
കാട്ടാനയ്ക്കെന്ത് പ്രസിഡന്റ്! ചാലിയാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പുരയിടത്തിലെ കൃഷി കാട്ടാന നശിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അകമ്പാടം ∙ ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.മനോഹരന്റെ പുരയിടത്തിൽ കാട്ടാന കയറി വിളകൾ നശിപ്പിച്ചു. എച്ച് ബ്ലോക്ക് നഗറിൽ വീടിനോട് ചേർന്നുള്ള തെങ്ങ്, വാഴ, ഔഷധച്ചെടികൾ എന്നിവയാണ് നശിപ്പിച്ചത്. അയൽവാസികളായ രാധിക, പ്രിയ എന്നിവരുടെ തെങ്ങുകൾ വാഴകൾ നശിപ്പിച്ചു. 30ന് രാത്രിയാണ് സംഭവം.പന്തീരായിരം വനത്തിൽനിന്നാണ് ആനകൾ എത്തിയത്. വീട്ടുമുറ്റത്ത് വരെ ആനകൾ എത്തുന്നതിനാൽ പഞ്ചായത്തിൽ രാത്രിയായാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഗുരുതര പ്രശ്നത്തിൽ വനം വകുപ്പ് ഉദാസീനത പുലർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്ക്
വഴിക്കടവ്∙ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു പരുക്ക്. പുഞ്ചക്കൊല്ലി ഊരിലെ മാതന്റെ മകൻ സതീഷ് (28) ആണ് കാട്ടാനയുടെ ആക്രണണത്തിനിരയായത്. ഇയാളെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ ഊരിനു സമീപം വനത്തിൽ വച്ചാണ് സംഭവം. കൂട്ടുകാരൻ ഗിരീഷുമൊത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ പോവുന്നതിനിടയിൽ ഒറ്റയാന്റെ മുൻപിൽ പെടുകയായിരുന്നു. ഓടുന്നതിനിടയിൽ ആന ചവിട്ടുകയായിരുന്നുവെന്ന് സതീഷ് പറഞ്ഞു. കാലിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. ആദിവാസികളും വനപാലകരും ആനമറിയിൽ നിന്നെത്തിയ നാട്ടുകാരും ചേർന്നാണ് പുന്നപ്പുഴയിലെ പുഞ്ചക്കൊല്ലിക്കടവിലൂടെ ചങ്ങാടത്തിൽ ഇക്കരെ കടത്തി ആശുപത്രിയിലെത്തിച്ചത്. ഒരു മാസം മുൻപാണ് സമീപത്തെ പുഞ്ചക്കൊല്ലി ഊരിലെ നെടുമുടി (56) യെ കാട്ടാന ആക്രമിച്ചത്.
പരാക്രമം നടത്തിയ സ്ഥലങ്ങൾ എംഎൽഎ സന്ദർശിച്ചു
ചുങ്കത്തറ ∙ മുട്ടിക്കടവിൽ കാട്ടാനക്കൂട്ടം പരാക്രമം നടത്തിയ സ്ഥലങ്ങൾ ആര്യാടൻ ഷൗക്കത്ത് എംഎൽഎ സന്ദർശിച്ചു. കൃഷി നാശം സംഭവിച്ച കർഷകരുമായി ചർച്ച നടത്തിയ ശേഷം ഡിഎഫ്ഒയുമായി ബന്ധപ്പെട്ടു. സോളർ ഫെൻസിങ്ങോ മറ്റു പ്രതിരോധ സംവിധാനങ്ങളോ ഇല്ലാത്തതാണ് കാട്ടാനശല്യം രൂക്ഷമാക്കാൻ കാരണമെന്നും അടിയന്തരമയി നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കരിമ്പുഴ – മുട്ടിക്കടവ് – മുണ്ടപ്പാടം 7 കിലോമീറ്റർ വൈദ്യുതവേലി സ്ഥാപിക്കാൻ നടപടിയായിട്ടുണ്ടെന്നു ഡിഎഫ്ഒ അറിയിച്ചു. ജോസ് തറയത്ത്, സാബു കാഞ്ഞിരപ്പള്ളി, സണ്ണി കുന്നുംപുറം, ഹാൻസൻ പുലിപ്പറ, ഷിനോജ് വാണിയപ്പുരയ്ക്കൽ, കുഞ്ഞുമോൻ വാണിയപ്പുരയ്ക്കൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് നാശം വരുത്തിയത്. പൂച്ചക്കുത്ത് വനമേഖലയിൽ തമ്പടിച്ച ആനകൾ സിഎൻജി റോഡും പുന്നപ്പുഴയും കടന്നാണ് മുട്ടിക്കടവ് ജനവാസകേന്ദ്രങ്ങളിലെത്തുന്നത്.