
ബ്രഹ്മപുരം സിബിജി പ്ലാന്റ് ഉദ്ഘാടനം ഉടൻ; കൊച്ചിയുടെ മാലിന്യപ്രശ്നത്തിന് പരിഹാരമാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ബ്രഹ്മപുരം സിബിജി (കംപ്രസ്ഡ് ബയോഗ്യാസ്) പ്ലാന്റ് ഒരു മാസത്തിനകം പ്രവർത്തനം തുടങ്ങും. പ്ലാന്റിൽ നിലവിൽ ട്രയൽ റൺ നടക്കുന്നു. ഈ മാസം അവസാനത്തോടെ പദ്ധതി ഉദ്ഘാടനം ചെയ്യാനാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കോട്ടയത്തു നടന്ന മേഖലാതല അവലോകന യോഗത്തിൽ അധികൃതർ വ്യക്തമാക്കി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ പദ്ധതികളുടെ അവലോകനമാണു നടന്നത്.
150 ടൺ ശേഷിയുള്ള പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ കൊച്ചിയുടെ മാലിന്യ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും. കൂടാതെ 100 ടൺ പ്രതിദിന ശേഷിയുള്ള ബ്ലാക്ക് സോൾജ്യർ ഫ്ലൈ ജൈവമാലിന്യ സംസ്കരണ സംവിധാനവും ബ്രഹ്മപുരത്തു സ്ഥാപിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പബ്ലിക് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി ബയോ മൈനിങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതു സമയബന്ധിതമായി പൂർത്തിയാക്കും.
അവലോകന യോഗത്തിൽ അറിയിച്ച മറ്റു വിവരങ്ങൾ
∙ ശുദ്ധജല- വ്യവസായ ആവശ്യങ്ങൾക്കു പെരിയാറ്റിൽ നിന്നു വേണ്ടത്ര വെള്ളം ലഭ്യമാക്കാൻ പുറപ്പള്ളിക്കാവ് റഗുലേറ്ററിന്റെ മുകൾ ഭാഗം അമ്മാനത്തു പള്ളം തോടിനു കുറുകെ പുതിയ റഗുലേറ്റർ സ്ഥാപിക്കുന്ന ജോലി ഒരു വർഷത്തിനകം പൂർത്തിയാക്കും.
∙ ഗോശ്രീ ദ്വീപ് സമൂഹത്തിൽ ‘നെറ്റ് സീറോ കാർബൺ’ ലക്ഷ്യം കൈവരിക്കാൻ ‘ജിഡ’യുമായി ചേർന്നു സമഗ്ര പദ്ധതി തുടങ്ങി. പ്രദേശത്തെ 8 പഞ്ചായത്തുകളിലും കാർബൺ എമിഷൻ സർവേ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു.
∙ തോട്ടറ പുഞ്ചയിലെ 800 ഏക്കർ തരിശു ഭൂമിയിൽ കൃഷി യോഗ്യമാക്കാനുള്ള നടപടികൾ തുടങ്ങി. ഹരിതചട്ടം പൂർണമായി പാലിക്കുന്ന പ്രദേശമായി പുത്തൻവേലിക്കര പഞ്ചായത്ത് മാറി.
∙ ഏലൂർ നഗരസഭയിൽ പ്രഖ്യാപിച്ച സയൻസ് പാർക്കുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ വേഗം നടപ്പാക്കാൻ തീരുമാനം. എച്ച്ഐഎൽ കമ്പനിയുടെ സ്റ്റാഫ് ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്ന 22.11 ഏക്കർ ഭൂമിയിലെ 15 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കണ്ടെത്തിയിട്ടുണ്ട്.
∙ മട്ടാഞ്ചേരി പി ആൻഡ് ടി കോളനി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടികൾ വേഗത്തിലാക്കും. സെപ്റ്റംബറിൽ ഐഐടി മദ്രാസിന്റെ പഠന റിപ്പോർട്ട് വരുന്ന മുറയ്ക്കു പ്രവർത്തനങ്ങൾ തുടങ്ങും.
∙ ആലുവ – ആലങ്ങാട് റോഡ് വികസനത്തിനു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും.
∙ റീബിൽഡ് കേരള പദ്ധതിയിലെ തമ്മാനിമറ്റം പാലം പുനർനിർമാണ പദ്ധതി വേഗം പൂർത്തിയാക്കും.
∙ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള ‘മനസ്സോടിത്തിരി മണ്ണ്’ ക്യാംപെയ്നിൽ ജില്ലയിൽ 202.754 സെന്റ് ഭൂമി ലഭിച്ചു. ജൂൺ 25 വരെ 34,871 വീടുകൾ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർമാണം പൂർത്തിയാക്കി.
∙ ഭൗതിക സൗകര്യ വികസനത്തിനായി, നിർമാണം ആരംഭിച്ച 32 സ്കൂളുകളിൽ 30 സ്കൂളുകളിലും നിർമാണം പൂർത്തിയാക്കി.