
തീരക്കടലിൽ നത്തോലി ചാകര; എത്തിയത് ടൺ കണക്കിന് നത്തോലി, വില കിലോഗ്രാമിന് 20 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെല്ലാനം∙ ഒരിടവേളയ്ക്കു ശേഷം തീരക്കടലിൽ നത്തോലി ചാകരയെത്തി. മൺസൂൺ സമയത്തു വൻ തോതിൽ ലഭിക്കുന്ന മത്സ്യമാണിതെങ്കിലും കുറച്ചു കാലമായി ലഭ്യത തീരെ കുറവായിരുന്നു. എന്നാൽ, ഇക്കുറി എത്തിയ നത്തോലി ചാകര മത്സ്യമേഖലയ്ക്ക് ഉണർവുണ്ടാക്കിയിട്ടുണ്ട്. ഈ ആഴ്ച കൊച്ചി- ആലപ്പുഴ മേഖലയിൽ നിന്ന് കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വല നിറയെ നത്തോലി കിട്ടി. ടൺ കണക്കിന് നത്തോലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഹാർബറുകളിൽ എത്തിയത്. ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ മാത്രം 200 ലേറെ വള്ളങ്ങൾക്ക് നത്തോലി ലഭിച്ചതായി തൊഴിലാളികൾ പറയുന്നു. കൊച്ചി മേഖലയിൽ ലഭിച്ച ഭൂരിഭാഗം നത്തോലിയും മത്സ്യത്തീറ്റ നിർമാണ ഫാക്ടറിയിലേക്കാണു പോയത്. ചെറിയൊരു ഭാഗം മാത്രമാണ് പൊതു മാർക്കറ്റുകളിലേക്ക് എത്തിയത്.
ഹാർബറിൽ 20; മാർക്കറ്റിൽ 150
ചെല്ലാനം ഹാർബറിൽ നത്തോലിയുമായി ആദ്യമെത്തിയ വള്ളങ്ങൾക്ക് കിലോഗ്രാമിന് 30 രൂപ ലഭിച്ചെങ്കിലും പിന്നീട് വില ഇടിഞ്ഞു 20 രൂപയിലെത്തി. അതേസമയം, കൊച്ചിയിലെ മാർക്കറ്റുകളിലും മറ്റും നത്തോലിയുടെ വില ഉയർന്നു. കിലോഗ്രാമിന് 100 മുതൽ 140 രൂപ നിരക്കിലാണ് വിറ്റുപോയത്. തൊഴിലാളികളിൽ നിന്ന് 20 രൂപയ്ക്ക് എടുക്കുന്ന മത്സ്യമാണ് പൊതുവിപണിയിൽ എത്തുമ്പോൾ 140 രൂപ വരെയായി വില ഉയരുന്നത്. ഹാർബറുകളിൽ മത്സ്യം ശേഖരിച്ചു സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ലാത്തതാണ് ഇതിനു കാരണം. ഇതുമൂലം മത്സ്യം കിട്ടുന്ന വിലയ്ക്ക് വിൽപന നടത്താൻ മത്സ്യത്തൊഴിലാളികൾ നിർബന്ധിതരാകുന്നു.