
കൊച്ചി∙ മേയ് അവസാനവാരത്തിൽ പെയ്യാൻ തുടങ്ങിയ മഴ പതിവുസമയത്തിനും ഒരാഴ്ച മുൻപ് രാജ്യവ്യാപകമായിക്കഴിഞ്ഞെന്ന കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം സമ്പദ്‌വ്യവസ്ഥയുടെ സമീപഭാവി സുഭദ്രമായിരിക്കുമെന്നു സൂചിപ്പിക്കുന്നു. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ അളവ് ഇത്തവണ ദീർഘകാല ശരാശരിക്കു മുകളിലായിരിക്കുമെന്ന അനുമാനത്തിന്റെ തുടർച്ചയാണ് ഇന്ത്യ മെറ്റിരിയോളജിക്കൽ ഡിപ്പാർട്മെന്റിന്റെ നിരീക്ഷണം.
മികച്ച കാലവർഷം മെച്ചപ്പെട്ട കാർഷികോൽപാദനത്തിനു സഹായകമാകും. ഇതു ഭക്ഷ്യോൽപന്ന വിലക്കയറ്റം നിയന്ത്രണവിധേയമാകാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടാനും സാഹചര്യമൊരുക്കും. മികച്ച കാലവർഷത്തിന്റെ മറ്റൊരു നേട്ടം വൈദ്യുതോൽപാദനത്തിലെ വർധനയാണ്. ഇതു വ്യവസായ, വാണിജ്യ മേഖലയ്ക്കു വൈദ്യതി ഉറപ്പാക്കും.
ജനറേറ്ററുകൾക്കുവേണ്ടിയുള്ള ഡീസൽ ഉപയോഗം വലിയ തോതിൽ കുറയുന്നതു ക്രൂഡ് ഓയിൽ ഇറക്കുമതി ഇനത്തിൽ രാജ്യത്തിനുവേണ്ടിവരുന്ന ഭീമമായ ചെലവു ചുരുക്കുന്നതിനും രാജ്യത്തിന്റെ ധനക്കമ്മി കുറയ്ക്കും. വയലേലകളും പണിശാലകളും കൂടുതൽ പേർക്കു തൊഴിലവസരം ഒരുക്കുകയും ചെയ്യും. വളം, വാഹനങ്ങൾ, ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയുടെ വിൽപന ഉഷാറാകുന്നതുമാണ്. ഇതാണു മഴയുടെ ഇക്കണോമിക്സ്.
ജൂൺ പകുതിയായപ്പോഴും മഴയുടെ അളവ് ശരാശരിയുടെ 31 ശതമാനത്തിൽ ഒതുങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാൽ രണ്ടാഴ്ചയോളം വിട്ടുനിന്ന ശേഷം മഴ വീണ്ടും ശക്തമായതോടെ ഇപ്പോൾ അളവ് 9% മിച്ചമാണു രേഖപ്പെടുത്തുന്നത്. 4,00,000 കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയിലേക്കു വളർന്നിരിക്കുന്ന രാജ്യത്തിന്റെ ജീവരക്തമാണ് ഓരോ മഴത്തുള്ളിയും. രാജ്യത്തെ പകുതിയോളം കൃഷിസ്ഥലവും ജൂൺ – സെപ്റ്റംബർ കാലയളവിലെ മഴയെയാണ് ആശ്രയിക്കുന്നത്.
നെല്ല് ഉൾപ്പെടെയുള്ള ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി, പച്ചക്കറികൾ തുടങ്ങിയവയുടെയെല്ലാം കൃഷി യഥാകാലം ആരംഭിക്കാൻ മഴ നേരത്തെ എത്തിയതു സഹായകമാകും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിനും ഉപഭോഗ വർധനയുണ്ടാകുന്നതിനും ഉപകരിക്കുന്ന വിളകളാണ് ഇവ.
രാജ്യത്തെ ആഭ്യന്തര മൊത്ത ഉൽപാദനത്തിൽ (ജിഡിപി) കാർഷിക സമ്പദ്‌വ്യവസ്ഥയുടെ സംഭാവന 20 ശതമാനത്തിലേറെയാണെന്ന് എസ്ബിഐയുടേതുൾപ്പെടെയുള്ള ഗവേഷണ റിപ്പോർട്ടുകളിൽനിന്നു മനസ്സിലാക്കാം. നല്ല കാലവർഷം ജിഡിപിയിൽ 3% വർധനയ്ക്കാണ് ഇടയാക്കുക.
English Summary:
The Economics of Rain: Each raindrop enriches the country’s economy. A good monsoon leads to improved agricultural production, controlled food inflation, increased electricity production, and boosts the rural economy.
mo-environment-monsoon mo-business-economy 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list vasudeva-bhattathiri 78dqpmlkj6gjb85tfqfrn56b90