
കൊച്ചി ∙ മറ്റൊരാൾക്കു ഹാനിയുണ്ടാക്കാനായിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ മോട്ടർ സൈക്കിളും മാരകായുധത്തിന്റെ പരിധിയിൽ വരുമെന്നു ഹൈക്കോടതി. പ്രണയം എതിർത്തതിന്റെ പേരിൽ 20 വർഷം മുൻപ് പെൺകുട്ടിയുടെ അച്ഛനെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയെന്ന കേസിൽ ശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം അനുവദിക്കാതിരുന്ന ഉത്തരവിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ 20 വർഷം പിന്നിട്ടെന്നതും പെൺകുട്ടിയുടെ അച്ഛന് ചെറിയ പരുക്കേയുണ്ടായുള്ളൂയെന്നതും ഉൾപ്പെടെ കണക്കിലെടുത്ത് ശിക്ഷ ആറുമാസം വെറും തടവ് എന്നത് കോടതി പിരിയും വരെ എന്നാക്കി ചുരുക്കി.
പിഴ 2000 ൽനിന്ന് 50000 ആക്കി ഉയർത്തി. ശിക്ഷയിൽ ഇളവു നൽകുന്നതിനെ എതിർത്ത് പെൺകുട്ടിയുടെ പിതാവും ഹൈക്കോടതിയിലെത്തിയിരുന്നു. എന്നാൽ മകൾ ഇപ്പോൾ വിവാഹിതയായി സ്വസ്ഥമായി താമസിക്കുകയാണെന്ന് പിതാവ് അറിയിച്ചതുൾപ്പെടെ കോടതി കണക്കിലെടുത്തു.
കൊല്ലം സ്വദേശിയായിരുന്നു വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കാനായി ഹൈക്കോടതിയിലെത്തിയത്.
2005 മേയ് 11 ന് രാത്രി 9.20 ന് ജോലികഴിഞ്ഞ് പോകുകയായിരുന്ന വാദിയെ പിന്നിൽ നിന്ന് ബൈക്ക് ഇടിച്ചുവീഴിച്ചു എന്നായിരുന്നു കേസ്.മകളുമായുള്ള ഹർജിക്കാരന്റെ ബന്ധം ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം എന്നായിരുന്നു ആരോപണം. കേസിൽ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി ആറുമാസം വെറും തടവിനാണ് ശിക്ഷിച്ചത്.
ഇത് കൊല്ലം സെഷൻസ് കോടതിയും ശരിവച്ചു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]