
ന്യൂഡൽഹി∙ സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള
റാങ്ക്ലിസ്റ്റ് സംബന്ധിച്ച ഹർജി നാളെ
പരിഗണിക്കും. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പുതുക്കിയ റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർഥികളാണ് ഹർജി നൽകിയത്. സിബിഎസ്സി വിദ്യാർഥികൾ തടസ്സ ഹർജി നൽകിയിട്ടുണ്ട്.
നാളത്തെ കോടതി നിർദേശം നിർണായകമാണ്. ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെയാണ് ‘കീം’ റാങ്ക്ലിസ്റ്റ് ജൂലൈ 11ന് രാത്രി സർക്കാർ പുതുക്കി പ്രസിദ്ധീകരിച്ചത്.
ആദ്യ 100 റാങ്കിൽ 79 പേരും സിബിഎസ്ഇ വിദ്യാർഥികളായിരുന്നു. കേരള സിലബസ് വിദ്യാർഥികൾ 21.
കോടതി റദ്ദാക്കിയ റാങ്ക് പട്ടികയിൽ ഇതു യഥാക്രമം 55, 43 എന്നിങ്ങനെയായിരുന്നു. മാർക്ക് ഏകീകരണരീതി മാറ്റുന്നതിനെതിരെ കോടതിയെ സമീപിച്ച സിബിഎസ്ഇ വിദ്യാർഥികൾക്കു മേൽക്കൈ നൽകുന്നതായിരുന്നു പുതുക്കിയ റാങ്ക്ലിസ്റ്റ്.
ഇതോടെയാണ് കേരള സിലബസ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.
സർക്കാർ ഇക്കൊല്ലം പുതുതായി നടപ്പാക്കിയ മാർക്ക് ഏകീകരണ ഫോർമുല നിയമവിരുദ്ധമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണ് പഴയ ഫോർമുല പ്രകാരമുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സർക്കാർ നിർബന്ധിതമായത്. ഫെബ്രുവരി 19നു പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസ് പ്രകാരം തന്നെ റാങ്ക്ലിസ്റ്റ് മാറ്റി പ്രസിദ്ധീകരിക്കണമെന്ന സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട
ബെഞ്ച് സർക്കാരിന്റെ അപ്പീൽ തള്ളിയത്. ഇക്കൊല്ലം പുതിയ ഫോർമുല നടപ്പാക്കുന്നത് അപ്രായോഗികമാണെന്നു മാർക്ക് ഏകീകരണ പുനഃപരിശോധനാ സമിതിയുടെ വിലയിരുത്തൽ കോടതി കണക്കിലെടുത്തു.
സുപ്രീം കോടതിയിൽ അപ്പീൽ നൽകില്ലെന്നും ഓഗസ്റ്റ് 14ന് അകം പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി ആർ.ബിന്ദു വ്യക്തമാക്കിയിരുന്നു.
എഐസിടിഇ സമയക്രമമനുസരിച്ച് എൻജിനീയറിങ് പ്രവേശനം പൂർത്തിയാക്കേണ്ടത് ഓഗസ്റ്റ് 14ന് അകമാണ്. സംസ്ഥാന എൻജിനീയറിങ് അലോട്മെന്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഓൺലൈനായി 16നു രാവിലെ 11 വരെ ഓപ്ഷനുകൾ നൽകാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]