
കേരളത്തിലെ സ്വർണ വിലയിൽ ഇന്നും വൻ മുന്നേറ്റം. ഗ്രാമിന് 65 രൂപ വർധിച്ച് വില 9,140 രൂപയും പവന് ഒറ്റയടിക്ക് 520 രൂപ ഉയർന്ന് 73,120 രൂപയിലുമെത്തി.
ഇതോടെ കഴിഞ്ഞ 3 ദിവസത്തിനിടെ ഗ്രാമിന് കൂടിയത് 140 രൂപ; പവന് 1,120 രൂപയും. ജൂൺ 24നു ശേഷം ആദ്യമായാണ് കേരളത്തിൽ ഗ്രാം വില 9,100 രൂപയും പവൻ 73,000 രൂപയും ഭേദിക്കുന്നത്.
കുതിച്ചുമുന്നേറുകയാണ് 18 കാരറ്റ്, വെള്ളി വിലകളും.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണ വില ഇന്ന് 50 രൂപ ഉയർന്ന് 7,530 രൂപയായി.
വെള്ളി വില ഗ്രാമിന് 3 രൂപ ഉയർന്ന് റെക്കോർഡ് 123 രൂപയും. എസ്.
അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റിനു നൽകിയ വില ഗ്രാമിന് 50 രൂപ ഉയർത്തി 7,490 രൂപ; വെള്ളിക്ക് 4 രൂപ വർധിപ്പിച്ച് 122 രൂപയുമാക്കി.
ട്രംപിൽ തെന്നി സ്വർണക്കുതിപ്പ്
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ വിലക്കുതിപ്പ്. രാജ്യാന്തര വില ഔൺസിന് 38.64 ഡോളർ ഉയർന്ന് 3,355.95 ഡോളറിലാണ് നിലവിലുള്ളത്.
ഒരുഘട്ടത്തിൽ 3,366 ഡോളർ വരെ ഉയരുകയും ചെയ്തിരുന്നു.
സ്വർണക്കുതിപ്പിന്റെ കാരണങ്ങൾ:
1)
ട്രംപിന്റെ താരിഫ് പോര്:
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും താരിഫ് പോര് ശക്തമാക്കിയത് ആഗോള സാമ്പത്തിക രംഗത്ത് വിതയ്ക്കുന്ന ആശങ്ക ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങൾക്ക് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുന്നു.
2)
ഡോളർ മുന്നോട്ട്:
താരിഫ് ആശങ്ക മൂലം ഓഹരി വിപണികൾ നേരിടുന്ന തളർച്ച, ഡോളറിന്റെ മൂല്യത്തിലെ ഉയർച്ച എന്നിവയും സ്വർണത്തിന് നേട്ടമാകുന്നു. നിക്ഷേപകർ ഓഹരികളെ കൈവിട്ട് നിക്ഷേപം സ്വർണത്തിലേക്ക് മാറ്റുകയാണ്.
ഡോളറിന്റെ മൂല്യം ഉയർന്നത് സ്വർണത്തിന്റെ വാങ്ങൽച്ചെലവ് കൂട്ടിയതും വിലയെ സ്വാധീനിച്ചു.
3)
ഓഹരി താഴോട്ട്:
താരിഫ് പ്രതിസന്ധിയെ തുടർന്ന് യുഎസിൽ ഓഹരി സൂചികകളായ ഡൗ ജോൺസ് 0.63%, നാസ്ഡാക് 0.22%, എസ് ആൻഡ് പി500 സൂചിക 0.33% എന്നിങ്ങനെ ഇടിഞ്ഞു. ട്രംപിൽ നിന്ന് താരിഫ് കൂട്ടിക്കൊണ്ടുള്ള കത്ത് ഉടൻ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന യൂറോപ്പിൽ എഫ്ടിഎസ്ഇ സൂചിക 0.38 ശതമാനം ഇടിഞ്ഞതും സ്വർണത്തിനു നേട്ടമായി.
4)
റഷ്യയ്ക്കെതിരെ ട്രംപ്:
യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിക്കാനും യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നൽകാനുമുള്ള ട്രംപിന്റെ നീക്കവും സ്വർണത്തിനാണ് അനുകൂലമാകുന്നത്.
റഷ്യയും യുഎസും തമ്മിൽ ഭിന്നതയിലാകുന്നതും രാജ്യാന്തര സാമ്പത്തിക രംഗത്ത് കരിനിഴൽ വീഴ്ത്തും. ഇത്തരം സന്ദർഭങ്ങളിൽ പൊതുവേ സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന ഖ്യാതി കിട്ടുകയും വില കൂടുകയും ചെയ്യും.
വെള്ളിയുടെ തേരോട്ടം
സ്വർണത്തിനു മാത്രമല്ല, സിൽവർ ഇടിഎഫ് പോലുള്ള വെള്ളിനിക്ഷേപ പദ്ധതികൾക്കും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുകയാണ് ട്രംപിന്റെ ചുങ്കപ്പോര്.
രാജ്യാന്തര വിപണിയിൽ വെള്ളി വില ഔൺസിന് 13 വർഷത്തെ ഉയരത്തിലെത്തി. ഔൺസിന് 1.54 ഡോളർ ഉയർന്ന് 38.42 ഡോളറിലാണ് നിലവിൽ വ്യാപാരം.
2011 ഓഗസ്റ്റ് 18ന് രേഖപ്പെടുത്തിയ 40.69 ഡോളറാണ് റെക്കോർഡ്.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ ശക്തമായതും സ്വർണത്തിനും വെള്ളിക്കും കുതിപ്പിനുള്ള വളമാകുന്നുണ്ട്. പലിശനിരക്ക് താഴ്ന്നാൽ ബാങ്ക് നിക്ഷേപങ്ങൾ, കടപ്പത്രങ്ങൾ എന്നിവ അനാകർഷകമാകും.
ഡോളറിന്റെ മൂല്യവും കുറയും. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടും; വിലയും ഉയരും.
പണിക്കൂലിയും ജിഎസ്ടിയും
ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എന്തുവില നൽകണം? 73,120 രൂപ മതിയോ? പോരാ!
ഈ വിലയ്ക്കൊപ്പം 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയും ചേരുമ്പോഴാണ് സ്വർണാഭരണത്തിന്റെ വാങ്ങൽവിലയാകുന്നത്.
പണിക്കൂലി ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം. 5% പണിക്കൂലിക്കാണ് ഇന്ന് ആഭരണം വാങ്ങുന്നതെങ്കിൽപ്പോലും ഒരു പവന് ഇന്ന് 79,134 രൂപയാകും.
ഒരു ഗ്രാം സ്വർണാഭരണത്തിന് 9,892 രൂപയും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Shutterstock (Pucs Fongabe)ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]