
അടിമാലി∙ റോഡരികിൽ കുഴിയെടുത്ത് പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗങ്ങളിൽ ജൽ ജീവൻ മിഷൻ നടത്തിയ കോൺക്രീറ്റ് ജോലികൾക്ക് 6 ദിവസത്തെ ആയുസ്സ് മാത്രം. കൊന്നത്തടി ടൗണിൽ റോഡരികിൽ നടത്തിയ കോൺക്രീറ്റ് ജോലികളാണ് ഒരാഴ്ച തികയുന്നതിനു മുൻപായി തകർന്നത്. 4 മാസം മുൻപാണ് ജൽ ജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിക്കു വേണ്ടി ടാറിങ് റോഡ് കുത്തിപ്പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചത്.
എന്നാൽ പൊളിച്ച ഭാഗത്ത് കോൺക്രീറ്റ് ജോലികൾ നടത്താൻ ബന്ധപ്പെട്ടവർ കൂട്ടാക്കിയില്ല. കാലവർഷം കനത്തതോടെ പൈപ്പിട്ട ഭാഗങ്ങൾ കിടങ്ങായി മാറിയിരുന്നു.
ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച കോൺക്രീറ്റ് ജോലികൾ നടത്തിയത്. വേണ്ടത്ര സിമന്റ് ചേർക്കാതെയുള്ള മിശ്രിതം ഉപയോഗിച്ചു നടത്തിയ കോൺക്രീറ്റ് ജോലികൾ നിർമാണത്തിനു പിന്നാലെ തകരുകയായിരുന്നു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്നിട്ടുള്ള കോൺക്രീറ്റ് ജോലികളുടെ അവസ്ഥയും വ്യത്യസ്തമല്ലെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പിഡബ്ല്യുഡി റോഡുകൾ കുത്തിപ്പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് മാസങ്ങൾ പിന്നിടുമ്പോഴും കുഴികൾ മൂടി കോൺക്രീറ്റ് ജോലികൾ നടത്താൻ കൂട്ടാക്കിയിട്ടില്ല.
ഇതോടെ കാൽനട യാത്രയും വാഹന ഗതാഗതവും ദുഷ്കരമായി മാറുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]