
ടെഹ്റാൻ∙ ഇസ്രയേൽ ജൂൺ 16ന് നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന് നിസ്സാര പരുക്കേറ്റതായി ഇറാനിലെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ്. സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ യോഗം നടന്ന പടിഞ്ഞാറൻ ടെഹ്റാനിലെ കെട്ടിടത്തിൽ ഇസ്രയേൽ മിസൈൽ പതിച്ചതിനെത്തുടർന്നാണ് മസൂദ് പെഷസ്കിയാന് കാലിനു പരുക്കേറ്റത്.
പ്രസിഡന്റിനെ കൂടാതെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്സെനി എജെയ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ബെയ്റൂട്ടിൽ വച്ച് ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്റുല്ലയെ വധിച്ചതിനു സമാനമായ രീതിയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്കും പുറത്തേക്കുള്ള കവാടത്തിലേക്കും ആറ് മിസൈലുകൾ പതിച്ചു. ഇറാനിയൻ ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ താഴത്തെ നിലകളിലായിരുന്നു.
സ്ഫോടനങ്ങൾക്കു ശേഷം ആ നിലയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗം മുൻകൂട്ടി തയാറാക്കിയിരുന്നതിനാൽ ഉദ്യോഗസ്ഥർ അതിലൂടെ രക്ഷപ്പെട്ടു എന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
പെഷസ്കിയാനൊപ്പം മറ്റു ചില ഉദ്യോഗസ്ഥർക്കും നിസ്സാര പരുക്കേറ്റിരുന്നു.
ആക്രമണത്തിന്റെ കൃത്യത കണക്കിലെടുത്ത്, ഒരു ചാരന്റെ ഇടപെടൽ സംഭവത്തിനു പിന്നിലുണ്ടോയെന്ന് അധികൃതർ അന്വേഷിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. തന്നെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചെന്ന് മസൂദ് പെഷസ്കിയാൻ നേരത്തെ ആരോപിച്ചിരുന്നു.
12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രയേൽ സൈന്യം നിരവധി ഉന്നത ഇറാനിയൻ സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം ATTA KENARE / AFP എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]