
എല്ലാ ബ്ലോക്കിലും ഈ വർഷം തന്നെ മൊബൈൽ വെറ്ററിനറി യൂണിറ്റ്: മന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഈ വർഷം മൊബൈൽ വെറ്ററിനറി യൂണിറ്റ് തുടങ്ങുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. ആദ്യഘട്ടത്തിൽ 29 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ടാംഘട്ടത്തിൽ 47 ബ്ലോക്ക് പഞ്ചായത്തുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് ആരംഭിച്ചിരുന്നു. 12 ജില്ലാ കേന്ദ്രങ്ങളിൽ മൊബൈൽ ശസ്ത്രക്രിയ യൂണിറ്റും ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണു സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് തുടങ്ങുന്നത്. ക്ഷീരകർഷകർക്കു പലിശയില്ലാതെ വായ്പ ഉൾപ്പെടെ സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ക്ഷീരമേഖലയെയും ക്ഷീരകർഷകരെയും സഹായിക്കാനും പാലിനു വില വാങ്ങി നൽകാനും വകുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി സർക്കാരിന്റെ ആലോചനയിലാണെന്ന് മന്ത്രി പറഞ്ഞു.ജില്ലാ ലേബർ വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ എസ്.
കരുണാകരക്കുറുപ്പ് സ്മാരക പൊതുപ്രവർത്തക പുരസ്കാരം സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. ലേബർ വെൽഫെയർ സൊസൈറ്റി രക്ഷാധികാരി പി.ജ്യോതിസ് അധ്യക്ഷത വഹിച്ചു. കെൽഡിസി ചെയർമാൻ പി.വി.സത്യനേശൻ തൊഴിലാളികളെ ആദരിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി ഡി.പി.മധു, ജില്ലാ പ്രസിഡന്റ് വി.മോഹൻദാസ് എന്നിവർ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരം സമ്മാനിച്ചു. പ്രസിഡന്റ് പി.യു.അബ്ദുൽ കലാം, ദീപ്തി അജയകുമാർ, ആർ.അനിൽകുമാർ, ബി.അൻസാരി, എൻ.പി.കമലാധരൻ, കെ.ബാബു, റോസമ്മ ദേവസ്യ എന്നിവർ പ്രസംഗിച്ചു.
മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളിൽ പോകേണ്ടത് മന്ത്രിമാർ: പന്ന്യൻ രവീന്ദ്രൻ
ആലപ്പുഴ ∙ രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണെന്നും പലരും ത്യാഗത്തിന്റെ കഥ പറഞ്ഞു സ്ഥാനങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളിൽ പോകേണ്ടത് മന്ത്രിമാരാണ്. സർക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾ സർക്കാർ വണ്ടിയിൽ പോകുന്നതു തെറ്റായ വ്യാഖ്യാനം നൽകുമെന്നു വർഷങ്ങൾക്കു മുൻപു വെളിയം ഭാർഗവൻ പറഞ്ഞിട്ടുണ്ടെന്നും അതു ജനപ്രതിനിധികൾ ഓർക്കണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
പക്ഷിപ്പനി: കേന്ദ്രം നൽകാനുള്ളത് 6 കോടി
പക്ഷിപ്പനി പ്രതിരോധത്തിനും നഷ്ടപരിഹാരത്തിനുമായി സംസ്ഥാനം ചെലവാക്കിയ 6 കോടിയോളം രൂപ കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നു മന്ത്രി ജെ.ചിഞ്ചുറാണി. കഴിഞ്ഞ ദിവസവും കേന്ദ്രമന്ത്രിയെ കണ്ടു പണം ആവശ്യപ്പെട്ടിട്ടുണ്ട്. ആ തുക കിട്ടിയാലുടൻ നഷ്ടപരിഹാര ഇനത്തിൽ വിതരണം ചെയ്യാൻ ബാക്കിയുള്ള തുകയും വിതരണം ചെയ്യുമെന്നു മന്ത്രി പറഞ്ഞു.