
കേരളീയർ അച്ചടക്കമുള്ള നിക്ഷേപകരാണെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. അതുകൊണ്ടാണ് മലയാളികൾ കൈയിലൽപ്പം കാശ് കിട്ടിയാലുടൻ ചിട്ടിയിലും ഭൂമിയിലുമൊക്കെ പറ്റുന്നപോലെ നിക്ഷേപം സ്വരുക്കൂട്ടുന്നത്.
മലയാളികളുടെ അച്ചടക്കത്തോടെയുള്ള ഈ നിക്ഷേപ രീതിയിലേയ്ക്ക് എസ് ഐപി ശൈലിയുമായി ഏതാനും വർഷങ്ങള്‍ക്കുള്ളിൽ കടന്നുവന്ന് നിക്ഷേപത്തിന് പുതിയ മാനം നൽകുകയാണ് മ്യൂച്വല്‍ ഫണ്ടുകൾ. ഘട്ടംഘട്ടമായുള്ള നിക്ഷേപരീതിയിലൂടെ ദീർഘകാല നിക്ഷേപ ആവശ്യങ്ങൾക്ക് മ്യൂച്വല്‍ ഫണ്ടിനെ ഉപയോഗപ്പെടുത്തുകയാണ് മലയാളികളെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇൻ ഇന്ത്യ( ആംഫി) യുടെ ചീഫ് എക്സിക്യൂട്ടീവ് വി എൻ ചലസാനി പറയുന്നു.
മലയാളികളുടെ വര്‍ധിച്ചുവരുന്ന സാമ്പത്തിക അവബോധം, ഡിജിറ്റല്‍ സൗകര്യങ്ങളോടുള്ള ആഭിമുഖ്യം, മാറുന്ന സമ്പാദ്യ രീതികള്‍ എന്നിവയുടെ പിന്‍ബലത്തിലാണ് ഏതാനും വർഷം കൊണ്ട് കേരളം ഇന്ത്യയുടെ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ മികച്ച സാന്നിധ്യമായത്.
2025 മെയ് 31-ലെ ആംഫിയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ ആകെ ആസ്തികള്‍ 94,829.36കോടി രൂപയാണ്. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ ആകെ കൈകാര്യം ചെയ്യുന്ന 72.19ലക്ഷം കോടി രൂപയുടെ 1.3ശതമാനമാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.16,229.30കോടി രൂപയുമായി കൊച്ചിയാണ് സംസ്ഥാനത്ത് ഏറ്റവുമധികം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തിയിരിക്കുന്നത്.10,163.09 കോടി രൂപയുമായി തിരുവനന്തപുരം തൊട്ടു പിന്നിലുണ്ട്.
തൃശൂരും കോഴിക്കോടുമാണ് തൊട്ടടുത്ത സ്ഥാനക്കാർ.
സംസ്ഥാനത്തെ ആകെ മ്യൂച്വല്‍ ഫണ്ട് ഫോളിയോകളുടെ ഏകദേശം 45 ശതമാനത്തോളം വരുന്ന 23.2 ലക്ഷം എസ്ഐപി ഫോളിയോകളാണുള്ളത്. കേരളത്തില്‍ നിന്ന് എസ്ഐപി രീതിയിൽ കൈകാര്യം ചെയ്യുന്ന ആസ്തിയാകട്ടെ 28,788.69കോടി രൂപയാണ്.
കേരളത്തില്‍ നിന്നുള്ള ആകെ മ്യൂച്വല്‍ ഫണ്ട് ആസ്തികളുടെ 34 ശതമാനമാണിത്. വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനത്തോളം വളര്‍ച്ചയാണിത് കാണിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള പ്രതിമാസ എസ്ഐപി നിക്ഷേപം 635 കോടി രൂപയിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
നിക്ഷേപകരുടെ എണ്ണത്തിൽ 23 ശതമാനം വളര്‍ച്ച
കേരളത്തിലെ നിക്ഷേപകരുടെ എണ്ണത്തിൽ 23 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. 2024 മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകര്‍ ഉണ്ടായിരുന്നത് 2025 മാര്‍ച്ചിലെത്തിയപ്പോള്‍ 13.13 ലക്ഷമായി.
കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 28.5ശതമാനവും വനിതകളാണ്. ദേശീയ ശരാശരിയായ 25.7 ശതമാനത്തേക്കാള്‍ മുന്നേറ്റമാണ് മലയാളി വനിതകള്‍ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ കാര്യത്തിൽ കാണിക്കുന്നതെന്ന് ചലസാനി പറഞ്ഞു.
പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതായതിനാലും ചെലവു കുറഞ്ഞ രീതിയില്‍ നിക്ഷേപ വൈവിധ്യവല്‍ക്കരണം സാധിക്കുന്നതിനാലുമാണ് യുവാക്കള്‍ക്കും വനിതകള്‍ക്കുമൊക്കെ മ്യൂച്വല്‍ ഫണ്ടുകളോട് കൂടുതല്‍ താൽപ്പര്യമുള്ളത്. ഓരോ നിക്ഷേപകനേയും സംരക്ഷിക്കുകയും ദീര്‍ഘകാലത്തേക്കു മ്യൂച്വല്‍ ഫണ്ടില്‍ പങ്കെടുപ്പിച്ച് അവരുടെ ആസ്തികളെ വളര്‍ത്താന്‍ ശാക്തീകരിക്കുകയുമാണ് ആംഫിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണിൽ രാജ്യത്ത് മ്യൂച്വല്‍ ഫണ്ട് മേഖല കൈകാര്യം ചെയ്ത ആകെ ആസ്തി 74ലക്ഷം കോടി രൂപയായി.
നിക്ഷേപകരുടെ എണ്ണം ഇക്കാലയളവിൽ 5.52 കോടിയിലെത്തി. എസ്ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപമാകട്ടെ 27,269കോടി രൂപയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]