
ബദിയടുക്ക ∙ ചെർക്കള –കല്ലടുക്ക സംസ്ഥാനാന്തര പാതയിൽ കുഴിയടയ്ക്കുന്നതിനു 8 ലക്ഷം രൂപ അനുവദിച്ചിട്ടും മഴ മാറാത്തതിനാൽ കുഴിയടയ്ക്കാനായിട്ടില്ല. കുഴികൾ വൻകുഴികളായി മാറുകയും ചെയ്തു.
മഴ ശക്തമായാൽ ഇത് വഴിയുള്ള യാത്ര ദുസ്സഹമാവും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭാഗികമായി നവീകരിച്ച് പ്രവൃത്തി മുടങ്ങിയ റോഡാണിത്.കാലവർഷം തുടങ്ങുന്നതിനു മുൻപ് കുഴി നികത്താനുള്ള ഫണ്ടാണ് കാലവർഷം തുടങ്ങിയപ്പോൾ ലഭിച്ചത്.
മഴ മാറിക്കിട്ടിയാൽ കുഴി നികത്താനാവുമെന്ന് കിഫ്ബി അധികൃതർ അറിയിച്ചു. ചെർക്കള മുതൽ ഉക്കിനടുക്കവരെ 19.94 കിലോമീറ്റർ റോഡ് 2018 ജൂലൈയിലാണ് ഈ റോഡിന്റെ ടെൻഡറായത്.2018 ഒക്ടോബർ 10നാണ് കരാർ ഒപ്പുവെച്ചത്.2019 ഒക്ടോബർ 24വരേയായിരുന്നു നവീകരണ കാലാവധി.35,68,01,761കോടിരൂപയായിരുന്നു കരാർത്തുക.ആദ്യത്തെ ലെയർ ടാറിങ്ങിനുശേഷം രണ്ടാമത്തെ ലെയർ ടാറിങ് നടത്തിയിട്ടില്ല.
ഇതിനിടയിൽ കരാറുകാരൻ പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ കരാറുകാരനെ മാറ്റി വേറെ കരാറുകാരനെ ഏൽപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും മുടങ്ങിയ പ്രവൃത്തി തുടങ്ങിയിട്ടില്ല.78% പ്രവൃത്തി മാത്രമാണ് നടന്നത്. പള്ളത്തടുക്ക, കരിമ്പില, നെക്രാജെ, ചേടിക്കാന, എടനീർ എന്നിവിടങ്ങളിലൊക്കെ നിറയെ കുഴികളാണുള്ളത്.
പള്ളത്തടുക്ക, നെക്രാജെ, എടനീർ എന്നിവിടങ്ങളിൽ നിറയെ കുഴികളായതിനാൽ വാഹനങ്ങൾക്ക് പോകാൻ റോഡില്ലാത്ത സ്ഥിതിയാണ്.ചെറുവാഹനങ്ങൾ കുഴിയിൽ വീണ് യന്ത്രത്തകരാറുണ്ടാകുന്നു.
ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാനാന്തര പാതയിൽ എതിർത്തോട് വളവിൽ നിലവിലുള്ള കലുങ്കിന്റെ ഇരുവശങ്ങളിലും സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ വാഹനങ്ങൾ അരികിലുള്ള തോട്ടിലേക്ക് വീണ് വലിയ അപകടം ഉണ്ടാകുവാനുള്ള സാധ്യതയുമുണ്ട്. അടിയന്തരമായി സംരക്ഷണ ഭിത്തി ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]