
ഏറ്റുമാനൂർ∙ അപകടങ്ങൾ പതിവാകുന്നു, കാണക്കാരിയിൽ റെയിൽവേ മേൽപാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ വീണ്ടും രംഗത്ത്. കാണക്കാരി അമ്പലക്കവലയിൽ നിന്ന് അതിരമ്പുഴയിലേക്കുള്ള റെയിൽവേ ഗേറ്റിനു മുകളിലാണ് മേൽപാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അതിരമ്പുഴ പള്ളി, എംജി സർവകലാശാല, കോട്ടയം മെഡിക്കൽ കോളജ് എന്നീ സ്ഥലങ്ങളിലേക്ക് കാണക്കാരിയിൽ നിന്നു വേഗത്തിൽ എത്താവുന്ന റോഡാണിത്. കൂടാതെ ഏറ്റുമാനൂർ നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്നു രക്ഷപ്പെടാൻ വാഹന യാത്രക്കാർ തിരഞ്ഞെടുക്കുന്നതും ഈ റൂട്ടാണ്. അതിനാൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
റെയിൽവേ പാളത്തിന് ഇടയിലും റോഡിലും കുഴികൾ രൂപപ്പെട്ടതും യാത്രക്കാർക്ക് അപകട
ഭീഷണിയായിട്ടുണ്ട്. ഗേറ്റ് അടയ്ക്കുന്നതിനു മുൻപ് മറുവശത്ത് എത്താൻ ശ്രമിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഈ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം പിക്കപ് വാൻ ഇടിച്ചതിനെ തുടർന്ന് റെയിൽവേ ഗേറ്റ് തകർന്നിരുന്നു.
ഇതു നന്നാക്കാൻ താമസം നേരിട്ടതോടെ മണിക്കൂറുകളോളം ഈ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു. ഇത്രയും തിരക്കുള്ള റോഡിൽ മേൽപാലം വേണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
ഇതിനായി കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർക്കു നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.
മേൽപ്പാലം പണിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകിയിട്ടുണ്ട്. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്.
പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
കാണക്കാരി അരവിന്ദാക്ഷൻ സ്ഥിരസമിതി അധ്യക്ഷൻ, കാണക്കാരി പഞ്ചായത്ത്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]