കൊച്ചി ∙ കേരള തീരത്ത് ഒന്നര മാസത്തിനിടെ, തിമിംഗലവും ഡോൾഫിനുകളും ചത്തടിഞ്ഞത് അറബിക്കടലിൽ മുങ്ങിയ ചരക്കു കപ്പൽ ‘എംഎസ്സി എൽസ 3’ ൽ നിന്നുള്ള രാസമാലിന്യങ്ങൾ മൂലമാണോ എന്ന സംശയം ബലപ്പെടുന്നു. കപ്പൽ മുങ്ങിയ മേയ് 25 നു ശേഷം 5 ഡോൾഫിനുകളും ഒരു തിമിംഗലവും ആലപ്പുഴ തീരത്തും ജൂൺ 26 നു ശേഷം രണ്ടു ഡോൾഫിനുകൾ തൃശൂർ അഴീക്കോട് മുനയ്ക്കൽ ബീച്ചിലും ചത്തടിഞ്ഞു. ചാലക്കുടി ഡിഎഫ്ഒ സംസ്ഥാന പരിസ്ഥിതി – കാലാവസ്ഥാമാറ്റ വകുപ്പ് ഡയറക്ടർക്കു നൽകിയ റിപ്പോർട്ടിൽ മുനയ്ക്കൽ ബീച്ചിൽ ഡോൾഫിനുകൾ ചത്തടിഞ്ഞതിനു കാരണം എംഎസ്സി എൽസ 3 കപ്പലിലുണ്ടായിരുന്ന രാസവസ്തുക്കളാണോ എന്ന സംശയം ഉന്നയിച്ചിട്ടുണ്ട്.
മേയ് 25 നാണ് എംഎസ്സി എൽസ 3 തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്നു 14.6 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങിയത്.
കപ്പൽ അപകടം മൂലമുണ്ടായ പരിസ്ഥിതി നാശവും മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരുന്നു. 9531 കോടി രൂപയാണു കപ്പൽ കമ്പനിയിൽ നിന്നു നഷ്ടപരിഹാരമായി സർക്കാർ ആവശ്യപ്പെട്ടത്.
ഡോൾഫിനുകളും തിമിംഗലവും ചത്തടിഞ്ഞതിന്റെ വിശദാംശങ്ങളും അഡ്മിറാലിറ്റി സ്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആലപ്പുഴ തീരത്ത് ഇവ ചത്തടിഞ്ഞതിനു പിന്നിൽ കപ്പലിലെ കണ്ടെയ്നറുകളിലുള്ള രാസ വസ്തുക്കളാണെന്ന സംശയം നേരത്തെ തന്നെ ഉയർന്നിരുന്നു.
ഇതിനു പിന്നാലെയാണു തൃശൂരിലും സമാന വിധത്തിൽ ഡോൾഫിനുകൾ ചത്തടിഞ്ഞത്. 26 നു തീരത്തടിഞ്ഞ ഡോൾഫിനെ പോസ്റ്റ്മോർട്ടം ചെയ്യുകയും പരിശോധനകൾക്കായി ശരീരഭാഗങ്ങൾ അയയ്ക്കുകയും ചെയ്തതായി ഡിഎഫ്ഒയുടെ റിപ്പോർട്ടിൽ പറയുന്നു.
പിറ്റേന്നു മറ്റൊരു ഡോൾഫിന്റെ ശരീരവും കരയ്ക്കടിഞ്ഞെങ്കിലും അഴുകിയ നിലയിലായിരുന്നു. ഇതു സംബന്ധിച്ച് വനംവകുപ്പ് റാന്നി ഡിവിഷനു കീഴിലാണ് കേസുകൾ റജിസ്റ്റർ ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]