തൃക്കുന്നപ്പുഴ പാലം നിർമാണം അനിശ്ചിതത്വത്തിൽ; 7 വർഷം പിന്നിട്ടിട്ടും ഒരു പുരോഗതിയും ഇല്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃക്കുന്നപ്പുഴ ∙ 2018ൽ തുടങ്ങിയ തൃക്കുന്നപ്പുഴ പാലം നിർമാണത്തിൽ 7 വർഷം പിന്നിട്ടിട്ടും ഒരു പുരോഗതിയും ഇല്ലെന്ന് ജനകീയ കൂട്ടായ്മ ആരോപിച്ചു. ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കി പാലം തുറന്ന് കൊടുക്കുമെന്നാണ് കലക്ടറുടെ യോഗത്തിൽ കഴിഞ്ഞ മാസം ഉറപ്പുനൽകിയത്. എന്നാൽ യോഗത്തിനു ശേഷം ഒരു ജോലിയും നടന്നില്ല. ആദ്യം കോടതിയിൽ കൊടുത്ത ഉറപ്പ് ഈ വർഷം ഒക്ടോബർ ആയിരുന്നു. കോൺട്രാക്ടറുടെ മെല്ലെപ്പോക്ക് കാരണം രമേശ് ചെന്നിത്തല എംഎൽഎ മുൻകൈയെടുത്ത് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസിൽ വിളിച്ച യോഗത്തിൽ ജൂൺ 30ന് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
അത് നടക്കാതെ വന്നപ്പോൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ മാവേലിക്കര അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് പിക്കറ്റ് ചെയ്യുകയും തുടർന്ന് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഓഗസ്റ്റ് 31ന് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു പറഞ്ഞിരുന്നു. പൈലിങ് തീർന്നെങ്കിലും പാലം വാർക്കുന്നത് അനിശ്ചിതമായി നീളുകയാണ്. പാലത്തിന്റെ ഗർഡർ വാർക്കുന്നത് ഇവിടെത്തന്നെയാണ്. ഇത് കാലതാമസം ഉണ്ടാക്കുന്നു. പഴയ പാലത്തിൽ നിന്ന് മൂന്നര മീറ്റർ ഉയരത്തിലാണ് പുതിയ പാലം വരുന്നത്.
ഈ ഉയരത്തിൽ നിന്ന് താഴേക്കുള്ള അപ്രോച്ച് റോഡിന്റെ ഡിസൈൻ ഇതുവരെ മേജർ ഇറിഗേഷൻ നൽകിയിട്ടില്ലെന്നാണ് കോൺട്രാക്ടറുടെ വാദം. പാലം വാർക്കുന്നതിനോടൊപ്പം വശങ്ങളിലെ മരങ്ങളും പോസ്റ്റുകളും മാറ്റി സംരക്ഷണ ഭിത്തി കെട്ടിയാൽ മാത്രമേ ഓഗസ്റ്റിൽ പാലം പണി തീർക്കാൻ കഴിയുകയുള്ളൂ. കോൺട്രാക്ടറുടെ മെല്ലെപ്പോക്കിനും മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും എതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തുമെന്നും ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
നിർമാണം ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് രേഖാമൂലം ഉറപ്പു നൽകി: രമേശ് ചെന്നിത്തല
തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണം ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കലക്ടർക്ക് രേഖാമൂലം ഉറപ്പു നൽകിയതായി രമേശ് ചെന്നിത്തല എംഎൽഎ അറിയിച്ചു. ഓഗസ്റ്റിൽ തന്നെ പാലം തുറക്കുമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.