
കാക്കനാട്∙ കൊച്ചി നഗരത്തിൽ അതിരാവിലെ മദ്യ ലഹരിയിൽ ബസ് ഓടിച്ച 3 ഡ്രൈവർമാർ പിടിയിൽ. ഇടപ്പള്ളി– ചേരാനല്ലൂർ, തേവര–കലൂർ, തോപ്പുംപടി–കലൂർ റൂട്ടുകളിലെ സ്വകാര്യ ബസുകളിൽ നിന്നാണ് ഡ്രൈവർമാർ പിടിയിലായത്. ഇന്നലെ രാവിലെ 8.30നാണ് പരിശോധന നടത്തിയത്.
കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗവും ട്രാഫിക് പൊലീസും ചേർന്നു വിവിധ സ്ക്വാഡുകളായി പരിശോധനക്കിറങ്ങിയത്.
നിറയെ യാത്രക്കാരുള്ള ബസുകളാണ് മദ്യ ലഹരിയിൽ ഡ്രൈവർമാർ ഓടിച്ചിരുന്നത്. പകരം ഡ്രൈവർമാരെ നിയോഗിച്ചാണ് ഈ ബസുകൾ സർവീസ് തുടർന്നത്. 2 ബസുകളിലെ യൂണിഫോം ധരിക്കാത്ത ഡ്രൈവർമാർക്കെതിരെയും 3 ബസുകളിൽ ലൈസൻസ് ഇല്ലാത്ത കണ്ടക്ടർമാർക്കെതിരെയും നടപടിയെടുത്തു.
പെർമിറ്റ് കാലാവധി കഴിഞ്ഞ ഒരു ബസും കസ്റ്റഡിയിലെടുത്തു. കലൂർ, ഇടപ്പള്ളി, ഹൈക്കോടതി ജംക്ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ എൺപതോളം ബസുകളാണ് തടഞ്ഞു പരിശോധിച്ചത്.
18 ബസുകളിൽ പോരായ്മ കണ്ടെത്തി. പല കുറ്റങ്ങൾക്കായി വിവിധ നിരക്കുകളിൽ പിഴ ചുമത്തി.
അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ.ചന്തു, അരുൺ ശശിധരൻ, ദിനീഷ്കുമാർ, അജയ് മോഹൻദാസ്, ട്രാഫിക് പൊലീസ് എസ്ഐമാരായ വി.സന്തോഷ്കുമാർ, പി.എം.മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]