
പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം: എസി റോഡിൽ കൈതവന കുരുക്കിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ അപകടം കുറയ്ക്കാൻ എസി റോഡിൽ കൈതവന ജംക്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ പ്രവർത്തിച്ചു തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന രാവിലെയും വൈകിട്ടും സിഗ്നൽ ഓഫാക്കിയിട്ടാണ് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നത്.നാലു റോഡുകൾ ചേരുന്ന ജംക്ഷനിലെ റോഡിനു വീതി കുറവാണ്. സിഗ്നൽ കാത്തു വാഹനങ്ങളുടെ നീണ്ട നിരയും രൂപപ്പെടുന്നതോടെ ഇതുവഴിയുള്ള ഗതാഗതം കുരുക്കിലായി.ഒന്നിനാണു കൈതവന ജംക്ഷനിലെ സിഗ്നൽ സംവിധാനം പ്രവർത്തിപ്പിച്ചു തുടങ്ങിയത്. റോഡിന്റെ വീതിക്കുറവു കാരണം ഇടതു വശത്തേക്കു തിരിയേണ്ട വാഹനങ്ങൾക്കു സുഗമമായി പോകാനാകുന്നില്ല.
ഇവയും സിഗ്നൽ കാത്തു കിടക്കേണ്ട സ്ഥിതിയായി. ബസ്ബേ ഇല്ലാത്തതിനാൽ ബസുകൾ റോഡിൽ തന്നെ നിർത്തേണ്ടി വരുന്നതും പാതയോരത്തെ വാഹന പാർക്കിങ്ങും ദുരിതം കൂട്ടി.കൈതവന– ബോട്ടുജെട്ടി റോഡിലും കൈതവന– പഴയ നടക്കാവ് റോഡിലും വേഗ നിയന്ത്രണത്തിനു ഹംപുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഇവിടേക്കു തിരിയുന്ന വാഹനങ്ങൾ പതിയെയാണു പോകുന്നത്.വീതി കുറഞ്ഞ ജംക്ഷനിൽ സിഗ്നൽ ഏർപ്പെടുത്തിയാൽ ഗതാഗതക്കുരുക്കുണ്ടാകുമെന്നു നേരത്തെ വിമർശനം ഉയർന്നിരുന്നു.സിഗ്നലിനു പകരം ഉദ്യോഗസ്ഥർ തന്നെ ഗതാഗത നിയന്ത്രണം നടത്തിയാലേ ഫലവത്താകൂവെന്നാണ് ഇതുവഴി സ്ഥിരമായി പോകുന്ന ഡ്രൈവർമാർ പറയുന്നത്.