
കൊച്ചി ∙ യാത്രക്കാരെ വലച്ചു സ്വകാര്യ ബസ് സമരം ജില്ലയിൽ പൂർണം. ബസുകൾ കൂട്ടത്തോടെ നിരത്തിൽ നിന്നു വിട്ടുനിന്നതോടെ സ്വകാര്യ ബസുകൾ കൂടുതലുളള റൂട്ടുകളിൽ യാത്ര ദുരിതമായി; കെഎസ്ആർടിസി ഇന്നലെ അധിക സർവീസുകൾ നടത്തിയതു പല മേഖലകളിലും യാത്രക്കാർക്കു നേരിയ ആശ്വാസം പകർന്നു.
മെട്രോയിൽ വൻതിരക്ക് അനുഭവപ്പെട്ടു.1800 ലേറെ ബസുകൾ സമരത്തിൽ പങ്കെടുത്തതായി ബസ് ഉടമകളുടെ സംഘടനകൾ പറയുന്നു.
കൂട്ടിനു ഗതാഗതക്കുരുക്കും
ബസ് സമരം യാത്ര തടസ്സപ്പെടുത്തുമെന്ന ആശങ്കയിൽ ഒട്ടേറെപ്പേരാണ് ഇന്നലെ സ്വന്തം വാഹനങ്ങളുമായി വഴിയിലിറങ്ങിയത്. ഇരുചക്ര വാഹനങ്ങളുടെയും നാലുചക്ര വാഹനങ്ങളുടെയും എണ്ണത്തിൽ വലിയ വർധന ദൃശ്യമായി; പ്രത്യേകിച്ചും നഗരത്തിൽ. അതോടെ, പലയിടത്തും ഗതാഗതക്കുരുക്കു രൂക്ഷമായി.
പാലാരിവട്ടം, കലൂർ, വൈറ്റില, കടവന്ത്ര, എംജി റോഡ്, മേനക മേഖലകളിലെല്ലാം ഏറെ നേരമെടുത്തു കുരുക്കഴിയാൻ. ചെറു വഴികളിലെല്ലാം രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗത തടസ്സമുണ്ടായി.
നേരിയ ആശ്വാസം കെഎസ്ആർടിസി
കെഎസ്ആർടിസി ബസുകൾ ഇന്നലെ പൂർണ തോതിൽ സർവീസ് നടത്തി.
പതിവു സർവീസുകൾക്കു പുറമേ, എല്ലാ ഡിപ്പോകളിൽ നിന്നും സാധ്യമായ രീതിയിൽ അധിക സർവീസുകളും നടത്തിയതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ പറഞ്ഞു. എറണാകുളം, പിറവം, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പെരുമ്പാവൂർ, കോതമംഗലം, ആലുവ, സമീപ ജില്ലകളിലെ വൈക്കം, ആലപ്പുഴ, തൊടുപുഴ, തൃശൂർ തുടങ്ങിയ ഡിപ്പോകളിൽ നിന്നെല്ലാം അധിക സർവീസുകളുണ്ടായിരുന്നു.
എറണാകുളം ഡിപ്പോയിൽ നിന്നു മാത്രം 74 പതിവു സർവീസുകൾക്കു പുറമേ, 9 അധിക സർവീസുകൾ നടത്തി. വൈറ്റില – കോട്ടയം, വൈറ്റില – പറവൂർ തുടങ്ങിയ റൂട്ടുകളിലായിരുന്നു അധിക സർവീസുകൾ.
തിങ്ങി നിറഞ്ഞ് മെട്രോ സർവീസുകൾ
ബസ് സമരത്തെത്തുടർന്നു കൊച്ചി മെട്രോയിൽ ഇന്നലെ പതിവിലും തിരക്കായിരുന്നു.
രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തു മെട്രോ സർവീസുകളിൽ തിങ്ങിനിറഞ്ഞ് ആളുണ്ടായിരുന്നു. വൈകിട്ടും ഇതു തുടർന്നു. മെട്രോ സർവീസ് ആരംഭിക്കുന്ന തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ മെട്രോ, ആലുവ മെട്രോ സ്റ്റേഷനുകളിൽ നിന്നു തന്നെ യാത്രക്കാരുടെ വർധിച്ച തിരക്കു ദൃശ്യമായിരുന്നു ഇന്നലെ. പീക് ടൈമിൽ ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കുമെന്ന് അറിയിച്ചെങ്കിലും അതിന്റെ ആവശ്യമുണ്ടായില്ല.
ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്കു പ്രകാരം 84,861 പേർ മെട്രോയിൽ യാത്ര ചെയ്തു.
തലേന്ന് ഇതേസമയം വരെ 73,882 പേരാണു യാത്ര ചെയ്തിരുന്നത്. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു നടത്തുന്ന ഫീഡർ സർവീസുകളിലും ഇന്നലെ തിരക്കേറെയായിരുന്നു. ആവശ്യങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് ബസ് ഉടമകളുടെ പ്രഖ്യാപനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]