
വൈപ്പിൻ ∙ മുനമ്പം മത്സ്യബന്ധന തുറമുഖ നവീകരണത്തിനു ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കുന്നതിനായി കേരള സർക്കാരിന്റെ ശുപാർശ സഹിതമുള്ള വിശദമായ പദ്ധതിരേഖ വേണ്ടിവരുമെന്നു കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ് ഹൈബി ഈഡൻ എംപിയെ രേഖാമൂലം അറിയിച്ചു. 169.17 കോടി രൂപ ചെലവിൽ നടക്കുന്ന തോപ്പുംപടിയിലെ മത്സ്യബന്ധന തുറമുഖ ആധുനികവൽക്കരണ പദ്ധതിയുടെ മാതൃകയിൽ മുനമ്പം മത്സ്യബന്ധന തുറമുഖത്തെയും നവീകരിക്കാൻ നടപടി വേണമെന്ന് ജനുവരിയിൽ മന്ത്രിയെ സന്ദർശിച്ചു ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടതിന്റെ മറുപടിയിലാണു സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട
നടപടികൾ പരാമർശിച്ചത്.
മുനമ്പം മത്സ്യബന്ധന തുറമുഖ നവീകരണത്തിനുള്ള നിർദേശം കേന്ദ്ര ഫിഷറീസ് മന്ത്രാലയം പരിശോധനയ്ക്കെടുക്കാൻ സാങ്കേതിക -സാമ്പത്തിക പ്രായോഗികത സംബന്ധിച്ചു സംസ്ഥാന സർക്കാരിൽ നിന്നു നിർദേശവും പദ്ധതി രേഖയും ലഭിക്കണമെന്നു മറുപടിയിൽ പറയുന്നു. തുറമുഖത്ത് മുഴുവൻ സമയ സുരക്ഷ, സിസിടിവി നിരീക്ഷണം, മത്സ്യത്തൊഴിലാളികൾക്ക് വിശ്രമത്തിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും വേണ്ട
സൗകര്യങ്ങൾ, മത്സ്യത്തൊഴിലാളികളും ഇടനിലക്കാരും വാഹന തൊഴിലാളികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമടക്കം തുറമുഖവുമായി ബന്ധപ്പെടുന്ന എല്ലാവർക്കും വേണ്ട
അടിസ്ഥാന സൗകര്യങ്ങൾ, മത്സ്യം ശേഖരിക്കാനും അവ ഗുണമേന്മ നഷ്ടപ്പെടാതെ ന്യായവിലയ്ക്കു വിപണനം ചെയ്യാനും വേണ്ട സൗകര്യങ്ങൾ എന്നിവയാണ് മുനമ്പം തുറമുഖത്തിനു വേണ്ടതെന്നും എംപി മന്ത്രിയെ ധരിപ്പിച്ചിരുന്നു.
ശുചിത്വം, മാലിന്യ സംസ്കരണം, വിശ്രമം, വിപണനം എന്നിങ്ങനെ ഇവിടെയെത്തുന്ന വിവിധ വിഭാഗങ്ങൾക്ക് വേണ്ട
സൗകര്യങ്ങളൊരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുറമുഖത്തെയും പരിസര പ്രദേശങ്ങളെയും കടൽ ക്ഷോഭത്തിലും പ്രകൃതിദുരന്തങ്ങളിലും നിന്നു രക്ഷിക്കാൻ ശക്തമായ കടൽഭിത്തികളുടെയും മറ്റും നിർമാണം ഉൾപ്പെടെയുള്ള പദ്ധതി നിർദേശങ്ങൾ എംപി സമർപ്പിച്ചിരുന്നുകാലതാമസം കൂടാതെ വിശദ പദ്ധതി രേഖ തയാറാക്കി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയാറായാൽ ഈ പ്രദേശത്തെ ജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവർക്കും തീരദേശത്തിനാകെയും ഗുണപ്പെടുമെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]