
ഇന്റർനെറ്റ് അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ് ഫോം മാത്രം ഉപയോഗിച്ച് വിവരങ്ങളറിയുന്ന ഇന്ത്യക്കാരുടെ എണ്ണം 2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ 23 ശതമാനം ഉയർന്നതായി കണക്കുകൾ. അതായത് ഏകദേശം നാലിൽ ഒന്ന് ഇന്ത്യക്കാർ വിവരങ്ങളറിയുന്നതിനും തങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുമൊക്കെ ഇപ്പോൾ ഇന്റർനെറ്റ് അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ് ഫോമുകളെയാണ് ആശ്രയിക്കുന്നതെന്ന വിവരം പുറത്തു വിട്ടത് കാന്തർ മീഡിയ നടത്തിയ ഇന്ത്യക്കാരുടെ ഡിജിറ്റൽ ഉപഭോഗ രീതികളെക്കുറിച്ചുള്ള പഠനറിപ്പോർട്ടിലാണ്.
രാജ്യത്തെ 87,000 ഉപഭോക്താക്കളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. പ്രായം, ആൺ–പെൺ വ്യത്യാസം, ഏത് സ്ഥലം എന്നീ വ്യത്യാസമില്ലാതെ നടത്തിയ പഠനത്തിൽ ഡിജിറ്റൽ ഉപഭോഗമേറുന്നതായാണ് കാണിക്കുന്നത്. 2023ൽ സമാന പഠനം നടത്തിയതിൽ 15 ശതമാനം വളർച്ചയായിരുന്നു ഉണ്ടായിരുന്നത്.
ഡിജിറ്റലാകുന്നു ആളുകൾ
ഇന്റർനെറ്റ് ലഭ്യത ഏറിയത്, താങ്ങാവുന്ന ചെലവിലുള്ള സ്മാർട്ട് ഫോൺ ലഭ്യത, കുറഞ്ഞ മൊബൈൽ താരിഫ് ഇവയൊക്കെ ആളുകൾ കൂടുതലും ഡിജിറ്റലാകുന്നതിന് പിൻബലമേകുന്ന ഘടകങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ അടിത്തറ പാകുന്ന ഈ രീതി ഇ കൊമേഴ്സ് കമ്പനികളെയും സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളെയും ഇന്ത്യക്കാർക്കിണങ്ങുന്ന തന്ത്രങ്ങൾ ഒരുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
ഗ്രാമങ്ങളിൽ പിടിമുറുക്കി വമ്പന്മാർ
ആഗോള റീട്ടെയ്ൽ വമ്പനായ വാൾമാർട്ട് ഫ്ലിപ്പ്കാർട്ടിനെയും, ജാപ്പനീസ് കമ്പനിയായ സോഫ്റ്റ് ബാങ്ക് മീഷോയെയും ഏറ്റെടുത്ത് വമ്പൻ ചുവട് വയ്പ്പുകൾ നടത്തുന്നതും ഇന്ത്യൻ ഗ്രാമങ്ങളെ വളയുന്നത് മനസിൽ കണ്ടുകൊണ്ടാണ്.
കഴിഞ്ഞ ദിവസം ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റായ സ്റ്റാർ ലിങ്കിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചതോടെ രംഗം ഇനിയും കൊഴുക്കുമെന്നാണ് വിലയിരുത്തൽ.
ഇ കൊമേഴ്സ് വിപണിലെ ഉൽപ്പന്നങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കുന്നുവെന്നത് മാത്രമല്ല ഇഷ്ടമുള്ളതെന്തും വിലക്കുറവിൽ ലഭിക്കുമെന്നതും ഗ്രാമങ്ങളിൽപ്പോലും ഇത്തരം ഉൽപ്പന്നങ്ങളെ ജനപ്രിയമാക്കുന്നു. ഒടിടി പ്ലാറ്റ് ഫോമുകൾ പോലും ഇത്തരത്തിൽ ഗ്രാമീണ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മൊബൈൽ ഒണ്ലി പ്ലാറ്റ്ഫോമുകൾ അവതരിപ്പിക്കുകയാണിപ്പോൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
India’s digital landscape is experiencing a dramatic transformation. With a 23% increase in internet users in Q1 2025 (Kantar Media), global giants like Starlink, Walmart, and SoftBank are investing heavily in rural India. Affordable smartphones and increased internet access are fueling this growth.