
ഒരു രാജ്യം, ഒറ്റ നികുതി എന്ന ലക്ഷ്യവുമായി രാജ്യത്ത് പ്രാബല്യത്തിൽ വന്ന ചരക്കു-സേവന നികുതിക്ക് (ജിഎസ്ടി) ജൂലൈ ഒന്നിന് എട്ടാം ‘പിറന്നാൾ’. ഇതിനകം മൊത്തം ജിഎസ്ടി സമാഹരണം 2017-18ൽ നിന്ന് ഇരട്ടിച്ച് 22.1 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞമാസത്തെ (ജൂൺ) ജിഎസ്ടി പിരിവിന്റെ കണക്കുകളും കേന്ദ്രം പുറത്തുവിട്ടു.
ദേശീയതലത്തിൽ മൊത്തം സമാഹരണം 2024 ജൂണിലെ 1.73 ലക്ഷം കോടി രൂപയിൽ നിന്ന് 6.2% വർധിച്ച് 1.84 ലക്ഷം കോടി രൂപയായി. ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിലെ സമാഹരണത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം നേരിട്ടത് വലിയ ഇടിവ്. ഏപ്രിലിൽ റെക്കോർഡ് 2.36 ലക്ഷം കോടി രൂപയും മേയിൽ 2.01 ലക്ഷം കോടി രൂപയും ലഭിച്ചിരുന്നു.
കഴിഞ്ഞ മാസത്തെ സമാഹരണത്തിൽ 34,558 കോടി രൂപ കേന്ദ്ര ജിഎസ്ടിയും (സിജിഎസ്ടി) 43,268 കോടി രൂപ സംസ്ഥാന ജിഎസ്ടിയും (എസ്ജിഎസ്ടി) 93,280 കോടി രൂപ സംയോജിത ജിഎസ്ടിയുമാണ് (ഐജിഎസ്ടി). സെസ് ഇനത്തിൽ 13,491 കോടി രൂപയും പിരിച്ചെടുത്തു. 4 ഇനങ്ങളും 2024 ജൂണിനേക്കാൾ വർധിച്ചു. മേയിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ജിഎസ്ടിയാണ് ജൂണിൽ പിരിച്ചത്. നടപ്പുവർഷം ഏപ്രിൽ-മേയിൽ വ്യാവസായിക ഉൽപാദനം മന്ദഗതിയിലായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് ജിഎസ്ടി പരിവിനെ ബാധിച്ചിട്ടുണ്ട്. വ്യാവസായിക ഉൽപാദന സൂചികയുടെ (ഐഐപി) വളർച്ച 2024 ഏപ്രിൽ-മേയിലെ 5.7ൽ നിന്ന് 1.8 ശതമാനമായാണ് ഈ വർഷം കുറഞ്ഞത്.
കേരളത്തിനു തിളക്കം
ജൂണിൽ കേരളത്തിൽ നിന്നുള്ള ജിഎസ്ടി സമാഹരണം 9% ഉയർന്നു. 2024 ജൂണിലെ 2,618 കോടി രൂപയിൽ നിന്ന് 2,856 കോടി രൂപയായാണ് വർധന. അതേസമയം, ഏപ്രിലിലും (3,436 കോടി രൂപ), മേയിലും (3,210 കോടി രൂപ) കേരളത്തിന് 3,000 കോടി രൂപയ്ക്കുമേൽ ജിഎസ്ടി പിരിക്കാൻ കഴിഞ്ഞിരുന്നു. നടപ്പുവർഷം (2025-26) ഏപ്രിൽ-ജൂൺ കാലയളവിൽ സംസ്ഥാനത്തു നിന്നുള്ള ജിഎസ്ടി സമാഹരണം 12% ഉയർന്ന് 9,502 കോടി രൂപയുമായിട്ടുണ്ട്.
കേരളത്തിന്റെ ഈ വർഷം ഏപ്രിൽ-ജൂണിലെ സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം (പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി) 5% കുറഞ്ഞു. മുൻവർഷത്തെ സമാനകാലത്തെ 8,190 കോടി രൂപയിൽ നിന്ന് 7,816 കോടി രൂപയായാണ് കുറഞ്ഞത്. രാജ്യത്ത് കഴിഞ്ഞമാസത്തെ ജിഎസ്ടി സമാഹരണ വളർച്ചയിൽ കേരളം ഏറ്റവും മുൻനിരയിലുണ്ട്. വലിയ (മേജർ) സംസ്ഥാനങ്ങൾക്കിടയിൽ ഹരിയാന (10%), ബിഹാർ (12%) എന്നിവയാണ് മുന്നിലുള്ളത്. യുപി (-4%), ഗുജറാത്ത് (-1%) എന്നിവ വരുമാന നഷ്ടം കുറിച്ചു.
ജിഎസ്ടിയിൽ ഏറ്റവുമധികം പങ്കുവഹിക്കുന്നത് മഹാരാഷ്ട്രയാണ്. 6% വളർച്ചയുമായി കഴിഞ്ഞമാസം മഹാരാഷ്ട്ര പിരിച്ചത് 30,553 കോടി രൂപ. വളർച്ചനിരക്കിൽ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പരിഗണിച്ചാൽ 71 ശതമാനവുമായി നാഗാലാൻഡ് ആണ് മുന്നിൽ.