
പുൽപള്ളി ∙ ഒരുമാസമായി തുടരുന്ന മഴയിൽ കാർഷിക വിളകൾക്കു കനത്തനാശം. കൃഷിയിടങ്ങളിലെ വെള്ളക്കെട്ടും വിട്ടുമാറാത്ത ഈർപ്പവും എല്ലാത്തരം വിളകൾക്കും ദോഷകരമായി.
പശിമയാർന്ന മണ്ണുള്ള അതിർത്തി പ്രദേശങ്ങളിൽ മണ്ണിന്റെ ഉപരിതലത്തിൽ വെള്ളം കെട്ടിനിൽക്കുന്നതു മൂലം പലവിധ ഫംഗസ് ബാധയുണ്ടാകുന്നു. ഇഞ്ചി, കുരുമുളക്, ഏലം, കാപ്പി ചെടികൾക്കെല്ലാം തുടർച്ചയായ മഴയും ഈർപ്പവും ഭീഷണിയായി.കുരുമുളക് ചെടികളുടെ വേരുകൾ അഴുകി ദ്രുതവാട്ടം പോലുള്ള രോഗങ്ങളുണ്ടാകുന്നു.
2018ലെ പ്രളയകാലത്താണ് ജില്ലയിൽ അവശേഷിച്ച കുരുമുളകും സർവനാശത്തെ നേരിട്ടത്. മഴക്കാലത്ത് ജീവനോടെ നിൽക്കുന്ന ചെടികൾ വെയിലാകുന്നതോടെ വാടിയുണങ്ങുന്നു.
അക്കാലത്ത് പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ വലിയ തോതിലാണു കുരുമുളക് കൃഷി നശിച്ചത്.
കൃഷി നശിച്ചവർക്ക് സഹായം നൽകണമെന്ന ആവശ്യം ശക്തമായപ്പോൾ കൃഷിഭവനിൽ അപേക്ഷ സ്വീകരിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. പ്രകൃതിക്ഷോഭമായി ഈ കൃഷിനാശത്തെ കാണാനാകില്ലെന്നാണു കാരണമായി പറഞ്ഞത്.പലവട്ടം കുരുമുളക് കൃഷി നശിച്ചതോടെ ഭൂരിഭാഗം കർഷകരും കുറുത്ത പൊന്നിനെ കൈവിട്ടു.
10 കൊല്ലം മുൻപ് സ്പൈസസ് ബോർഡ് നടപ്പാക്കിയ പുനരുദ്ധാരണ പദ്ധതിപ്രകാരം കുരുമുളക് കൃഷി വ്യാപകമായിരുന്നു. എന്നാൽ 2020ഓടെ ഇവയും നശിച്ചു.
നവീന രീതിയിലുള്ള കൃഷിമാർഗങ്ങൾ പലരും പരീക്ഷിച്ചു വരുന്നു. അടഞ്ഞുമൂടിയ കാപ്പിത്തോട്ടങ്ങളിൽ വിള കൊഴിയുന്നുണ്ട്.
മൂപ്പെത്താത്ത അടയ്ക്കയും കാര്യമായി കൊഴിയുന്നു.
ഇഞ്ചിയുടെ രോഗബാധയാണു വേഗത്തിൽ പടരുന്നത്. പലവിധ മരുന്നുകൾ പ്രയോഗിച്ചിട്ടും ശമനമില്ലെന്നു കർഷകർ പറയുന്നു.
മുള്ളൻകൊല്ലി പഞ്ചായത്തിൽ കൃഷിയുടെ നല്ലൊരുപങ്കും നശിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിലും കൃഷിക്കു രോഗബാധയുണ്ട്. അമ്പലവയൽ പ്രദേശത്ത് റിപ്പോർട്ട് ചെയ്ത രോഗമാണു ജില്ലയിലാകമാനം പടരുന്നതെന്നു കർഷകർ പറയുന്നു.
നനഞ്ഞ മണ്ണിലിരിക്കുന്ന ഇഞ്ചിയുടെ വേരുകൾ ചീയുകയും തുടർന്ന് രോഗബാധ തണ്ടിലേക്കും ഇലയിലേക്കും വ്യാപിച്ചു വളർച്ചമുരടിച്ചു നശിക്കുകയും ചെയ്യുന്നു.
നാണ്യവിളകളുടെ തകർച്ചയ്ക്കുശേഷം കിഴങ്ങ് വിളകളിലേക്ക് കർഷകർ കൂടുതലായി ഇറങ്ങുന്നുണ്ട്. കർണാടക കൃഷിയുപേക്ഷിച്ച് ഇവിടെ സ്ഥലം പാട്ടത്തിനെടുത്ത് ഒട്ടേറെപ്പേർ ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്.വിലയിടിവിനു പുറമേ കൃഷിനാശവും കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.
കൃഷിയിടങ്ങളിൽ സംഭവിക്കുന്നതെന്തെന്നു മനസിലാകുന്നില്ലെന്നു കർഷകർ പറയുന്നു. കൃഷിവകുപ്പാവട്ടെ ഇതൊന്നുമറിഞ്ഞ മട്ടുമില്ല.
പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളും ഗ്രാമീണ കർഷകർക്കു ലഭിക്കുന്നില്ല.
കൃഷിവകുപ്പ് നിസംഗത വെടിയണം: ബിജെപി
മുള്ളൻകൊല്ലി ∙ ഇഞ്ചിക്കുണ്ടായ രോഗബാധ നിയന്ത്രിക്കാനും കർഷകരെ സഹായിക്കാനും കൃഷിവകുപ്പ് ഉടനടി ഇടപെടണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിദഗ്ധരെ അയച്ച് രോഗകാരണവും പ്രതിവിധിയും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. രാജൻ പാറക്കൽ അധ്യക്ഷത വഹിച്ചു.
ഐക്കരശേരി ഗോപാലകൃഷ്ണൻ നായർ, സദാശിവൻ കളത്തിൽ, കെ.എസ്.അനിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]