
‘വെറും ജയരേഖയല്ല, വിജയരേഖ’: സ്വപ്നത്തിലേക്ക് അടുത്ത് ജയരേഖ
വണ്ടൂർ ∙ ഇതു വെറും ജയരേഖയല്ല, വിജയരേഖയാണ്. കുട്ടിക്കാലത്തു വക്കീലാവാൻ ആഗ്രഹിച്ചത്, 55–ാം വയസ്സിൽ എൽഎൽബി പ്രവേശനം നേടി യാഥാർഥ്യമാക്കാനുള്ള ഒരുക്കത്തിലാണു തിരുവാലി പുന്നപ്പാല പടവെട്ടി ജയരേഖ.
കേരള നിയമ പ്രവേശന പരീക്ഷയിൽ (കെഎൽഇഇ) 852–ാം റാങ്ക് നേടിയാണു ജയരേഖ എൽഎൽബി പഠനത്തിനൊരുങ്ങുന്നത്. പഠിക്കാൻ മിടുക്കിയായിരുന്ന ജയരേഖ പത്താംക്ലാസിൽ ഫസ്റ്റ് ക്ലാസോടെയാണു ജയിച്ചത്.
മമ്പാട് എംഇഎസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ വിവാഹിതയായി. അതോടെ വീട്ടമ്മയുടെ തിരക്കുകളായി.
അതിനിടയിൽ പ്രീപ്രൈമറി അധ്യാപക പരിശീലനം നേടി കുട്ടികൾക്കു ട്യൂഷനെടുത്തു. മക്കളുടെ പഠനമുൾപ്പെടെ തിരക്കുകൾക്കിടയിൽ സ്വന്തം പഠനം തുടരാൻ സമയം കിട്ടാതായി.
എങ്കിലും മനസ്സിലെ ‘വക്കീൽ മോഹം’ ഉപേക്ഷിച്ചില്ല. പഠനമൊക്കെ കഴിഞ്ഞു മക്കൾ വിദേശത്തു ജോലികിട്ടി പോയപ്പോൾ തിരക്കുകൾ കുറഞ്ഞു.
അപ്പോഴാണു വീണ്ടും പഠിക്കണമെന്ന ആഗ്രഹം തലപൊക്കിയത്. തപാൽ വകുപ്പിൽനിന്നു വിരമിച്ച, ഭർത്താവ് പേലേപ്പുറത്ത് പേരൂർ സോമരാജനോട് ഇക്കാര്യം പറഞ്ഞപ്പോൾ കട്ടയ്ക്കു കൂടെ നിന്നു.
യുകെയിൽ നഴ്സായ മകൾ ചിത്രയും ബഹറിനിൽ മെഡിക്കൽ ടെക്നിഷ്യനായ മകൻ വിഷ്ണുവും മരുമകൻ കൃഷ്ണകുമാറും ജയരേഖയുടെ പഠനമോഹത്തിനൊപ്പമുണ്ട്. അവരുടെയെല്ലാം പ്രോത്സാഹനം കൂടിയായപ്പോഴാണു നിയമപ്രവേശന പരീക്ഷയ്ക്കു തയാറെടുത്തത്. നല്ലവണ്ണം പഠിച്ചെഴുതി റാങ്കിലിടം പിടിക്കുകയും ചെയ്തു.
നല്ല ഒരു കോളജിൽ ഉടൻ പ്രവേശനം നേടി എൽഎൽബി പഠനം തുടങ്ങും. ജീവിതത്തിരക്കിനിടയിൽ ‘അൽപം’ വൈകിയ വക്കീൽക്കുപ്പായം എടുത്തണിഞ്ഞു ‘യെസ് യുവർ ഓണർ’ പറയുന്ന നാളിനായാണ് ഇനിയുള്ള കാത്തിരിപ്പ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]