
ഇരിട്ടി∙ മേഖലയിലെ നിർധനരായ വൃക്ക രോഗികൾക്കു ആശ്വാസം പകർന്നു 7 വർഷമായി പ്രവർത്തിക്കുന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ അടച്ചുപൂട്ടാതിരിക്കാൻ ശ്രമം തുടങ്ങി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ വ്യക്തികളുടെയും സംഘടനകളുടെയും സഹായം തേടാനും സുമനസ്സുകളെ നേരിട്ടു സമീപിക്കാനും ഇരിട്ടി നഗരസഭാ കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ അടിയന്തര നിർവഹണ സമിതി യോഗം തീരുമാനിച്ചു.
നടത്തിപ്പിനു പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ജീവനക്കാരുടെ 2 മാസത്തെ ശമ്പളം ഉൾപ്പെടെ മുടങ്ങി ഡയാലിസിസ് സെന്റർ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടത്.
2019 മേയ് 20 ന് താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് ജനകീയ സഹകരണത്തോടെ ഫണ്ട് സമാഹരിച്ചാണു പ്രവർത്തിക്കുന്നത്. 2 ഷിഫ്റ്റിലായി 36 പേർക്കാണ് ഡയാലിസിസ് നൽകുന്നത്.
3–ാം ഷിഫ്റ്റും കൂടി തുടങ്ങി 18 പേർക്കു കൂടി അവസരം ലഭ്യമാക്കാൻ സാഹചര്യം ഉണ്ടെങ്കിലും 2 ഷിഫ്റ്റ് തന്നെ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 256 പേർ ഡയാലിസിസിനായി അപേക്ഷ നൽകി കാത്തിരിപ്പുണ്ട്.
കൂടുതൽ ഫണ്ട് സമാഹരിച്ചു
3 –ാം ഷിഫ്റ്റും കൂടി യാഥാർഥ്യമാക്കാനുള്ള ശ്രമം ശക്തമാക്കാനും സൊസൈറ്റി യോഗം തീരുമാനിച്ചു.
ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ.സോയ, വെൽഫെയർ സൊസൈറ്റി സെക്രട്ടറി അയൂബ് പൊയിലൻ, ആശുപത്രി സൂപ്രണ്ട് ഡോ.
എം.രാജേഷ്, ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് നഴ്സ് മോളി പീറ്റർ, സൊസൈറ്റി നിർവാഹക സമിതി അംഗങ്ങളായ തോമസ് വർഗീസ്, ബാബുരാജ് ഉളിക്കൽ, സി.വി.എം.വിജയൻ, എൻ.വി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എസ്ബിഐ ഇരിട്ടി ശാഖ മുഖേന സംഭാവനകൾ അയയ്ക്കാം: കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി, അക്കൗണ്ട് നമ്പർ: 40789435811, ഐഎഫ്എസ്സി കോഡ്: എസ്ബിഐഎൻ 0017063.
വർഷം 20 ലക്ഷം ജനകീയമായി കണ്ടെത്തണം
കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി വിവിധ പദ്ധതികൾക്ക് രൂപം നൽകി.
മേഖലയിലെ വിദ്യാലയങ്ങൾ, കോളജുകൾ, കുടുംബശ്രീ യൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, സുമനസ്സുകൾ എന്നിവരെ നേരിൽ കണ്ടു ഫണ്ട് സമാഹരണം നടത്തും. സമ്മാനക്കൂപ്പൺ പദ്ധതി നടപ്പാക്കും.
കൂടുതൽ ആളുകളെ സൊസൈറ്റി അംഗങ്ങളാക്കി പ്രവേശന ഫീസും വരിസംഖ്യയും വഴി വരുമാന വർധന ഉറപ്പാക്കും. സ്കൂളുകളിലും കൂടുതൽ വ്യാപാര, ധനകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ സംഭാവന ബോക്സ് വയ്ക്കും.
സന്നദ്ധ സംഘടനകളുടെ സഹായവും തേടും. 2 ഷിഫ്റ്റ് പ്രവർത്തിപ്പിക്കാൻ 96 ലക്ഷം രൂപയോളമാണു വർഷം വേണ്ടത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം വേണം
ജനകീയമായി പണം കണ്ടെത്തുന്നതു ഓരോ വർഷവും പ്രതിസന്ധിയായി മാറുന്ന സാഹചര്യത്തിൽ ഡയാലിസിസ് സെന്ററിന്റെ പരിധിയിൽ വരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹകരണം വേണമെന്നും സൊസൈറ്റി യോഗത്തിൽ ആവശ്യം ഉയർന്നു.
ജീവനക്കാർക്ക് ശമ്പളം നൽകാനായി മാത്രം മാസം തോറും 1.32 ലക്ഷം രൂപ വേണം . താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ഇരിട്ടി നഗരസഭയ്ക്കൊപ്പം മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളും പദ്ധതി വിഹിതമായി ഡയാലിസിസ് രോഗികൾക്ക് സഹായധനം അനുവദിക്കാനുള്ള സാധ്യത വിനിയോഗിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാനും ഭാവിയിൽ 3 ഷിഫ്റ്റ് പ്രവർത്തനസജ്ജമാക്കാനും സാധിക്കൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]