
ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ, വൻ സുരക്ഷാ ഭീഷണി; ഒരു വാഹനത്തിനു മാത്രം കടന്നു പോകാനാകും വിധം റോഡ് ചുരുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ വൻ സുരക്ഷാ ഭീഷണി ഉയർത്തി, നിർമാണത്തിനിടെ ദേശീയപാതയിൽ മണ്ണിടിച്ചിൽ. കല്ലുംതാഴം ജംക്ഷനു സമീപം 6 മാസം മുൻപ് മണ്ണ് ഇടിഞ്ഞിറിങ്ങിയ അതേ സ്ഥലത്ത് ഇന്നലെ സന്ധ്യയ്ക്കു വീണ്ടും മണ്ണ് ഇടിച്ചിലുണ്ടായി. ഒരു മാസം മുൻപ് ഇതിനു സമീപം മറ്റൊരിടത്തും മണ്ണ് ഇടിഞ്ഞ് അപകടമുണ്ടായിരുന്നു.ഇന്നലെ വീണ്ടും മണ്ണിടിഞ്ഞതോടെ, ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ മാത്രമായി റോഡ് ചുരുങ്ങി. ഇതോടെ അപകട ഭീഷണിയും ഉയരുന്നു. കല്ലുംതാഴം മേൽപാലത്തിനും റെയിൽവേ പാലത്തിനു ഇടയിലാണു മണ്ണ് ഇടിഞ്ഞിറങ്ങിയത്. മേൽപാലത്തിന്റെ അനുബന്ധ റോഡ് നിർമിക്കാൻ 10 അടിയിലേറെ മണ്ണിട്ട് ഉയർത്തിയ റോഡിൽ പാർശ്വ ഭിത്തി നിർമിക്കുന്നതിനായി മണ്ണു മാന്തി യന്ത്രം കൊണ്ടു കുഴിയെടുത്തപ്പോഴാണ് മണ്ണ് ഇടിഞ്ഞിറങ്ങിയത്.
നേരത്തെ റോഡ് തകർന്ന അതേ സ്ഥലത്ത് വീണ്ടും കുഴിയെടുത്തപ്പോൾ മണ്ണ് ഇടിയാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാതിരുന്നതാണു കാരണമെന്നു പറയുന്നു.റെയിൽവേ മേൽപാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ ഒരു വരിയിലൂടെയാണു കടന്നുപോകുന്നത്. വാഹനങ്ങൾ കടന്നു പോകുന്ന ഒറ്റവരി പാതയുടെ പകുതിയോളം വീതിയിൽ മണ്ണ് ഇടിഞ്ഞിറങ്ങി.ഭാരമുള്ള വലിയ വാഹനം കടന്നു പോകുമ്പോൾ ഇനിയും മണ്ണിടിച്ചിൽ ഉണ്ടായാൽ അപകടം ഉണ്ടാകും.ഇവിടെ സർവീസ് റോഡ് ഇല്ലാത്തതിനാൽ പ്രധാന പാതയിലൂടെയാണ് എല്ലാ വാഹനങ്ങളും കടന്നു പോകുന്നത്.പൊലീസും കരാർ സ്ഥാപനത്തിലെ ജീവനക്കാരും ചേർന്നു വാഹന ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും തെരുവുവിളക്കോ മറ്റു വെളിച്ചമോ ഇല്ലാത്തതു രാത്രി വാഹനങ്ങൾക്കു ഭീഷണിയാണ്.