
ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിനു സമീപത്തെ പന്നിക്കോട്ടൂർ വനമേഖലയിൽ നിന്നു ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.മുൻപ് റോഡുകളിൽ ആനകൾ ഇറങ്ങാറുണ്ടായിരുന്നെങ്കിലും അക്രമകാരികളായിരുന്നില്ല. ഇപ്പോൾ മനുഷ്യരെ ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്.സോളർ വേലി തകർത്ത് കുറ്റ്യാടി പുഴ നീന്തിക്കയറിയാണു വീടുകളുടെ മുറ്റത്ത് വരെ ആനകളെത്തുന്നത്.
വീട്ടുമുറ്റത്ത് ആനകളെത്തി ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ആദ്യമാണെന്ന് പന്നിക്കോട്ടൂർ നഗർ നിവാസികൾ പറയുന്നു.209 നഗർ നിവാസികൾ ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് കാട്ടാനകൾ വിലസുന്നത്.പകൽ പോലും ഇപ്പോൾ ആനകൾ റോഡിൽ ഇറങ്ങുന്നുണ്ട്.
നഗർ നിവാസികൾ ജോലിക്കു പോയി തിരിച്ചുവരുന്നത് രാത്രിയിലാണ്. പെരുവണ്ണാമൂഴി – ചെമ്പനോട
റൂട്ടിൽ പന്നിക്കോട്ടൂർ വയൽ മേഖലയിലും കാട്ടാനകൾ ഇറങ്ങുന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാണ്.ഒരു കൊമ്പനും ഒരു പിടിയും ഒരു കുട്ടിയുമുൾപ്പെടെ 3 ആനകളാണ് കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് വിലസുന്നത്. ആനകളെ മയക്കുവെടി വയ്ക്കാനും ഉൾവനത്തിലേക്ക് കയറ്റി വിടാനും വനം വകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വനംവകുപ്പ് പ്രതിരോധം ശക്തമാക്കി
പെരുവണ്ണാമൂഴി∙ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ആക്രമണം തുടരുന്ന സാഹചര്യത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി.
വൈകിട്ട് 5ന് ശേഷം വനമേഖലയിലെ റോഡിലൂടെ യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് അധികൃതർ മൈക്ക് പ്രചാരണം നടത്തി.രാത്രി പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട്. താമരശ്ശേരി ആർആർടി സംഘവും പെരുവണ്ണാമൂഴി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജി.എസ്.സജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.റോഡരികിൽ ടയർ കത്തിച്ച് ആനകളെ തുരത്താൻ നീക്കം ആരംഭിച്ചു.
ഈ മേഖലയിൽ പഞ്ചായത്തിന്റെ തെരുവുവിളക്കുകൾ അണഞ്ഞതും വന്യമൃഗ ശല്യം വർധിക്കാൻ കാരണമായിട്ടുണ്ട്.
രാജൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പെരുവണ്ണാമൂഴി∙ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ മുൻപിൽ അകപ്പെട്ടെങ്കിലും മനോധൈര്യം കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് പന്നിക്കോട്ടൂർ നഗർ നിവാസിയായ പുത്തരിപ്പാറ പി.കെ.രാജൻ പറഞ്ഞു.ചെമ്പനോട റോഡിലെ പന്നിക്കോട്ടൂർ നഗർ– ചെമ്മീൻ കമ്പനി റോഡിൽ വെള്ളിയാഴ്ച രാത്രി 7ന് മരംമുറിക്കൽ ജോലി കഴിഞ്ഞ് വരികയായിരുന്ന രാജന്റെ പിന്നാലെ തുമ്പിക്കൈ നീട്ടി ആന അടുത്തപ്പോൾ സ്കൂട്ടർ റോഡിലേക്ക് മറിച്ചിട്ട് പിന്തിരിഞ്ഞ് ഓടുകയായിരുന്നു.
ഒരു കിലോമീറ്റർ കൂരിരുട്ടത്ത് ഓടിയാണ് ഇദ്ദേഹം നഗർ ജംക്ഷനിൽ എത്തിയത്. അവിടെ നിന്ന് ബൈക്കിൽ കയറി ചെമ്പനോടയിലെത്തി ഓട്ടോറിക്ഷയിലാണ് പന്നിക്കോട്ടൂരിലെ വീട്ടിലേക്ക് എത്തിയത്.
വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ച് ഉദ്യോഗസ്ഥരെത്തി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഓടുന്നതിനിടെ വീണ് ചെറിയ പരുക്കേറ്റിരുന്നു.
വനം വകുപ്പ് ഗാർഡിനെ രക്ഷിച്ച് പ്ലസ്വൺ വിദ്യാർഥിനി
പെരുവണ്ണാമൂഴി∙ കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് ആനയുടെ തുമ്പിക്കൈയിൽ കുടുങ്ങാറായ വനം വകുപ്പ് ഗാർഡിനെ വീടിന്റെ പിൻവശത്തെ ഗ്രിൽസ് തുറന്ന് രക്ഷപ്പെടുത്തിയത് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി വൈശങ്കരമീത്തൽ പൂജ വിനോദിന്റെ ധീരത.പന്നിക്കോട്ടൂർ തിമിരിപ്പാലത്തിന് സമീപത്ത് തെക്കുപുറത്ത് അനിതയുടെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനകളെ ഓടിക്കുന്നതിനിടെയാണു വനം വകുപ്പ് ഗാർഡ് മുതുകാട് സ്വദേശി പ്രദീപൻ ആനയുടെ മുൻപിൽ അകപ്പെട്ടത്.തുടർന്ന് ആന സമീപത്തെ കോൺക്രീറ്റ് വേസ്റ്റ് ടാങ്ക് , വാഴ എന്നിവ നശിപ്പിച്ച് പിൻമാറുകയായിരുന്നു.
വിദ്യാർഥിയുടെ സമയോചിതമായ ഇടപെടലാണ് ഗാർഡിന്റെ ജീവൻ രക്ഷിച്ചത്.
പികെഎസ് നേതാക്കൾ സന്ദർശിച്ചു
പെരുവണ്ണാമൂഴി∙ പന്നിക്കോട്ടൂരിൽ ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന ശല്യം ഇല്ലാതാക്കാൻ ശാശ്വത പരിഹാരം കാണണമെന്ന് പട്ടികജാതി ക്ഷേമസമിതി പേരാമ്പ്ര ഏരിയ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.കാട്ടാനകൾ നശിപ്പിച്ച കൃഷിയിടവും കാട്ടാന ആക്രമിച്ച പി.കെ.രാജനെയും നേതാക്കൾ സന്ദർശിച്ചു.ഏരിയ സെക്രട്ടറി എം.എം.ബാലകൃഷ്ണൻ, കെ.കെ.രാജീവൻ, ടി.എം.ചന്ദ്രൻ, മെംബർ എം.എം.പ്രദീപൻ, രതിൻ ചെങ്കോട്ടക്കൊല്ലി, ചിഞ്ചു രാജേഷ്, എ.കെ.നിധീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
മയക്കുവെടി വയ്ക്കണം: കിഫ
പെരുവണ്ണാമൂഴി∙ പന്നിക്കോട്ടൂർ മേഖലകളിലെ കാട്ടാനകളെ മയക്കുവെടി വച്ച് പിടികൂടി ആനക്കൂട്ടിലേക്ക് മാറ്റണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി ആവശ്യപ്പെട്ടു.7 മാസം മുൻപ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത പൂഴിത്തോട് മുതൽ സീതപ്പാറ വരെയുള്ള സോളർ തൂക്കുവേലി നിർമാണം ഉടൻ ആരംഭിക്കണം. കിഫ നേതാക്കളായ ജോസഫ് ഇല്ലിക്കൽ, പ്രസാദ് കണ്ടത്തിൽ, ബാബു താമരശ്ശേരി എന്നിവർ കൃഷിനാശം സംഭവിച്ച ഭൂമിയും കാട്ടാന ആക്രമിച്ച തൊഴിലാളിയെയും സന്ദർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]