
‘എന്നെ ബലാത്സംഗം ചെയ്യുന്നത് ആ രണ്ടുപേർ നോക്കിനിന്നു; അവന്റെ കാലുപിടിച്ചു പറഞ്ഞിട്ടും വിടാൻ തയ്യാറായില്ല’
കൊൽക്കത്ത∙ ബംഗാളിൽ കോളജ് വിദ്യാർഥിനി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിഷേധം വ്യാപകം. അതിനിടെ പെൺകുട്ടി നൽകിയ പരാതിയിലെ വിവരങ്ങൾ പുറത്തുവന്നു.
ബുധനാഴ്ച രാത്രി നഗരത്തിലെ സൗത്ത് കൊൽക്കത്ത ലോ കോളജിലെ ഗാർഡ് റൂമിൽ വച്ചാണ് 24കാരിയായ വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായത്. കേസിലെ മൂന്നാംപ്രതി തന്നെ ബലാത്സംഗം ചെയ്യുന്നത് മറ്റ് രണ്ടുപേർ നോക്കിനിന്നെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ജെ,എം,പി എന്നിങ്ങനെയാണ് പ്രതികളുടെ പേരുകൾ പരാതിയിൽ പറയുന്നത്.
വ്യാഴാഴ്ച വൈകുന്നേരം നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ.
‘‘തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗത്തിന്റെ യോഗത്തിന് ശേഷം രാത്രി 7.30ന് ‘ജെ’, ‘എം’, ‘പി’ എന്നീ പുരുഷന്മാർ തന്നെ വളഞ്ഞു. തുടർന്ന് ‘എം’, ‘പി’ എന്നിവർ ചേർന്ന് തന്നെ ‘ജെ’ യ്ക്കൊപ്പം ഒരു മുറിയിൽ പൂട്ടിയിട്ടു.
അയാൾ എന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഞാൻ കരഞ്ഞുകൊണ്ട് അവന്റെ കാലു പിടിച്ചു പറഞ്ഞു എന്നെ വിടാൻ.
പക്ഷേ അവൻ തയ്യാറായില്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവൻ എന്നെ നിർബന്ധിച്ചു.
ഞാൻ അവനെ പിന്നിലേക്ക് തള്ളിക്കൊണ്ടിരുന്നു. എനിക്കിത് ചെയ്യാൻ കഴിയില്ല, എനിക്ക് ഒരു കാമുകനുണ്ട്, ഞാൻ അവനെ സ്നേഹിക്കുന്നു എന്നും അയാളോട് ഞാൻ പറഞ്ഞു.
ഞാൻ പരിഭ്രാന്തിയിലായി.’’ – ഇരയായ പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
‘‘പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു.
ഇൻഹേലറിനായി ഞാൻ യാചിച്ചു. അപ്പോൾ ‘ജെ’ പുറത്തുനിന്നിരുന്ന ‘എം’, ‘പി’ എന്നിവരെ അകത്തേക്ക് വിളിച്ചു.
പക്ഷേ അവർ എന്നെ സഹായിച്ചില്ല. പിന്നെയും ഞാൻ അവരോട് ഒരു ഇൻഹേലറിനായി യാചിച്ചു.
ഒടുവിൽ ‘എം’ കൊണ്ടുവന്നു. ഇൻഹേലർ ഉപയോഗിച്ചപ്പോഴാണ് ആശ്വാസമായത്.
തുടർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ഞാൻ ശ്രമിച്ചെങ്കിലും അവരെല്ലാവരും കൂടി എന്നെ പിടികൂടി. തുടർന്ന് ജെ എന്നെ ബലാത്സംഗം ചെയ്തു.
ഞാൻ തിരിച്ചടിച്ചപ്പോൾ, അവൻ എന്നെ ബ്ലാക്ക് മെയിൽ ചെയ്തു. ‘എം’, ‘പി’ എന്നിവർ ഇതെല്ലാം നോക്കിനിന്നു.’’ – പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
‘‘ലൈംഗികാതിക്രമം തുടരുന്നതിനിടയിൽ എന്റെ തലയിൽ ഹോക്കി സ്റ്റിക്ക് കൊണ്ട് അവർ അടിച്ചു. സംഭവം ആരോടും പറയരുതെന്നും അവർ ഭീഷണിപ്പെടുത്തി.
‘എം’ കോളജിലെ തൃണമൂൽ ഛത്ര പരിഷത്തിന്റെ യൂണിറ്റ് തലവനാണ്. അയാൾക്ക് ഉന്നത ബന്ധങ്ങളുണ്ട്.
പക്ഷേ ഇന്ന് ഞാൻ തീരുമാനിച്ചു. എനിക്ക് നീതി വേണം.
ഒരു നിയമ വിദ്യാർത്ഥിനിയായ ഞാൻ ഇപ്പോൾ ഒരു ഇരയാണ്. എത്രയും വേഗം നീതി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’ – യുവതി പൊലീസിനോട് പറഞ്ഞു.
അതേസമയം കേസിൽ മുഖ്യപ്രതിയായ മനോജിത് മിശ്ര തൃണമൂലിന്റെ യുവജന വിഭാഗവുമായി ബന്ധമുള്ളയാളാണെന്ന് ബിജെപി ആരോപിക്കുന്നത്. തൃണമൂൽ കോൺഗ്രസ് പ്രതിയെ സംരക്ഷിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ അരികിൽ പ്രതിയായ മനോജ് മിശ്ര നിൽക്കുന്നതിന്റെ ചിത്രങ്ങളും ബിജെപി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. മുഖ്യപ്രതിക്ക് തങ്ങളുടെ യുവജന വിഭാഗവുമായി ബന്ധമുണ്ടെന്ന് തന്നെയാണ് തൃണമൂൽ നേതൃത്വം പറയുന്നത്.
പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
വിദ്യാർത്ഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതികളിലൊരാളായ മനോജിത് മിശ്രയ്ക്ക് തൃണമൂൽ എംപി അഭിഷേക് ബാനർജി, കൗൺസിലർ കജാരി ബാനർജി (മമത ബാനർജിയുടെ സഹോദരഭാര്യ) എന്നിവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് ബിജെപിയുടെ അമിത് മാളവ്യ നേരത്തെ ആരോപിച്ചിരുന്നു.
ബംഗാളിൽ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ ബംഗാൾ സ്ത്രീകൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നുമാണ് അമിത് മാളവ്യ പറഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]