
മത്സ്യബന്ധന വള്ളങ്ങളുടെ വലയ്ക്ക് കേടുപറ്റിയത് മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളിൽ തട്ടിയെന്ന് സൂചന; ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ∙ കൊച്ചിയിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന വള്ളങ്ങളുടെ വലയ്ക്ക് കേടു പറ്റിയത് മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളിൽ തട്ടിയാണെന്ന സൂചന ഫിഷിങ് ബോട്ട് മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നു. ട്രോളിങ് നിരോധനം അവസാനിച്ച് ഒരു മാസത്തിനു ശേഷം കടലിൽ ഇറങ്ങുമ്പോൾ ഇത്തരം അവശിഷ്ടങ്ങൾ ബോട്ടുകൾക്കും ഭീഷണിയായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കപ്പലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ബന്ധപ്പെട്ട കമ്പനിക്ക് നൽകിയിരുന്ന സമയപരിധി ഇന്ന് അവസാനിക്കും. എന്നാൽ ഈ ജോലികൾ ഇപ്പോഴത്തെ അവസ്ഥയിൽ ആഴ്ചകൾ പിന്നിട്ടാലും പൂർത്തിയാവില്ല. അവശിഷ്ടങ്ങളിൽ തട്ടിയാൽ ബോട്ടുകൾക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളും നാശനഷ്ടങ്ങളും വള്ളങ്ങളെ അപേക്ഷിച്ച് വ്യാപ്തിയുള്ളതായിരിക്കും.
കൊച്ചിയിൽ നിന്നു പോയ പത്തോളം വള്ളങ്ങളുടെ വലകൾക്കാണ് അഴിമുഖത്തിന് തെക്കു പടിഞ്ഞാറ് ഭാഗത്തു വച്ച് കേടുപാടു സംഭവിച്ചത്. അറ്റകുറ്റപ്പണികൾ കൊണ്ട് ശരിയാക്കി എടുക്കാവുന്ന തരത്തിൽ താരതമ്യേന ചെറിയ വിള്ളലുകളാണ് കടൽപ്പന്നി വലയിൽ വരുത്താറുള്ളതെങ്കിൽ ഈ വള്ളങ്ങളുടെ വലകൾ ആകെ കീറിപ്പറിഞ്ഞ അവസ്ഥയിലാണ്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിലോ കണ്ടെയ്നറുകളിലോ തട്ടിയതാകാമെന്ന് കരുതുന്നു. ഇത്രയും വള്ളങ്ങളുടെ വലകൾക്ക് ഒരുമിച്ച് ഇത്തരത്തിൽ കേടുപാട് സംഭവിക്കുന്നത് ഇതാദ്യമാണെന്നതും ഈ വാദം ശരിവയ്ക്കുന്നു.
പല വള്ളങ്ങൾക്കും 6 ലക്ഷത്തോളം രൂപ വില വരുന്ന വലകളാണ് നഷ്ടപ്പെട്ടത്. ഇവയുടെ അറ്റകുറ്റപ്പണിക്ക് വൻതുക ചെലവഴിക്കേണ്ടി വരും. കൂടാതെ അത്രയും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതു വഴിയുള്ള സാമ്പത്തിക നഷ്ടം വേറെ. മീൻ, ചെമ്മീൻ ലഭ്യത അൽപം മെച്ചപ്പെട്ടു നിൽക്കുന്ന സമയത്തു തന്നെയാണ് അപകടം സംഭവിച്ചത്. കപ്പൽ മുങ്ങിയ പ്രദേശം മീൻ ലഭ്യതയിൽ മുന്നിലാണെന്നതും ചാകര രൂപപ്പെടുന്ന സ്ഥലമാണെന്നതും മത്സ്യബന്ധനയാനങ്ങൾക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന് മുനമ്പം യന്ത്രവൽകൃത മത്സ്യബന്ധന പ്രവർത്തക സംഘം പ്രസിഡന്റ് കെ.ബി.രാജീവ്, സെക്രട്ടറി ടി.ആർ. നീരജ്, മുനമ്പം ട്രോൾ നെറ്റ് ബോട്ട് ഓണേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി പി.പി. ഗിരീഷ് എന്നിവർ ചൂണ്ടിക്കാട്ടി.