
തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷനിൽ സാനിറ്റേഷൻ വർക്കർമാരുടെ നിയമനത്തിന് തയാറാക്കിയ റാങ്ക് ലിസ്റ്റിൽ ക്രമക്കേട് ആരോപിച്ച് ബിജെപി കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ കയ്യാങ്കളിയും സംഘർഷവും. കൗൺസിൽ യോഗം ആരംഭിക്കുന്നതിനു മുൻപ് മേയറുടെ ഡയസ് കയ്യടക്കി പ്രതിഷേധിച്ച ബിജെപിയുടെ വനിതാ കൗൺസിലർമാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.
മേയറുടെ മുഖം മറച്ച് ബിജെപി അംഗങ്ങൾ ഉയർത്തിയ ബാനർ എൽഡിഎഫ് കൗൺസിലർമാർ പിടിച്ചുവാങ്ങി. ഇതേച്ചൊല്ലി ഇരുപക്ഷവും തമ്മിൽ ഉന്തുംതള്ളും.
മുക്കാൽ മണിക്കൂർ താമസിച്ച് ആരംഭിച്ച യോഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി 10 മിനിറ്റിനകം പിരിച്ചുവിട്ടു. ഇതിനിടെ വിവാദ റാങ്ക് ലിസ്റ്റ് കൗൺസിൽ അംഗീകരിച്ചു.സാനിറ്ററി വർക്കർമാരുടെ 56 ഒഴിവുകളിലേക്കാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്.
ഇതിൽ നിലവിലെ കൗൺസിലർ, ബന്ധുക്കൾ, സിപിഎം, സിപിഐ പാർട്ടി അനുഭാവികൾ തുടങ്ങിയവരെ അനധികൃതമായി ഉൾപ്പെടുത്തിയെന്നാണ് ബിജെപിയുടെ ആരോപണം.
കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുൻപേ, മേയറുടെ ഡയസിൽ കയറി ബിജെപിയുടെ വനിതാ കൗൺസിലർമാർ പ്രതിഷേധിച്ചു. മേയർക്കും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയ്ക്കും എതിരെ ‘വീണ്ടും നിയമന തട്ടിപ്പ്’ എന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
ഇതു പ്രതിരോധിക്കാൻ എൽഡിഎഫിലെ വനിതാ കൗൺസിലർമാരും സംഘടിച്ചു. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും യോഗം ആരംഭിക്കാൻ കഴിയാതെ വന്നതോടെ ഭരണസമിതി പൊലീസ് സഹായം തേടി.വനിതാ പൊലീസ് എത്തി കൗൺസിലർമാരെ നീക്കാൻ ശ്രമിച്ചെങ്കിലും ശക്തമായി പ്രതിരോധിച്ചു.
പൊലീസുമായി പിടിവലിയായി. ഇതിനിടെ മേയറുടെ കസേരയുടെ കൈപ്പിടി ഒടിഞ്ഞു.
സുമി ബാലു, പി.വി. മഞ്ജു, ജി.എസ്.ആശാനാഥ്, അർച്ചന, വി.മീന ദിനേശ്, എസ്.പത്മ, യു.ദീപിക, ഒ.
പത്മലേഖ എന്നിവരെ പൊലീസ് എടുത്തുമാറ്റി. കൗൺസിൽ ഹാളിന് പുറത്തെത്തിച്ച കൗൺസിലർമാർ സംഘടിച്ച് പലതവണ തിരികെയെത്തി.
ഇവരെ നീക്കാൻ പൊലീസ് പാടുപെട്ടു. പൊലീസ് തീർത്ത വലയത്തിലൂടെ 3.15ന് മേയർ ഡയസിലെത്തി.
ഇതിനിടെ മേയറെ മറച്ച് ബിജെപിയിലെ വി.ജി.ഗിരികുമാറും നന്ദ ഭാർഗവും ഉയർത്തിയ ബാനർ പിടിച്ചുവാങ്ങാൻ എൽഡിഎഫ് കൗൺസിലർമാർ ശ്രമിച്ചു.
ബാനർ കീറിയതിനെത്തുടർന്ന് ചേരിതിരിഞ്ഞ് ഉന്തുംതള്ളുമുണ്ടായി. ബിജെപി അംഗങ്ങൾക്കു നേരെ പാഞ്ഞടുത്ത എസ്.നിസാമുദ്ദീനെ ആറ്റുകാൽ കൗൺസിലർ എസ്.ഉണ്ണിക്കൃഷ്ണൻ അനുനയിപ്പിച്ചത് കൂടുതൽ സംഘർഷം ഒഴിവാക്കി.
വിവാദ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് യുഡിഎഫ് ഉയർത്തിയ ആക്ഷേപത്തിന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ മറുപടി പറഞ്ഞശേഷം 3.25ന് കൗൺസിൽ യോഗം പിരിച്ചുവിട്ടതായി മേയർ പ്രഖ്യാപിച്ചു. ഓഫിസ് മുറിയിലേക്ക് മടങ്ങുന്നതിനിടെ ബിജെപി കൗൺസിലർമാർ മേയറെ കൂക്കിവിളിച്ചു.ബിജെപിയുടെ 2 കൗൺസിലർമാർ നടത്തിയ അഴിമതി മറയ്ക്കാനാണ് സംഘർഷം ഉണ്ടാക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ ആരോപിച്ചു.
പട്ടിക റദ്ദാക്കിയില്ലെങ്കിൽ സത്യഗ്രഹ സമരം ഉൾപ്പെടെ നടത്തുമെന്ന് ബിജെപി സെൻട്രൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കരമന ജയൻ പ്രഖ്യാപിച്ചു. റാങ്ക് ലിസ്റ്റ് കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് രാവിലെ ബിജെപി കൗൺസിലർമാർ കോർപറേഷൻ സെക്രട്ടറി എസ്.ജഹാംഗീറിനെ തടഞ്ഞുവച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]