
പാറശാല ∙ എസ്എഫ്ഐയുടെ പഠിപ്പുമുടക്കു സിപിഎം നേതാക്കൾ അടങ്ങിയ പിടിഎ ഭാരവാഹികൾ തടയാൻ ശ്രമിച്ചത് വാക്കേറ്റത്തിന് ഇടയാക്കി. പാറശാല ഗവ വിഎച്ച്എസ് സ്കൂളിൽ ഇന്നലെ രാവിലെ ആണ് സംഭവം.
ഉച്ചഭക്ഷണം തയാറാക്കിയതിനാൽ അതു നൽകിയ ശേഷം 12.30ന് സ്കൂൾ വീടാമെന്ന് പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരോട് പിടിഎ ഭാരവാഹികൾ അറിയിച്ചു. എന്നാൽ ക്ലാസ് അനുവദിക്കില്ലെന്ന കർശന നിലപാടിലായിരുന്നു സമരക്കാർ.
ഇതോടെ പ്രവർത്തകരെ അകത്ത് കയറാൻ അനുവദിക്കാതെ വനിതകൾ അടക്കം പിടിഎ ഭാരവാഹികൾ സ്കൂൾ ഗേറ്റ് അടച്ചു പിടിച്ചു.
ഗേറ്റ് തുറക്കാതിരിക്കാൻ പിടിഎയും ഗേറ്റ് തുറക്കാൻ സമരക്കാരും 10 മിനിറ്റോളം ബലപരീക്ഷണം തുടർന്നു. ഇതിനിടെ മതിൽ ചാടി അകത്ത് എത്തിയ എസ്എഫ്ഐ പ്രവർത്തകർ ഗേറ്റ് തുറക്കുന്നതിൽ വിജയിച്ചു.
അകത്ത് കടന്ന പ്രവർത്തകരും സമരം തടഞ്ഞ പിടിഎ ഭാരവാഹികളും തമ്മിൽ അൽപ നേരം വാക്കേറ്റം ഉണ്ടായി. ക്ലാസ് തുടരാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐക്കാർ പ്രഖ്യാപിച്ചതോടെ ആദ്യം പ്ലസ്ടു, വിഎച്ച്എസ്സി ക്ലാസുകൾ വിട്ടയച്ചു.
മുഴുവൻ ക്ലാസും വിടണമെന്ന് നിലപാട് കടുപ്പിച്ചതോടെ ഹൈസ്കൂൾ വിഭാഗത്തെ കൂടി വിട്ടയച്ച ശേഷം ആണ് പ്രവർത്തകർ പിൻവാങ്ങിയത്.
ഉച്ചഭക്ഷണം നൽകിയ ശേഷം ആണ് യുപി ക്ലാസുകൾ വിട്ടത്. ഉച്ചഭക്ഷണം തയാറാക്കുന്ന ജോലികൾ രാവിലെ തന്നെ ആരംഭിക്കുന്നതിനാൽ വിദ്യാർഥി സമര ദിവസങ്ങളിൽ ഉച്ച വരെ ക്ലാസ് മുടക്കാൻ അനുവദിക്കില്ലെന്ന് പിടിഎ കമ്മിറ്റി ഈ വർഷം ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു.
ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലെ എബിവിപി, കെഎസ്യു സംഘടനകളുടെ സമരങ്ങളിൽ ഉച്ച ഭക്ഷണം നൽകിയ ശേഷം ആണ് ക്ലാസ് വിട്ടത്. ഏതാനും വർഷങ്ങളായി സിപിഎമ്മുമായി ബന്ധമുള്ളവർ ആണ് സ്കൂൾ പിടിഎയുടെ നേതൃ സ്ഥാനങ്ങളിൽ എത്തുന്നത്.
എസ്എഫ്ഐ സമരത്തെ പാർട്ടി അംഗം, ബ്രാഞ്ച് സെക്രട്ടറി എന്നിവരടങ്ങുന്ന ഭാരവാഹികൾ തടയാൻ ശ്രമിച്ചത് പാർട്ടി വേദികളിൽ ചർച്ചകൾക്ക് ഇടയാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]