
കാക്കനാട്∙ പാലാരിവട്ടം-കാക്കനാട് റൂട്ടിലെ സമാന്തര റോഡായി ഉപയോഗിക്കുന്ന വെണ്ണല-പാലച്ചുവട്-തുതിയൂർ റോഡിൽ ഇന്നു മുതൽ വൈദ്യുത കേബിൾ (ഭൂഗർഭ) അറ്റകുറ്റപ്പണിക്കായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് വൻ ഗതാഗതക്കുരുക്കിന് കാരണമാകും.ഈ റോഡിൽ നിലവിൽ തിങ്ങിഞെരുങ്ങിയാണ് വാഹന നീക്കം. റോഡിന്റെ ഒരു വശം ഇന്നു മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിട്ടാകും അറ്റകുറ്റപ്പണിയെന്ന് വൈദ്യുതി ബോർഡ് അറിയിച്ചിട്ടുണ്ട്.
അതോടെ റോഡ് നിശ്ചലമാകും. ഈ റോഡിൽ കുരുക്കു മുറുകിയാൽ പാലാരിവട്ടം-കാക്കനാട് പ്രധാന റോഡിലേക്കും സീപോർട്ട്– എയർപോർട്ട് റോഡിലേക്കും വ്യാപിക്കും.മെട്രോ റെയിൽ നിർമാണം മൂലം ഈ രണ്ടു റോഡുകളിലും വൻ ഗതാഗതക്കുരുക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. ഇതുമൂലം കൊച്ചി നഗരത്തിലേക്കുള്ള വാഹനങ്ങൾ എളുപ്പത്തിൽ കടന്നു പോകുന്ന പാലച്ചുവട്-വെണ്ണല റോഡിൽ കൂടി നിയന്ത്രണം വരുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്ന് യാത്രക്കാർ പറയുന്നു.
കാക്കനാട്-പാലാരിവട്ടം റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ വാഹനങ്ങൾ ആലിൻചുവടിൽ നിന്നു വെണ്ണല, പാലച്ചുവട് വഴിയാണ് കാക്കനാട്ടേക്ക് പോകുന്നത്.വൈറ്റില ബൈപാസ്, തൃപ്പൂണിത്തുറ, എരൂർ ഭാഗങ്ങളിൽ നിന്നു കാക്കനാട്ടേക്കുള്ള വാഹനങ്ങളും വെണ്ണല-പാലച്ചുവട് റോഡാണ് ഉപയോഗിക്കുന്നത്. ബ്രഹ്മപുരം-കലൂർ 220 കെവി ഭൂഗർഭ ഫീഡറിലെ തകരാർ പരിഹരിക്കാനാണ് റോഡിൽ ഒരു മാസത്തേക്ക് ഭാഗികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നേരത്തേ ഈ കേബിളുകൾ സ്ഥാപിക്കാൻ കുഴിയെടുത്ത കാലത്ത് അനുഭവപ്പെട്ട
ഗതാഗതക്കുരുക്ക് നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു. കേബിളിടാൻ കുഴിച്ച റോഡിലൂടെ ഒന്നര വർഷത്തോളം സുഗമമായ വാഹന ഗതാഗതം സാധ്യമായിരുന്നില്ല. വൈദ്യുതി ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ അക്കാലത്തു നാട്ടുകാർ കേബിളിടൽ തടഞ്ഞിരുന്നു. തുതിയൂർ മുതൽ കലൂർ വരെയാണ് കേബിൾ സ്ഥാപിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]