
കൊല്ലം∙ വെട്ടിയൊരുക്കി തുന്നിയെടുത്ത മനോഹരമായ പടുകൂറ്റൻ വസ്ത്രം പോലെ ആയിരങ്ങൾ. കന്റോൺമെന്റ് മൈതാനം മുതൽ 3 കിലോമീറ്ററോളം ദൂരെയുള്ള ആശ്രാമം മൈതാനം വരെ അതു ചന്തം ചാർത്തി; സംഘടനയുടെ ശക്തിയും.
ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ 25–ാം സംസ്ഥാന സമ്മേളനത്തിന്റെ തുടക്കം കുറിച്ചു നടന്നു പ്രകടനം ആൾപ്പെരുക്കം കൊണ്ടുമാത്രമല്ല; സ്ത്രീ ശക്തിയുടെ സൗമ്യമുഖം കൂടിയായി മാറി.ഒരു ലക്ഷം പേർ പ്രകടനത്തിൽ പങ്കെടുത്തുവെന്നു സംഘാടകർ അവകാശപ്പെട്ടു. ചുരുക്കം പുരുഷന്മാർ ഒഴികെ പങ്കെടുത്തവർ എല്ലാം വനിതകൾ.
സ്വന്തമായി തുന്നിയ ചുവപ്പും വെള്ളയും ചേർന്ന ‘യൂണിഫോം’ അണിഞ്ഞാണു വനിതകൾ നീങ്ങിയത്. സംഘടനയുടെ പേരു തുന്നിച്ചേർത്ത് വെള്ളത്തൊപ്പി അണിഞ്ഞവരും ഏറെയുണ്ടായിരുന്നു.
ഇരുവരിയായി തുടങ്ങിയ പ്രകടനം പിന്നീട് റോഡ് നിറഞ്ഞു കവിഞ്ഞു നീങ്ങി. ഒരു പോയിന്റ് പിന്നിടാൻ ഒരു മണിക്കൂറിലേറെ സമയമെടുത്തു.
പ്രകടനത്തിനു കൊഴുപ്പേകാൻ വനിതകളുടെ ചെണ്ടമേളവും മുത്തുക്കുടകളും ചേർന്നു.
മുൻനിര മൈതാനത്ത് എത്തിയശേഷം പ്രവർത്തകർ മടങ്ങുമ്പോഴും കന്റോൺമെന്റ് മൈതാനത്തു നിന്നു പുറപ്പെടാൻ ഊഴം കാത്തു നിൽക്കുകയായിരുന്നു വലിയൊരു കൂട്ടം.ചിന്നക്കടയിൽ ഉൾപ്പെടെ പൊലീസിനോടൊപ്പം അസോസിയേഷന്റെ പുരുഷ– വനിതാ വൊളന്റിയർമാർ ഗതാഗതം നിയന്ത്രിച്ചു. കാൽനടയാത്രക്കാരെ പ്രകടനനിര മുറിച്ചു കടക്കാൻ അനുവദിച്ചു ട്രാഫിക് റൗണ്ടിനു സമീപം, താലൂക്ക് ഓഫിസ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇടയ്ക്കിടെ കടത്തിവിട്ടു.പ്രകടനത്തിന് ജനറൽ സെക്രട്ടറി എൻ.സി.ബാബു, പ്രസിഡന്റ് കെ.എസ്.സോമൻ, ജി.സജീവൻ, എ.എസ് കുട്ടപ്പൻ, എം.കെ പ്രകാശൻ, സതികുമാർ, എസ്.ഷാജി, ജി.
കാർത്തികേയൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ആശ്രാമം മൈതാനത്തു നടന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
എൻ.കെ.പ്രേമചന്ദ്രൻ എംപി പ്രസംഗിച്ചു.
അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. സോമൻ അധ്യക്ഷത വഹിച്ചു.
ഇന്നു 10നു പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.തൊഴിലാളികളുടെ വിരമിക്കൽ ആനൂകൂല്യം ഭേദഗതി നിയമ പ്രകാരമുള്ള 1.5 ലക്ഷം രൂപ ലഭിച്ചില്ലെങ്കിൽ തൊഴിൽ വകുപ്പു മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നത് ഉൾപ്പെടെയുള്ള സമരത്തിനു സമ്മേളനം രൂപം നൽകുമെന്നാണു പ്രഖ്യാപനം. സമ്മേളനം നാളെ സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]