
തലശ്ശേരി∙ ‘ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭമന്യു’വിനെപ്പോലെയായിരുന്നു തലശ്ശേരി നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ അകപ്പെട്ട
ന്യൂമാഹി ഇൻസ്പെക്ടർ ഓഫ് പൊലീസ് പി.ഐ.ബിനുമോഹൻ. ഒടുവിൽ ഗതാഗതക്കുരുക്കു പരിഹരിക്കാൻ സ്റ്റേഷൻ അതിർത്തി കാര്യമാക്കാതെ അദ്ദേഹം രംഗത്തിറങ്ങി. കൂത്തുപറമ്പു ഭാഗത്തുനിന്നു തലശ്ശേരിക്കു വരികയായിരുന്ന ബിനുമോഹൻ മണിക്കൂറോളമാണ് എരഞ്ഞോളി പാലത്തു നിന്നു തുടങ്ങിയ വാഹനക്കുരുക്കിൽ അകപ്പെട്ടത്.
തലശ്ശേരിക്കാർക്കു സുപരിചിതമായ ഗതാഗതക്കുരുക്ക് പൊലീസ് ഉദ്യോഗസ്ഥനു പരിചയമില്ലായിരുന്നു.
ഒടുവിൽ നിരങ്ങി നീങ്ങി ടൗൺഹാൾ ജംക്ഷനിലെത്തിയപ്പോൾ വാഹനങ്ങളുടെ തിക്കും തിരക്കുമായിരുന്നു. നാലുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ അനങ്ങാൻ പറ്റാത്ത വിധം കുരുങ്ങിയതോടെയാണ് സ്റ്റേഷൻ അതിർത്തി കാര്യമാക്കാതെ ബിനുമോഹൻ ഗതാഗതം നിയന്ത്രിക്കാനിറങ്ങിയത്.
ശാസിച്ചും ഉപദേശിച്ചും കൈമെയ് മറന്ന് ഓടിനടന്ന മേലുദ്യോഗസ്ഥനെ സഹായിക്കാൻ പൊലീസ് ഡ്രൈവറും ഓടിയെത്തി.
ഏതാണ്ട് അര മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ച ഇരുവരും മഴയെത്തിയതോടെയാണ് മടങ്ങിയത്. ദിവസവും വൈകിട്ട് നാലു മുതൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് തലശ്ശേരി മുതൽ എരഞ്ഞോളിപ്പാലം വരെ അനുഭവപ്പെടുന്നത്.
ടൗൺ ഹാൾ ജംക്ഷനിൽ പൊലീസുകാരെ നിയോഗിച്ചാൽ ഗതാഗത കുരുക്കിന് ആശ്വാസമാകും. എന്നാൽ ട്രാഫിക് പൊലീസ് സ്റ്റേഷനും, പൊലീസുകാരുമുണ്ടെങ്കിലും ഗതാഗതക്കുരുക്കുള്ളപ്പോൾ ഉദ്യോഗസ്ഥരെ കാണാനില്ലാത്ത അവസ്ഥയാണെന്നു ജനങ്ങൾ പറയുന്നു.
ട്രാഫിക് നിയമം അനുസരിക്കാതെ വാഹനങ്ങൾ പാർക്കുചെയ്യുന്നതും കുരുക്കിനു കാരണമാകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]