
കൊട്ടാരക്കര ∙ ഇഞ്ചക്കാട് ആയിരവല്ലി പാറ ഉൾപ്പെടെ 3 പാറമലകൾ ഉൾപ്പെടുത്തിയുള്ള ടൂറിസം പദ്ധതി യാഥാർഥ്യത്തിലേക്ക്. പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനു മുന്നോടിയായി സംസ്ഥാന ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ചു.
ഖനനത്തിനു പാറ ലോബി ശ്രമം നടത്തുന്ന ഇഞ്ചക്കാട് ആയിരവല്ലി പാറ, പാതിവഴിയിൽ ടൂറിസം പദ്ധതിയുടെ നിർമാണം ഉപേക്ഷിച്ച നെടുവത്തൂർ പൊങ്ങൻപാറ, ഉമ്മന്നൂർ മാറാം പാറ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. പദ്ധതികൾക്കായി 2 കോടി രൂപ ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉൾപ്പെടുത്തിയിരുന്നു.
സാഹസിക ടൂറിസം പദ്ധതി ഉൾപ്പെടെ നടത്താനാണ് ആയിരവല്ലി പാറയിൽ ശ്രമം. ഇഞ്ചക്കാട് മഹാദേവർ ക്ഷേത്ര ആചാരവുമായി ആയിരവല്ലി പാറയ്ക്കു ബന്ധമുള്ളതിനാൽ വിശ്വാസത്തിന് കോട്ടം തട്ടാത്തവിധം ആകും പദ്ധതി നടപ്പാക്കുക എന്നാണ് അറിയിപ്പ്.
∙ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച പൊങ്ങൻപാറയിലും ടൂറിസം പദ്ധതി യാഥാർഥ്യമാക്കാനാണു നീക്കം. 46 ലക്ഷം രൂപ അടങ്കൽ തുകയുമായി 2013ലാണു പദ്ധതി ആരംഭിച്ചത്.
ആകെയുള്ള പ്രവൃത്തികളിൽ 24 ലക്ഷം രൂപ ചെലവാക്കിയെന്നാണു കണക്ക്. കുഴൽക്കിണറും ടാങ്കും ഇരിപ്പിടങ്ങളും സോളർ ലൈറ്റുകളും വൈദ്യുതീകരണവും ബാക്കിയാണ്. പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച ഹരിതകേരള മിഷൻ സ്റ്റേറ്റ് അസി.
കോഓർഡിനേറ്റർ ടി.പി.സുധാകരൻ പറഞ്ഞു. സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർമാരായ പി.അജയകുമാർ, വി.രാജേന്ദ്രൻ നായർ, ജില്ലാ കോഓർഡിനേറ്റർ എസ്.ഐസക്, ആർപിമാരായ സ്മിത, വിശ്വലേഖ, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി, പഞ്ചായത്തംഗം ആർ.രാജശേഖരൻ പിള്ള എന്നിവരും സംഘത്തിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]