കാട്ടാക്കട ∙ പട്ടിക വർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ട് 14 കൊല്ലം മുൻപ് കുറ്റിച്ചലിൽ അനുവദിച്ച് പ്രവർത്തനം ആരംഭിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ ഇന്നും വാടകക്കെട്ടിടത്തിൽ.സ്കൂളിനു വേണ്ട
മന്ദിര നിർമാണത്തിനു രണ്ടുവട്ടം വനഭൂമി വിട്ടു നൽകിയിട്ടും 30 കോടി രൂപ ഫണ്ട് ഉണ്ടായിട്ടും ഇതുവരെ മന്ദിര നിർമാണം ആരംഭിച്ചില്ല. സ്കൂളിന്റെ പേരിൽ വിവാദങ്ങളും പോർവിളികളും ഉയർന്നത് ഒഴിച്ചാൽ മന്ദിര നിർമാണം ആരംഭിക്കാൻ ഇതുവരെ അധികൃതർക്കായില്ല.
2011ലെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ജി.കാർത്തികേയന്റെ ആവശ്യ പ്രകാരം കുറ്റിച്ചലിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രഖ്യാപിച്ചത്.
സ്കൂൾ വനത്തിനുള്ളിൽ വേണമെന്നും വനത്തിനു പുറത്ത് വേണമെന്നും അന്ന് അഭിപ്രായം ഉയർന്നതോടെ ഭൂമി കണ്ടെത്തുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കും കാലതാമസം നേരിട്ടു. ഇതിനിടെ സ്കൂൾ പ്രവർത്തനം വനത്തിനുള്ളിൽ കമ്യൂണിറ്റി ഹാളിൽ തുടങ്ങി.
പിന്നീട് വാടക കെട്ടിടത്തിലേക്ക് മാറി.പല കാരണങ്ങളാൽ പലവട്ടം പല സ്ഥലങ്ങളിലേക്ക് സ്കൂൾ മാറി.
4 വർഷമായി കാട്ടാക്കട മണ്ഡലത്തിലെ മണലിയിലുള്ള പഴയൊരു സ്കൂൾ മന്ദിരത്തിനു പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ വാടക നൽകിയാണ് എംആർഎസ് പ്രവർത്തിക്കുന്നത്.ഇതിനകം കോടികളാണ് പല സ്ഥലത്തായി വാടക മാത്രം നൽകിയത്.സ്കൂൾ മന്ദിരം, ഹോസ്റ്റൽ, ക്വാർട്ടേഴ്സ്, കളി സ്ഥലം തുടങ്ങിയവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിഭാവനം ചെയ്തിട്ടുണ്ട്.
കെ.എസ്.ശബരീനാഥൻ എംഎൽഎ ആയിരിക്കെ വാലിപ്പാറയിൽ 2 ഹെക്ടർ ഭൂമി സ്കൂളിനു വേണ്ടി വനം വകുപ്പ് നൽകി. നിർമാണത്തിനു മുന്നോടിയായി മരങ്ങൾ മുറിച്ച് നീക്കി.
ശിലാസ്ഥാപനം നടക്കുന്ന ഘട്ടമെത്തിയപ്പോൾ കോവിഡ് പിടിമുറുക്കി.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ സ്കൂളിന്റെ സ്ഥലത്തെ ചൊല്ലി തർക്കമായി. വാലിപ്പാറയിലെ സ്ഥലത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടികാട്ടി ചിലർ കോടതിയെ സമീപിച്ചു.
ഏറ്റവുമൊടുവിൽ സ്കൂൾ നിർമിക്കാൻ പാങ്കാവിൽ സ്ഥലം കണ്ടെത്തി. വനം വകുപ്പ് പഴയ ഭൂമി തിരികെ എടുത്ത ശേഷം പാങ്കാവിൽ ഭൂമി നൽകി.
മണ്ണ് പരിശോധന ഉൾപ്പെടെ കഴിഞ്ഞു. ഇതുവരെ ഡിപിആർ തയാറായില്ല.
മന്ദിര നിർമാണത്തിനു പണം ഉണ്ടായിട്ടും സർക്കാരിനു ലക്ഷങ്ങൾ നഷ്ടമുണ്ടാക്കി സ്കൂൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]