ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഓഹരികൾ ഇനിയും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല! എന്നാൽ, ലിസ്റ്റ് ചെയ്താൽ പ്രമുഖ നിക്ഷേപകനും റീട്ടെയ്ൽ ശൃംഖലയായ ഡ‍ിമാർട്ടിന്റെ സ്ഥാപകനുമായ രാധാകിഷൻ ദമാനിയെ കാത്തിരിക്കുന്നത് ബംപർ ലോട്ടറി.

NSE (Image: Shutterstock/Poetra.RH)

അനൗദ്യോഗിക വിപണിയിൽ എൻഎസ്ഇയുടെ ഓഹരിക്ക് വലിയ ഡിമാൻഡുണ്ട്. ലിസ്റ്റ് ചെയ്ത കമ്പനികളെപ്പോലും അമ്പരിപ്പിക്കുംവിധം മുന്നേറുകയാണ് എൻഎസ്ഇ ഓഹരിവിലയും. 2021ലെ 740 രൂപയിൽ നിന്ന് നിലവിൽ വില 2,500 രൂപയിലെത്തിക്കഴിഞ്ഞു. എൻഎസ്ഇയുടെ ഓഹരി ഉടമകളുടെ കണക്കുപ്രകാരം രാധാകിഷൻ ദമാനിക്കുള്ളത് 1.58% ഓഹരിപങ്കാളിത്തം. കൈവമുള്ള മൊത്തം ഓഹരികളുടെ എണ്ണം 3.90 കോടിയും. ഒന്നിന് 2,500 രൂപവീതം കണക്കാക്കിയാൽ 9,750 കോടിയോളം രൂപയുടെ ഓഹരികൾ.

എൻഎസ്ഇയിലെ രേഖകൾ പ്രകാരം രാധാകിഷൻ ദമാനിയുടെ ഓഹരി പങ്കാളിത്ത വിവരങ്ങൾ

എൻഎസ്ഇയുടെ ഐപിഒ വേളയിൽ ഓഹരിവില കുതിച്ചുകയറാനുള്ള സാധ്യതയാണ് നിലവിലെ സ്വീകാര്യതതന്നെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ മൊത്തം ഓഹരി ഉടമകളുടെ എണ്ണം അടുത്തിടെ ഒരുലക്ഷം കടന്നിരുന്നു. ഇന്ത്യയിൽ ഒരു അൺലിസ്റ്റഡ് കമ്പനിക്ക് ഇത്രയും ഓഹരി ഉടമകളുണ്ടാകുന്നത് അപൂർവം. ഐപിഒ വേളയിലും പിന്നീട് ലിസ്റ്റിങ്ങിലും ഓഹരിവിലയിൽ കുതിപ്പ് ഉണ്ടായാൽ ദമാനിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യവും കുതിച്ചുകയറും.

എൻഎസ്ഇയുടെ ഐപിഒ നടപടി ഊർജിതമാക്കാനുള്ള ശ്രമങ്ങൾ പിന്നണിയിൽ പുരോഗമിക്കുകയാണ്. ഐപിഒ സംഘടിപ്പിക്കുന്നതിൽ തടസ്സമില്ലെന്ന് അടുത്തിടെ സെബിയും വ്യക്തമാക്കിയിരുന്നു. 2025ന്റെ അവസാനമോ 2026ന്റെ തുടക്കത്തിലോ ഐപിഒ പ്രതീക്ഷിക്കാം.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

NSE IPO Set to Unlock ₹9,300 Cr Gain for Radhakishan Damani