
തൊട്ടിൽപാലം∙ കാട്ടാനയുടെ ആക്രമണത്തിൽ 4 പേർക്ക് പരുക്ക്. 2 സ്ത്രീകൾക്കും 2 കുട്ടികൾക്കുമാണ് പരുക്കേറ്റത്.
കാവിലുംപാറ പഞ്ചായത്തിലെ ചൂരണി മലയിലാണ് സംഭവം. ഇന്നലെ രാവിലെ ടൗണിലേക്ക് വരികയായിരുന്ന നെടിയവളപ്പിൽ ഷീജയും മകൻ എബിനുമാണ് ആനയുടെ മുന്നിൽ അകപ്പെട്ടത്. ഇവർ സ്കൂട്ടറിലെത്തിയത്, റോഡിന്റെ നടുവിൽ നിലയുറപ്പിച്ച കാട്ടാനയുടെയും ആനക്കുട്ടിയുടെയും മുന്നിലായിരുന്നു. സ്കൂട്ടറിൽ ആന ചവിട്ടിയതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു.
മറിഞ്ഞുവീണ സ്കൂട്ടർ ആന നശിപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അദ്ഭുതകരമായാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് ഷീജ പറഞ്ഞു.
തൊട്ടടുത്തുണ്ടായിരുന്ന മാനാടിയിൽ ശാന്തയും മകൾ സനികയും ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് പരുക്കേറ്റു.
എല്ലാവരും കുറ്റ്യാടി ആശുപത്രിയിൽ ചികിത്സ തേടി. ഈ പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം ഉണ്ട്.
കുറ്റ്യാടി ഫോറസ്റ്റ് ഓഫിസിൽ അറിയിച്ചാൽ അവർ വന്ന് ആനകളെ ഓടിക്കുമെങ്കിലും രാത്രിയോടുകൂടി ആനകൾ തിരിച്ചെത്തുകയാണെന്ന് ഈ പ്രദേശത്തുള്ള രണ്ടു വീട്ടുകാരും പറയുന്നു.അടിയന്തരമായി കാട്ടാനശല്യം തടയാനുള്ള നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഇതിനടുത്തുള്ള ലഡാക്ക് മലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
ആനപ്പേടിയിൽ മുറ്റത്തുപ്ലാവ്
കാവിലുംപാറ∙ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാന എത്തി.
ജനസാന്ദ്രതയുള്ള മുറ്റത്തുപ്ലാവ് മലയോര മേഖലയിലാണ് കാട്ടാനക്കൂട്ടം നാശം വിതയ്ക്കുന്നത്. 60 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ രാത്രിയിലാണ് കാട്ടാനക്കൂട്ടം എത്തുന്നത്.വീട്ടുമുറ്റങ്ങളിൽ പോലും ആനകൾ എത്തിയതോടെ ഭീതിയിലാണ് കഴിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു.വ്യാപകമായി കൃഷികളും നശിപ്പിക്കുന്നുണ്ട്.
കരിമാക്കിയിൽ ബിജുവിന്റെ സ്ഥലത്തെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. വയനാടിനോടു ചേർന്നു കിടക്കുന്ന വനത്തിൽ ആനകൾ പെരുകിയതാണ് മഴക്കാലത്ത് പോലും ജനവാസ മേഖലകളിൽ ആനക്കൂട്ടം ഇറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]