
ആലുവയിലെ സൈറൺ നിരോധനം: കലക്ടറുടെ ഉത്തരവിനെതിരെ നഗരസഭ നിയമ നടപടിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലുവ∙ നഗരസഭയിൽ സൈറൺ മുഴക്കുന്നതു ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചു കങ്ങരപ്പടി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈറൺ പ്രവർത്തിപ്പിക്കുന്നതു നിരോധിച്ച കലക്ടറുടെ ഉത്തരവിനെതിരെ നഗരസഭ നിയമ നടപടി സ്വീകരിക്കും. സൈറൺ മുഴക്കുന്നതു നിർത്തിവയ്പിച്ച ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണിത്. നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ ഡൽഹിയിലാണ്. അദ്ദേഹം തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. കലക്ടറുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു വ്യക്തികളും സംഘടനകളും അദ്ദേഹത്തിനും പരാതി നൽകിയിട്ടുണ്ട്.
സൈറന്റെ ശബ്ദം അനുവദനീയ അളവിലും കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധിച്ചത്. അധികം ശബ്ദമുണ്ടെങ്കിൽ അതു നിയന്ത്രിക്കുന്നതിനു പകരം പൂർണമായി നിരോധിച്ചതിൽ അനൗചിത്യമുണ്ടെന്നു നഗരസഭ മുൻ വൈസ് ചെയർമാൻ വി.പി. ജോർജ്, സ്ഥിരസമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, കൗൺസിലർമാരായ ജയ്സൺ പീറ്റർ, ഷമ്മി സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.
നഗരസഭയിലെ വോട്ടർ അല്ലാത്ത പരാതിക്കാരന്റെ ഉദ്ദേശ്യശുദ്ധി പരിശോധിക്കണമെന്ന് എടയപ്പുറം മണപ്പുറത്ത് സൈറ സുൽത്താന കലക്ടർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ഒട്ടേറെ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഫാക്ടറികളും സൈറൺ മുഴക്കുന്നുണ്ടെന്നും ഒരിടത്തും ശബ്ദശല്യത്തിന്റെ പേരിൽ നിരോധിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. റസിഡന്റ്സ് അസോസിയേഷനുകൾ, പൗരാവകാശ സംരക്ഷണ സമിതി, ദിശ സാംസ്കാരിക വേദി, കേരള സാംസ്കാരിക പരിഷത്ത് തുടങ്ങിയ സംഘടനകളും സൈറൺ നിരോധനത്തിന് എതിരെ രംഗത്തു വന്നിട്ടുണ്ട്.
1965ലെ ഇന്ത്യ–പാക് യുദ്ധകാലത്തു ജനങ്ങൾക്കു മുന്നറിയിപ്പു നൽകാനും മുൻകരുതൽ നടപടികൾ എടുക്കാനും സർക്കാർ നിർദേശപ്രകാരം സ്ഥാപിച്ചതാണ് ആലുവ നഗരസഭയിലെ സൈറൺ എന്ന് അന്നു വൈസ് ചെയർമാനായിരുന്ന എസ്.എൻ. കമ്മത്ത്, നഗരസഭാ ഉദ്യോഗസ്ഥനായിരുന്ന എം.എൻ. സത്യദേവൻ എന്നിവർ പറഞ്ഞു. മുൻ വർഷങ്ങളിൽ ആലുവയിൽ വെള്ളപ്പൊക്കവും മറ്റും ഉണ്ടായപ്പോൾ നഗരവാസികൾക്കു ദുരന്ത മുന്നറിയിപ്പു നൽകിയതു തുടർച്ചയായി സൈറൺ മുഴക്കിയാണ് എന്നും അവർ ചൂണ്ടിക്കാട്ടി.