ മാസാചരണത്തോടനുബന്ധിച്ച് മൂഴിക്കുളം ക്ഷേത്രത്തിൽ സാധാരണ ദിവസങ്ങളിൽ രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 5 മുതൽ രാത്രി 8 വരെയുമാണ് ദർശന സമയം. അവധി ദിവസങ്ങളിൽ പുലർച്ചെ 4.30 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4.30 മുതൽ രാത്രി 9 വരെയും ദർശനത്തിന് സൗകര്യമുണ്ട്.
ഒറ്റയപ്പം, ഉണ്ണിയപ്പം, അരവണ, അവിൽ നിവേദ്യം, തട്ടം നിവേദ്യം, എള്ളു തിരി, ചരടു ജപം, പാൽപായസം എന്നിവയാണ് പ്രധാന വഴിപാടുകൾ. ഭക്തർക്ക് വെയിലും മഴയും തിക്കും തിരക്കും അനുഭവപ്പെടാതെ ദർശനം നടത്തുന്നതിന് പ്രത്യേക പന്തൽ, ബാരിക്കേഡുകൾ തുടങ്ങിയവ സജ്ജമാക്കി. കെഎസ്ആർടിസി വിവിധ സ്റ്റേഷനുകളിൽ നിന്ന് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇവർക്കായി ദർശനത്തിന് പ്രത്യേക ക്രമീകരണങ്ങളും ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]