
സാധനങ്ങൾ, പ്രത്യേകിച്ച് ഭക്ഷ്യസാമഗ്രികൾ പായ്ക്കുചെയ്യുന്നതിനുള്ള ഫലപ്രദമായ രീതിയാണു പൗച്ച് പാക്കിങ്. വ്യത്യസ്തങ്ങളായ ഉൽപന്നങ്ങൾ പായ്ക്കുചെയ്യുന്നതിനു വ്യത്യസ്തങ്ങളായ പൗച്ച് പായ്ക്കറ്റുകൾ, അതാണ് സജീഷിന്റെ ഉൽപന്നം.
പാലക്കാട് ഷോർണൂരിൽ ‘ഐഡിയൽ പ്രിന്റിങ് ആൻഡ് പാക്കേജിങ് സൊല്യൂഷൻസ്’ എന്ന പേരിലാണ് സംരംഭം നടത്തുന്നത്.
എന്താണ് ബിസിനസ്?
ഫ്ലെക്സോ പ്രിന്റിങ്ങിലൂടെ ഉൽപന്നങ്ങൾ പായ്ക്കു ചെയ്തു വിൽക്കുന്നതിനുള്ള കവറുകൾ നിർമിച്ചു വിതരണം ചെയ്യന്നു. ഭക്ഷ്യ ഉൽപന്നങ്ങളുടെ പാക്കേജിങ്ങിന് ഉപയോഗിക്കുന്ന കവറുകളാണു പ്രധാനമായും നിർമിക്കുന്നത്. ഉൽപന്നത്തിന്റെ സ്വഭാവം അനുസരിച്ചു വ്യത്യസ്ത ഗ്രേഡിലുള്ള പ്ലാസ്റ്റിക് ഷീറ്റുകളുപയോഗിച്ചു വിവിധ അളവുകളിലും ഡിസൈനുകളിലും കളറുകളിലും പൗച്ചുകൾ നിർമിക്കുന്നുണ്ട്.
എന്തുകൊണ്ട് ഈ സംരംഭം?
പ്രിന്റിങ് ടെക്നോളജിയിൽ ഡിപ്ലോമ നേടിയശേഷം 10 വർഷം ഗൾഫിൽ ജോലിചെയ്ത പരിചയം സജീഷിനു മുതൽക്കൂട്ടായി. കേരളത്തിൽ പൗച്ച് പായ്ക്കറ്റുകളുടെ ഡിസൈനിങ്ങും പ്രിന്റിങ്ങും കുറവാണെന്നും മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളില്ലെന്നും മനസ്സിലാക്കിയാണ് ഈ മേഖലയിലേക്കെത്തുന്നത്. മാത്രമല്ല ആവശ്യക്കാർ ശിവകാശിയിലെസ്വകാര്യസ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും കണ്ടെത്തി. കൂടുതൽ പഠിച്ചപ്പോൾ ശിവകാശിയില്നിന്നുള്ളതിനെക്കാൾ മികച്ച കവറുകൾ കുറഞ്ഞ വിലയിൽ ഇവിടെ നിർമിക്കാൻ കഴിയുമെന്നു സജീഷിനു ബോധ്യപ്പെട്ടു. അങ്ങനെയാണ് 7 വർഷം മുൻപ് സ്ഥാപനം തുടങ്ങുന്നത്.
പ്രവർത്തനം ശ്രദ്ധയോടെ
സ്ഥാപനങ്ങളിൽ ചെന്നു നേരിട്ടാണ് ഓർഡറുകൾ ശേഖരിക്കുന്നത്. ഇതിനായിമാത്രം അഞ്ചു ജീവനക്കാരുണ്ട്. ആദ്യം കവറുകൾ ഡിസൈൻ ചെയ്ത് ഓർഡർ നൽകിയ സ്ഥാപനത്തിന്റെ അംഗീകാരം വാങ്ങുന്നു, ശേഷം സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു ഡിസൈൻ പ്രകാരമുള്ള സിലിണ്ടറുകൾ വാങ്ങും. ഈ സിലിണ്ടറിന്റെ സഹായത്തോടെയാണ് പ്രിന്റിങ്. പൗച്ചുകൾ ഓർഡർ ചെയ്ത സ്ഥാപനങ്ങൾക്ക് എത്തിച്ചുനൽകുകയും ചെയ്യും. കവറുകളുടെ ഡിസൈനിങ്ങിനായി നാലു ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്.
മുഖ്യ അസംസ്കൃത വസ്തു പ്ലാസ്റ്റിക് ഷീറ്റ്
പൗച്ച് പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന മുഖ്യ അസംസ്കൃത വസ്തു പ്ലാസ്റ്റിക് ഷീറ്റാണ്. ഇവ റോൾ ആയി തൃശൂർ വ്യവസായ എസ്റ്റേറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽനിന്നാണു വാങ്ങുന്നത്. ഇവ സുലഭമായി ലഭിക്കുമെന്നു മാത്രമല്ല ക്രെഡിറ്റും കിട്ടും.
വെർജിൻ ഗ്രാന്യൂൾസ്കൊണ്ടുള്ള ഷീറ്റുകൾ മാത്രമാണു വാങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിലകുറഞ്ഞ ഷീറ്റുകൾ ലഭിക്കുമെങ്കിലും അതു പഴയ പ്ലാസ്റ്റിക് പൊടിച്ച ഗ്രാന്യൂളുകളാകാം എന്നതിനാൽ വാങ്ങാറില്ല.
ഭക്ഷ്യ ഉൽപന്നങ്ങൾ പായ്ക്കുചെയ്യാൻ വെർജിൻ ഷീറ്റുകൾതന്നെ വേണം. മറ്റൊരു പ്രധാന അസംസ്കൃത വസ്തുവായ പ്രിന്റിങ് ഇങ്കും സുലഭമായിലഭിക്കും.
തുടക്കം ഒരു മെഷീനിൽ
ഒരേയൊരു ഫ്ലെക്സോ പ്രിന്റിങ് മെഷീനിലായിരുന്നു തുടക്കം. ഇപ്പോൾ 3 സെറ്റ് പ്രിന്റിങ് മെഷീനുകൾ അടക്കം 40 ലക്ഷം രൂപയുടെ മെഷീനറികൾ സ്ഥാപനത്തിലുണ്ട്. കട്ടിങ് മെഷീൻ, സീലിങ് മെഷീൻ, ഫോൾഡേഴ്സ് മെഷീൻ, പഞ്ചിങ് മെഷീനുകൾ എന്നിവയെല്ലാം അടക്കമാണിത്.
കേരള സർക്കാരിന്റെ വ്യവസായ എസ്റ്റേറ്റിലെ 10 സെന്റിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. 11തൊഴിലാളികളാണുള്ളത്. ഭാര്യ ഗ്രീഷ്മ സംരംഭത്തിൽ സഹായിയായുണ്ട്. രണ്ടു മക്കളാണ് സജീഷിന്. ഇരുവരും സ്കൂൾ വിദ്യാർഥികളാണ്.
സ്ഥാപനങ്ങളാണ് കസ്റ്റമേഴ്സ്
വിപണി തേടി ഏറെ അലയേണ്ടതില്ല എന്നതാണ് സംരംഭത്തിന്റെ പ്രധാന നേട്ടം. ഒരിക്കൽ ഓർഡർ ലഭിച്ചാൽ അതു സ്ഥിരമായി ലഭിക്കും.
മേന്മകൾ
∙ വെർജിൻ മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു
∙ മികച്ച ഡിൈസൻ (സ്ഥിരം ഡിസൈനർമാർ)
∙ മികച്ച കളർ പ്രിന്റിങ്
∙ കുറഞ്ഞത് 10% എങ്കിലും വിലക്കുറവ്
∙ കൃത്യസമയത്തു ഡെലിവറി
പോരായ്മകൾ
∙ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം
∙ ഇലക്ട്രിസിറ്റിയിലെ തടസ്സങ്ങൾ
∙ ക്രെഡിറ്റ് കച്ചവടം
∙ പഴയ പ്ലാസ്റ്റിക്കൊണ്ടുള്ള ഉൽപന്നങ്ങളുമായുള്ള മത്സരം
ശരാശരി 20–25 ലക്ഷം രൂപയുടെ ബിസിനസാണ് പ്രതിമാസം നടക്കുന്നത്. 10 മുതൽ 20% വരെയാണ് ബിസിനസിൽനിന്നു ലഭിക്കുന്ന അറ്റാദായം.
60 ലക്ഷത്തിന്റെ പുതിയ മെഷീനറി നിർമാണശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച ഒരു ഓട്ടമാറ്റിക് മെഷീൻ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് സജീഷ്. ഫ്ലെക്സോ ലാമിനേറ്റഡ് കവർ പ്രിന്റിങ് & സീലിങ് മെഷീൻ സ്ഥാപിക്കുന്നതോടെ ഉൽപാദനം ഇരട്ടിയിലധികം ഉയർത്താൻ കഴിയും. ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ മെഷീനറി പ്രവർത്തനക്ഷമമാകും.
പുതുസംരംഭകർക്ക്
പാക്കേജിങ് രംഗത്തു വലിയ സാധ്യതകളാണുള്ളത്. വികസിത രാജ്യങ്ങളിൽ പാക്കേജിങ് ഇൻഡസ്ട്രിയുടെ പങ്ക് അഞ്ചു ശതമാനത്തിൽ കൂടുതലാണെങ്കിൽ കേരളത്തിൽ ഇത് ഒരു ശതമാനത്തിനു താഴെയാണ്. പുതുസംരംഭകർക്ക് ഫ്ലെക്സോ പ്രിന്റിങ് രംഗത്തേക്കു വരാൻ 20 ലക്ഷം രൂപയുടെ നിക്ഷേപം മതിയാകും. 5 ലക്ഷം രൂപയുടെ വർക്ക് ചെയ്താൽപോലും ഒരു ലക്ഷം രൂപ ലാഭമുണ്ടാക്കാം. മൂന്നുേപർക്കു തൊഴിലും നൽകാം.
ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പിന്റെമുൻ ഡെപ്യൂട്ടി ഡയറക്ടറാണ്
ജൂൺ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.