
കൈനകരി ∙ മട വീണ പാടശേഖരങ്ങളിലെ മട
കുത്തൽ വൈകുന്നു. കൈനകരി നിവാസികൾ ദുരിതത്തിലായി .
കൈനകരി കൃഷിഭവൻ പരിധിയിലെ ആറുപങ്ക്, പരുത്തിവളവ് പാടശേഖരങ്ങളിലാണു കഴിഞ്ഞ മേയ് അവസാനം വെള്ളപ്പൊക്കത്തിൽ മട വീണത്.
ആറുപങ്കിൽ മട വീണതോടെ സമീപത്തെ ചെറുകാലി കായൽ പാടശേഖരത്തിലും വെള്ളം കയറിയിരുന്നു.
3 പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞതോടെ പ്രദേശം വെള്ളക്കെട്ടിലായിരുന്നു.
ഒന്നര മാസത്തിലേറെയായി തുടരുന്ന വെള്ളക്കെട്ടു ദുരിതം പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. വെള്ളം കയറിയ വീടുകളിൽ നിന്നു മാറി ബന്ധുവീടുകളിലും സമീപത്തെ വെള്ളം കയറാത്ത വീടുകളിലും മറ്റുമായിട്ടാണ് ഇവിടെയുള്ളവർ താമസിക്കുന്നത്. വെള്ളക്കെട്ടു തുടരുന്നതുമൂലം സംസ്കാര ചടങ്ങുകളും മറ്റും നടത്താനാണു പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടു നേരിടുന്നത്.
വീട്ടുവളപ്പിൽ സംസ്കാരം നടത്താൻ തീർത്തും നിർവാഹമില്ലാത്തവർ പഞ്ചായത്തിന്റെ അനുമതിയോടെ ആലപ്പുഴയിലെ പൊതു ശ്മശാനത്തിലും മറ്റുമാണു സംസ്കാരം നടത്തുന്നത്. സ്വന്തം വീടുകളിൽ തന്നെ സംസ്കാരം നടത്തണമെന്നുള്ളവർ വെള്ളക്കെട്ട് ഒഴിവാക്കാൻ താൽക്കാലിക സംവിധാനം ഒരുക്കിയാണു ചിത ഒരുക്കുന്നത്.
ഇന്നലെ അന്തരിച്ച കൈനകരി പഞ്ചായത്ത് വാർഡിൽ ആറുപങ്ക് പാടശേഖരത്തിന്റെ വടക്കു ബണ്ടിൽ കിഴക്കായി അംബേദ്കർ ജെട്ടിക്കു സമീപം വെളുത്തേരി മീനാക്ഷി ഗോപാലന്റെ ( 95) സംസ്കാരം ഏറെ ബുദ്ധിമുട്ടിയാണു വീട്ടിൽ തന്നെ നടത്തിയത്.
മേയ് 27നു മടവീണ് വീട്ടിൽ വെള്ളം കയറിയതിനെതുടർന്ന് ഏറെനാളായി കിടപ്പിലായിരുന്ന മീനാക്ഷി ഒന്നരമാസമായി വീട്ടുകാർക്കൊപ്പം മണ്ണഞ്ചേരിയിലാണു താമസിച്ചിരുന്നത്. അസുഖം കൂടിയതോടെ വെള്ളിയാഴ്ച രാത്രി ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിലെത്തിയെങ്കിലും മരിച്ചു.
വീടും പറമ്പും വെള്ളത്തിലായതിനാൽ ബണ്ടിനോടു ചേർന്നു മുള നാട്ടി ചാക്ക് വിരി കൊണ്ടു ചുറ്റും മറച്ചു മുളയും കടകൽ പുല്ലും ഇട്ടു മുകളിൽ മണ്ണ് വിരിച്ച് ഉയർത്തിയ താൽക്കാലിക ചിതയൊരുക്കി.
വാതകം കൊണ്ടു പ്രവർത്തിക്കുന്ന പെട്ടിയിലാണു സംസ്കാരം നടത്തിയത്. സമാനമായ ദുരിതത്തിലൂടെയാണു പ്രദേശവാസികൾ കടന്നു പോകുന്നത്.
ബന്ധപ്പെട്ടവർ അടിയന്തരമായി മട കുത്തൽ പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]