
രാജ്യാന്തര വിമാന സർവീസുകൾക്ക് തയ്യാർ; വ്യോമപാത തുറന്ന് ഇറാൻ
ടെഹ്റാൻ ∙ ഇസ്രയേലുമായുള്ള യുദ്ധത്തെ തുടർന്ന് ജൂൺ 13ന് അടച്ചിട്ട വ്യോമാതിർത്തി തുറന്നതായി ഇറാൻ.
ടെഹ്റാനിലെ മെഹ്റാബാദ്, ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളങ്ങളും രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും വീണ്ടും തുറന്നതായാണ് അറിയിപ്പ്. ഇറാനിലെ വിമാനത്താവളങ്ങൾ രാജ്യാന്തര വിമാന സർവീസുകൾക്ക് തയ്യാറാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജൻസി (ഇർന) റിപ്പോർട്ട് ചെയ്തു.
ഇസ്ഫഹാൻ, തബ്രിസ് എന്നിവിടങ്ങൾ ഒഴികെയുള്ള രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ രാവിലെ 5നും വൈകിട്ട് 6നും ഇടയിൽ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിയാൽ ഉടൻ ഇസ്ഫഹാനിലും തബ്രിസിലും നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുമെന്നും ഇർന റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കു പിന്നാലെയാണ് കഴിഞ്ഞമാസം ഇറാൻ വ്യോമപാത അടച്ചത്.
ജൂൺ 24നാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കിഴക്കൻ ഇറാനിൽ നേരത്തെ വിമാന സർവീസുകൾ ആരംഭിച്ചിരുന്നു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Photofex-AT /Istockphoto.comൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]