
സ്വന്തം ലേഖകൻ
കോട്ടയം : മനുഷ്യ സാഗരം സാക്ഷി. തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അവസാനമായെത്തി. കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി കുഞ്ഞൂഞ്ഞിനെ ജനസാഗരം സ്വീകരിച്ചു. തിങ്ങിനിറഞ്ഞ ജനങ്ങളുടെ അകമ്പടിയോടെയാണ് പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തിയത്.
വീടുകളിലെ പ്രാർഥനകൾക്ക് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയാണ് മുഖ്യകാർമികത്വം വഹിച്ചത്. ഇതര ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്തമാരും ബിഷപ്പുമാരും സഹകാർമികത്വം വഹിക്കുന്നു. പുതുപ്പള്ളി പള്ളി വികാരി ഫാ. വർഗീസ് ആണ് പ്രാർഥനാചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. കോട്ടയം നഗരത്തിലെ തിരുനക്കര മൈതാനിയിൽ നിന്ന് ഉച്ചക്ക് 2.30ഓടെയാണ് വിലാപയാത്ര പുനരാരംഭിച്ചത്.
മൂന്നര മണിക്കൂർ എടുത്താണ് പത്ത് കി മീ മാത്രം അകലെയുള്ള പുതുപ്പള്ളിയിലെ വീട്ടിൽ വിലാപയാത്രയെത്തിയത്. സെൻ്റ്.ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. ഇവിടെ ഉമ്മൻ ചാണ്ടിക്കായി പുരോഹിതന്മാരുടെ കല്ലറകൾക്ക് സമീപമായി പ്രത്യേകം കല്ലറ ഒരുക്കിയിട്ടുണ്ട്.
പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിക്കും. പുതുപ്പള്ളി കവല, അങ്ങാടി വഴി പള്ളിമുറ്റത്തേക്കു പ്രവേശിക്കും. പള്ളിയുടെ വടക്കുവശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനമുണ്ടാകും.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർത്തോമ്മ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ്, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ പള്ളിയിലെത്തി അന്തിമോപചാരം അർപ്പിക്കും.
സമാപനശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. സഭയിലെ 24 മെത്രാപ്പോലീത്തമാരും സഹകാർമികത്വം വഹിക്കും. തുടർന്നാണ് സംസ്കാരം.
പള്ളിക്ക് കിഴക്ക് വശത്തായി വൈദികശ്രേഷ്ഠരുടെ കല്ലറയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് ഉമ്മൻ ചാണ്ടിക്കായി അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ പുതുപ്പള്ളിക്കും പള്ളിക്കും നൽകിയ സേവനങ്ങളോടുള്ള ആദരസൂചകമായാണ് പള്ളി അധികൃതർ പ്രത്യേക കബറിടം ഒരുക്കിയത്.
കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള എം സി റോഡിലാകമാനം ജനസാഗരമാണ് അദ്ദേഹത്തെ ഒരുനോക്ക് കാണാൻ ഒത്തുകൂടിയത്. 152 കിലോമീറ്റര്‍ താണ്ടി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്ത് എത്താൻ 28 മണിക്കൂറാണ് എടുത്തത്. അവസാനമായി ഒരുനോക്ക് കാണാന്‍ ഓടിയെത്തിയ ജനക്കൂട്ടത്തെ കൊണ്ട് കോട്ടയം നഗരവും നിറഞ്ഞു കവിഞ്ഞിരുന്നു.
വിങ്ങുന്ന ഹൃദയവുമായി വഴിയോരങ്ങളില്‍ ആയിരങ്ങള്‍ കാത്തുനിന്നുേ.തിരുനക്കരയില്‍ പൊതുദര്‍ശനം ആരംഭിച്ചപ്പോള്‍ മണിക്കൂറുകളോളം കാത്തിരുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിച്ചു. അങ്ങേയറ്റം വികാരനിര്‍ഭരമായ യാത്രയയപ്പാണ് ഉമ്മന്‍ ചാണ്ടിക്ക് നഗരം നല്‍കുന്നത്.
രാഹുല്‍ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലേക്ക് പുറപ്പെടും. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കബറിടത്തിലെ ശുശ്രൂഷ 15 മിനുട്ടില്‍ പൂര്‍ത്തിയാക്കും. കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കി മതപരമായ ചടങ്ങുകള്‍ മാത്രമാണ് നടക്കുക.
ജീവൽ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്ന നേതാവിനെ നാളെത്ര കഴിഞ്ഞാലും ജനം മറക്കില്ലെന്നതിന് ഉമ്മൻചാണ്ടിയുടെ ജീവിതം സാക്ഷിയാണ്. അന്ത്യനിദ്രയ്ക്കായി പിറന്ന മണ്ണിലേക്ക് എത്തിയ ജനകീയ നേതാവിന് ഏറ്റവും വൈകാരികമായ യാത്രയയപ്പാണ് ജനമഹാസാഗരം നൽകുന്നത്.
കോട്ടയം തിരുനക്കരയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരത്തെ പുതുപ്പള്ളിയിലേക്കുള്ള അവസാന യാത്രയിലുട നീളം ആയിരക്കണക്കിന് സാധാരണക്കാരാണ് ഉമ്മൻചാണ്ടിക്ക് അകമ്പടിയായത്. ജീവിതത്തിൽ ഏതൊക്കെയോ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ കരുതലും
സ്നേഹവും തിരിച്ചറിയാനായ പച്ച മനുഷ്യരായിരുന്നു അവരോരോരുത്തരും.
അറിഞ്ഞതൊന്നുമല്ല ഉമ്മൻചാണ്ടിയെന്ന് അനുഭവിപ്പിച്ചാണ് കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വം ഓർമയാകുന്നത്. കർമമണ്ഡലത്തിൽ നിന്ന് ജന്മദേശത്തേക്കുള്ള വിലാപയാത്ര ജനസമ്പർക്കം കൊണ്ട് മറ്റൊരു ചരിത്രമായി മാറി. ഒരു കയ്യൊപ്പ് കൊണ്ട് ജീവിതം തിരിച്ചുകിട്ടിയ ആയിരങ്ങൾ, ഒന്നിച്ചുവന്ന് ഉമ്മൻചാണ്ടിയെ സ്നേഹം കൊണ്ട് കുരുക്കികളഞ്ഞു.
ജനം ഇരമ്പിയിട്ടും ആൾക്കൂട്ടത്തിന്റെ രാജാവിന് അനക്കമില്ല. കോട്ടയത്തോട് അടുക്കുംതോറും സ്നേഹക്കോട്ടകൾ പലതും കണ്ടു. പുതുപ്പള്ളി എത്തുമ്പോഴേക്കും പല മനസുകളും വിങ്ങിപ്പൊട്ടി. ജനസാഗരത്തിന് നടുവിൽ നിൽക്കുമ്പോഴും ഞങ്ങൾ അനാഥരായെന്ന് പദം പറഞ്ഞവരാണേറയും. ഇനി കുഞ്ഞൂഞ്ഞിന് അന്ത്യവിശ്രമം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]