
മലപ്പുറം: അതുപിന്നെ കാക്ക കൊത്തിക്കൊണ്ട് പോയന്നേ.. വല്ല ഭക്ഷണമോ മറ്റോ ആയിരിക്കും എന്ന് കരുതേണ്ട, ഒറിജിനൽ കനക വള!, സംഭവം അവിടെ തീർന്നില്ല.
മൂന്ന് കൊല്ലം മുൻപ് കാക്ക കൊത്തിപ്പറന്ന വള തിരിച്ചുകിട്ടിയതാണ് ഇപ്പോൾ എല്ലാവരെയും അമ്പരിപ്പിക്കുന്നത്. മലപ്പുറം മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ആണ് രസകരമായ സംഭവം നടന്നത്.
കൃത്യമായി പറഞ്ഞാൽ 2022 ഫെബ്രുവരി 24. തൃക്കലങ്ങോട് പെരുമ്പത്തില്‍ സുരേഷിന്റെ മരുമകളും മകൻ ശരത്തിന്റെ ഭാര്യയുമായ ഹരിത പതിവുപോലെ അലക്കുകയായിരുന്നു.
കയ്യിലെ വള തൊട്ടടുത്ത് ഊരിവെച്ച് വീട്ടിലെ കുളിമുറിയ്ക്കു സമീപമായിരുന്നു അലക്കൽ.എന്നാല്‍ എവിടെനിന്നോ പറന്നുവന്ന ഒരു കാക്ക സ്വർണ വളയും കൊതിക്കൊണ്ട് പറന്നു. നിമിഷ നേരംകൊണ്ട് സംഭവിച്ചത് എന്താണെന്ന് മനസിലാക്കുമ്പോഴേക്കും കാക്ക സ്ഥലം കാലിയാക്കിയിരുന്നു.
കാക്കയുടെ പിന്നാലെ ഹരിത ഓടിയെങ്കിലും കാക്ക പറന്നകന്നു. വീട്ടുകാർ സമീപത്തെ സ്ഥലത്തെല്ലാം ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും വള കണ്ടെത്താനായില്ല.
ഒന്നര പവൻ തൂക്കം വരുന്ന വള എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം മനസിലാക്കാൻ കുടുംബത്തിന് ദിവസങ്ങളെടുത്തു. വൈകാതെ ആ സംഭവവും വളയും ഹരിത മറന്നു.
ഇനിയാണ് കഥയിലെ വമ്പൻ ട്വിസ്റ്റ് വരുന്നത്.വർഷങ്ങൾ കഴിഞ്ഞു, കഴിഞ്ഞ മാസം സുരേഷിന്റെയും കുടുംബത്തിന്റെയും നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്ത് മാങ്ങപറിക്കാൻ വേണ്ടി മാവില്‍ കയറിയപ്പോൾ അവിടെയതാ ഒരു കാക്കക്കൂട്. കൂടിനകത്ത് എന്തോ തിളങ്ങുന്നത് കണ്ടപ്പോള്‍ അൻവർ സാദത്ത് അടുത്ത് ചെന്ന് നോക്കുകയായിരുന്നു.
അപ്പോഴാണ് മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങള്‍ കൂട്ടില്‍ നിന്നു ലഭിച്ചത്. മൂന്ന് കഷ്ണങ്ങളായി കൂടിനെ അലങ്കരിച്ച രീതിയില്‍ വള വെച്ചിരിക്കുകയായിരുന്നു കാക്ക.
പിന്നാലെ വള എടുത്ത് മാവില്‍ നിന്ന് ഇറങ്ങിയ അൻവർ വളയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ വി ബാബുരാജിനെ ഉടമയെ കണ്ടെത്തുന്നതിനായി അൻവർ സമീപിച്ചു.
പിന്നാലെ ബാബുരാജ് തെളിവുമായി വരുന്നവർക്ക് വള തിരിച്ചുനല്‍കും എന്ന് കാണിച്ച് വായനശാലയില്‍ നോട്ടിസ് പ്രദർശിപ്പിച്ചു. ഈ വിവരം പിന്നാലെ സുരേഷിന്റെ കാതിലുമെത്തി.
അങ്ങനെയാണ് സുരേഷും ഹരിതയുമെല്ലാം ചേർന്ന് വായനശാലയില്‍ എത്തി വള തിരിച്ചു വാങ്ങിയത്. തെളിവായി, വള വാങ്ങിയ പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയിലെ ബില്‍, ശരത് – ഹരിതയെ വിവാഹനിശ്ചയ ദിവസം വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആല്‍ബം എന്നിവ കുടുംബം വായനശാലയില്‍ എത്തിച്ചു.
തിരിച്ചുകിട്ടാൻ ഒരു സാധ്യതയും ഇല്ലെന്ന് കരുതിയ തന്റെ വള തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് ഹരിതയും കുടുംബവും. വളയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കാനായതിന്റെ സന്തോഷത്തിലാണ് അൻവർ സാദത്തും ബാബുരാജും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]