റൗഡി ലിസ്റ്റിലുള്ള അഭിഭാഷകനെ പ്രോസിക്യൂട്ടറാക്കാൻ ശുപാർശ; തുടരന്വേഷണത്തിന് ഡിഐജിക്ക് കൈമാറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഭിഭാഷകനെ പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ്കുമാർ ശുപാർശ ചെയ്തെന്ന പരാതിയിൽ ഡിഐജി അജിതാ ബീഗം അന്വേഷണം നടത്തും. ആലപ്പുഴ ഡിവൈഎസ്പി എം.ആർ.മധുബാബുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ഈ പരാതി തുടരന്വേഷണത്തിനായി ഡിഐജിക്കു കൈമാറുകയായിരുന്നു. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്നാണു സൂചന. 2013ൽ അടൂരിൽ വസ്ത്രശാലയിൽ നടന്ന കൊലപാതകക്കേസിൽ വിചാരണ വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി മരിച്ചയാളുടെ സഹോദരനാണ് അപേക്ഷ നൽകിയത്.
പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് 3 അഭിഭാഷകരുടെ പേരുകളാണ് വാദി ഭാഗം നൽകിയത്. ഈ പേരുകൾ അയയ്ക്കുക മാത്രമാണു ചെയ്തതെന്നാണു പൊലീസ് വാദം. എന്നാൽ ഇവർക്കെതിരെ കേസുകളുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നോ എന്ന ഭാഗമാകും ഡിഐജി അന്വേഷിക്കുക. അഭിഭാഷകരുടെ പട്ടികയിൽ നിന്ന് ഈ വർഷം മാർച്ചിൽ പ്രശാന്ത് വി.കുറുപ്പിനെ തിരഞ്ഞെടുത്ത് കോടതി ഉത്തരവിറങ്ങിയിരുന്നു. ഇതിന് സർക്കാർ അംഗീകാരം കൂടി ആവശ്യമാണ്. എന്നാൽ അഭിഭാഷകരുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്നതിനെ തുടർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ സ്വീകരിച്ചിട്ടില്ല.
2013ലെ കൊലക്കേസിൽ തുടക്കത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ആർ.മധുബാബു പ്രതികളെ സഹായിച്ചതിനെ തുടർന്ന് അന്വേഷണത്തിൽ നിന്നു മാറ്റിയ വ്യക്തിയാണെന്നും തെളിവു നശിപ്പിച്ചതിനു നടപടി നേരിടുമെന്നു കണ്ടാണ് ഇത്തരത്തിൽ പരാതി നൽകിയതെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാർത്താ കുറിപ്പിറക്കിയിരുന്നു. എസ്പിയുമായി 2009 മുതൽ പ്രശ്നങ്ങളുണ്ടെന്നും മധുബാബു പരാതിയിൽ പറയുന്നുണ്ട്. എന്നാൽ തനിക്കെതിരായ 15 കേസുകളിൽ മിക്കവയും കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് മധുബാബു കെട്ടിച്ചമച്ചതാണെന്നാണ് അഭിഭാഷകനായ പ്രശാന്ത് വി.കുറുപ്പിന്റെ ആരോപണം.