
കോഴിക്കോട്∙ അവധി ദിനങ്ങളിൽ ട്രെയിൻ യാത്രാക്ലേശം രൂക്ഷം. ഞായറാഴ്ച വൈകിട്ടു കണ്ണൂർ, തിരൂർ ഭാഗങ്ങളിലേക്ക് അഭൂതപൂർവ തിരക്കാണു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെട്ടത്. പാസഞ്ചർ ട്രെയിനുകൾ ഇല്ലാത്തതാണ് ഇരുഭാഗത്തേക്കും ട്രെയിൻ യാത്ര ദുരിതമയമാക്കുന്നത്.
വടക്കു ഭാഗത്തേക്കു കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ സ്റ്റേഷനുകളിലേക്കും തെക്കു ഭാഗത്ത് പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ സ്റ്റേഷനുകളിലേക്കുമുള്ള യാത്രക്കാരാണ് ഏറെയും ദുരിതം നേരിടുന്നത്.
അവധി ദിനത്തിനു ശേഷം തിരികെ യാത്രയ്ക്ക് എത്തുന്നവർ ട്രെയിനുകളിൽ കയറാൻ പോലുമാകാതെ പുറത്താകുന്നു.
2 ദിവസത്തെ അവധി കഴിഞ്ഞുള്ള യാത്രയ്ക്കായി നൂറു കണക്കിനാളുകളാണു ഞായറാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നത്. താനൂർ, തിരൂർ, കുറ്റിപ്പുറം യാത്രക്കാരെ പോലും വൈകിട്ടത്തെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ കയറാൻ അധികൃതർ അനുവദിച്ചില്ല.
വൈകിട്ട് 6.15നുള്ള കോയമ്പത്തൂർ–കണ്ണൂർ എക്സ്പ്രസിനു ശേഷം 4 മണിക്കൂറോളം കോഴിക്കോടു നിന്നു വടക്കോട്ട് വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ നിർത്തുന്ന ട്രെയിനുകളില്ല.
ഇതിനു ശേഷം, കണ്ണൂർ വരെയുള്ള എക്സിക്യുട്ടീവ് എക്സ്പ്രസ് എത്താൻ രാത്രി 10.25 ആകും. മുൻപു രാത്രി 8.25ന് ആണ് എക്സിക്യുട്ടീവ് കോഴിക്കോട്ട് എത്തിയിരുന്നത്. വന്ദേഭാരത് വന്നതോടെയാണു വൈകിപ്പിച്ചത്.
എക്സിക്യുട്ടീവനു തൊട്ടുപിന്നാലെ, 10.40ന് ജനശതാബ്ദിയുമുണ്ട്. 2 ട്രെയിനുകൾ അടുപ്പിച്ച് സർവീസ് നടത്തുന്നതിനു പകരം, ഒന്ന് നേരത്തെയാക്കുകയോ പുതിയൊരു പാസഞ്ചർ ട്രെയിൻ അനുവദിക്കുകയോ ചെയ്താൽ മാത്രമേ അൽപമെങ്കിലും പരിഹാരമാകൂ.
എക്സിക്യുട്ടീവിന്റെ സമയമാറ്റത്തിനു സാങ്കേതിക തടസ്സം പലതാണ്.
6.15നു ശേഷം കണ്ണൂർ ഭാഗത്തേക്ക് ഒന്നോ രണ്ടോ മെമു സർവീസുകൾ വേണമെന്ന ആവശ്യം യാത്രക്കാരുടെ സംഘടനകൾ ശക്തമായി ഉന്നയിക്കുന്നുണ്ട്. കേരളത്തിൽ 14 മെമു ട്രെയിനുകൾ ഉണ്ടെങ്കിലും അതിൽ ഒരെണ്ണം മാത്രമാണു മലബാറിലേക്കുള്ളത്.
എംപിക്ക് നിവേദനം
∙ മലബാറിലെ രൂക്ഷമായ ട്രെയിൻ യാത്രാ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ട് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ഇ.ടി.മുഹമ്മദ് ബഷീർ എംപിക്കു നിവേദനം നൽകി. ഭാരവാഹികളായ അബ്ദുറഹ്മാൻ വള്ളിക്കുന്ന്, ഫിറോസ് ഫിസ, കെ.കെ.അബ്ദുറസാഖ് ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് എംപിയെ സന്ദർശിച്ചത്.
ഞായറാഴ്ച കോഴിക്കോട്ടു നിന്നു ചെന്നൈ, ബെംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റുകൾ വാഗൺ ട്രാജഡിയെ അനുസ്മരിപ്പിക്കും.
ശ്വാസം മുട്ടിയാണ് എല്ലാവരും യാത്ര ചെയ്യുന്നത്. ടിക്കറ്റ് എടുത്തിട്ടും ഒട്ടേറെ പേർക്കു ട്രെയിനിൽ കയറാനായില്ല.
പ്രായമായവർ പോലും പെരുവഴിയിലായി. അധികാരികളെ ഇത്തരം ട്രെയിനുകളിൽ യാത്ര ചെയ്യിക്കുകയാണു ജനം ചെയ്യേണ്ടത്.
പി.കെ.രതീഷ്, സ്കിൽ ട്രെയിനർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]