
പത്തനംതിട്ട ∙ വിദ്യാർഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന വേണമെന്നും അർഹതപ്പെട്ടവർക്കു മാത്രമായി കൺസഷൻ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടന്ന സ്വകാര്യ ബസ് സമരം ജില്ലയിൽ പൂർണം.
തിരക്കു കൂടുതലുള്ള റൂട്ടുകളിൽ കെഎസ്ആർടിസി അധിക സർവീസ് നടത്തി. സഹകരണ മേഖലയിലെ ഉൾപ്പെടെ 368 സ്വകാര്യ ബസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്.
സാധാരണ സമരങ്ങളിൽ സഹകരണ മേഖലയിലുള്ള കെസിടി, കോമോസ്, സൊസൈറ്റി ബസുകൾ വിട്ടുനിൽക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ അവരും സമരത്തിൽ പങ്കാളികളായതായി ബസുടമ സംയുക്ത കൺവീനർ ലാലു മാത്യു, ജോയിന്റ് കൺവീനർ മുഹമ്മദ് ഷാ, ഭാരവാഹികളായ പി.ആർ.പ്രമോദ് കുമാർ, എസ്.ഷിബു, എസ്.ഷിജു എന്നിവർ അറിയിച്ചു.
ബസ് സർവീസ് പൂർണമായും നഷ്ടത്തിലാണെന്നും കോവിഡിനു ശേഷം യാത്രക്കാർ കുറവാണ്.
വിദ്യാർഥികൾക്കു നൽകുന്ന കൺസഷൻ 50 ശതമാനം ആക്കണം. അർഹതപ്പെട്ട
വിദ്യാർഥികൾക്ക് കൺസഷൻ നൽകാൻ സ്വകാര്യ ബസുകൾ തയാറാണ്. ജീവനക്കാർക്ക് പിസിസി വേണമെന്നു കർശനമാക്കിയാൽ മിക്ക ബസുകളിലും ജോലി ചെയ്യാൻ ആളെ കിട്ടാത്ത സ്ഥിതിയാകുമെന്നും അവർ പറഞ്ഞു.
പത്തനംതിട്ട ഡിപ്പോയിൽനിന്ന് ആങ്ങമൂഴി, ചെങ്ങന്നൂർ, പുനലൂർ, എരുമേലി, അടൂർ, ശാസ്താംകോട്ട
എന്നിവിടങ്ങളിലേക്ക് 30 അധിക ട്രിപ്പുകൾ ഓടിക്കാൻ കഴിഞ്ഞതായി കെഎസ്ആർടിസി ഡിടിഒ റോയി ജേക്കബ് പറഞ്ഞു. കെഎസ്ആർടിസിയുടെ കോന്നി, റാന്നി ഓപ്പറേറ്റിങ് സെന്ററുകൾ, തിരുവല്ല, അടൂർ സബ് ഡിപ്പോകൾ എന്നിവിടങ്ങളിൽനിന്ന് അധിക സർവീസ് നടത്തി.
പൊതുപണിമുടക്കിൽ കെഎസ്ആർടിസി യൂണിയനുകളും പങ്കെടുക്കും
സംയുക്ത ട്രേഡ് യൂണിയൻ ഇന്ന് നടത്തുന്ന പൊതുപണിമുടക്കിൽ സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആർടിസി യൂണിയനുകളും പങ്കെടുക്കും.
ബിഎംഎസ് ഒഴികെയുള്ള എല്ലാ യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര– സംസ്ഥാന സർക്കാർ ഓഫിസുകൾ, കലക്ടറേറ്റുകൾ എന്നിവയിലും പണിമുടക്ക് ബാധിക്കും. ബാങ്ക് ജീവനക്കാർ പണിമുടക്കുന്നതിനാൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും.
എൽഐസി, മറ്റ് ഇൻഷുറൻസ് ഓഫിസുകൾ എന്നിവിടങ്ങളിലും ജനങ്ങൾക്ക് സേവനം നഷ്ടമാവും. ചുമട്ടു തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും.
പണിമുടക്ക്: ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെയുഡബ്ല്യുജെ
∙ സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്നു നടത്തുന്ന ദേശീയ പണിമുടക്കിന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന 4 ലേബർ കോഡുകൾ മാധ്യമ പ്രവർത്തകരുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്നതാണെന്ന് കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യനും സെക്രട്ടറി ജി.വിശാഖനും ചൂണ്ടിക്കാട്ടി. പ്രസ്ക്ലബ് പരിസരത്ത് ഐക്യദാർഢ്യ സമ്മേളനം ചേരും.
പണിമുടക്കിൽ പങ്കെടുക്കില്ല; എൻജിഒ സംഘ്
∙ ഇന്നു നടത്തുന്ന പണിമുടക്കിൽ എൻജിഒ സംഘ് പങ്കെടുക്കില്ല.
ദേശീയ പണിമുടക്ക് അനവസരത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണ് പണിമുടക്കെന്നും കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്.രാജേഷ് എന്നിവർ പറഞ്ഞു. ജീവനക്കാരെ ഭീഷണിപ്പെടുത്തി സമരത്തിൽ പങ്കെടുപ്പിക്കാനുള്ള ശ്രമമാണ്. കേന്ദ്ര സർക്കാരാണ് ആനുകൂല്യങ്ങൾ കൃത്യമായി നൽകി തൊഴിലാളികളെ ചേർത്തു പിടിച്ചതെന്നും എൻജിഒ സംഘ് നേതാക്കൾ അവകാശപ്പെട്ടു.
സമരം ചെയ്യേണ്ടത് സംസ്ഥാന സർക്കാരിനെതിരെ: സെറ്റോ
∙ ഇന്നത്തെ ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ ചെയർമാൻ പി.എസ്.വിനോദ് കുമാർ, കൺവീനർ എസ്.പ്രേം എന്നിവർ അറിയിച്ചു.
സംസ്ഥാന സർക്കാരിനെതിരെയാണു സമരം ചെയ്യേണ്ടതെന്നും പണിമുടക്കിൽ നിന്നു വിട്ടു നിൽക്കണമെന്നും സെറ്റോ ഭാരവാഹികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]